ഗുണമേന്മയുള്ള ഉത്പന്നങ്ങളുമായി കുടുംബശ്രീ മേള

Posted on: September 10, 2013 10:56 am | Last updated: September 10, 2013 at 10:56 am

കോഴിക്കോട്: ഗുണമേന്മയുള്ള ഉത്പന്നങ്ങളുമായി കുടുംബശ്രീ മേളക്ക് തുടക്കമായി. മുതലക്കുളം മൈതാനിയില്‍ കോര്‍പറേഷന്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മേളയില്‍ വിവിധ കുടുംബശ്രീ യൂനിറ്റുകളിലെ സ്ത്രീകള്‍ തയ്യാറാക്കിയ ഉത്പ്പന്നങ്ങളാണുള്ളത്. കിഴക്കോത്ത് പവിത്രം കുടുംബശ്രീ യൂനിറ്റിന്റെ സ്റ്റാളില്‍ നാടന്‍ കൂവപൊടി, പനപ്പൊടി, കമ്പപൊടി, അവില്‍ എന്നിവ ലഭിക്കും. കൂവപൊടി 400 ഗ്രാമിന് 400 രൂപയും പനപ്പൊടിക്ക് 100 രൂപയുമാണ് വില. ചെറുവണ്ണൂര്‍ നിര്‍മ്മാല്യം ഗോള്‍ഡിന്റെ സ്റ്റാളില്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തില്‍ തീര്‍ത്ത വള, കമ്മല്‍, ചെയിന്‍ എന്നിവ ലഭിക്കും. 25 രൂപ മുതല്‍ 600 രൂപ വരെയാണ് ആഭരണങ്ങളുടെ വില. പ്രതിഭ വേങ്ങേരിയുടെ സ്റ്റാളില്‍ ചെമ്പരത്തി ലിക്വിഡ്, ചക്ക ജാം, വിവിധ തരം ബാത്ത് സോപ്പുകള്‍, കുടകള്‍ എന്നിവ ലഭിക്കും. ചെമ്പരത്തി ലിക്വിഡ് 200 മില്ലിയ്ക്ക് 25രൂപയും ചക്ക ജാം 250 ഗ്രാമിന് 50 രൂപയും സോപ്പിന് 20 രൂപയും കുടക്ക് 235 രൂപയുമാണ് നിരക്ക്.
സ്ത്രീകളുടെ കൈപ്പുണ്യം തെളിയിക്കുന്ന വൈവിധ്യ രൂചികളിലുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ വിവിധ യൂനിറ്റുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. വളയനാട്ടെ നന്ദനം കുടുംബശ്രീ യൂനിറ്റിന്റെ സ്റ്റാളില്‍ കോഴി ബിരിയാണി, കപ്പ ബിരിയാണി, ദം ബിരിയാണി എന്നിവ ലഭിക്കും. ചിക്കന്‍ ബിരിയാണി പായ്ക്കറ്റിന് 100 രൂപയും കപ്പ ബിരിയാണിക്ക് 30 രൂപയും ദം ബിരിയാണിക്ക് 80 രൂപയുമാണ് വില. ഈ യൂനിറ്റിലെ സ്ത്രീകള്‍ വളയാട് കാറ്ററിംഗ് സര്‍വീസും നടത്തുന്നുണ്ട്. തനിമ മൂഴിക്കലിന്റെ സ്റ്റാളില്‍ ചട്ടിപ്പത്തിരി, ചിക്കന്‍പ്പത്തിരി, കല്ലുമ്മക്കായ, ഉന്നക്കായ, പഴംനിറച്ചത് എന്നിവയും പുതിയങ്ങാടി മുഹബ്ബത്തിന്റെ സ്റ്റാളില്‍ വിവിധതരം കട്ട്‌ലറ്റുകള്‍ പഴംപൊരികള്‍ എന്നിവയും ലഭിക്കും. ഫിഷറീസ് തീരമൈത്രിയുടെ സ്റ്റാളില്‍ വിവിധ തരം അച്ചാറുകള്‍, മത്സ്യ ഉത്പന്നങ്ങള്‍ എന്നിവ ലഭിക്കും. ചെമ്മീന്‍ റോസ്റ്റ് 30 ഗ്രാം 25 രൂപക്കും ഉണക്ക ചെമ്മീന്‍ 30 ഗ്രാം 20 രൂപക്കും ചെമ്മീന്‍ 100 ഗ്രാം 30 രൂപക്കും ഈ സ്റ്റാളില്‍ ലഭിക്കും. കുറുവ അരി അഞ്ച് കിലോഗ്രാം, ഒരു കിലോഗ്രാം പഞ്ചസാര, സാമ്പാര്‍പ്പൊടി, ചായപ്പൊടി, പപ്പടം, സേമിയ തുടങ്ങിയവ അടങ്ങിയ തീരമൈത്രിയുടെ ഓണക്കിറ്റ് 250 രൂപക്ക് സ്റ്റാളില്‍ കിട്ടും. ഓണ കിറ്റിനൊപ്പം 50 രൂപയുടെ ബിഗ് ഷോപ്പര്‍ ഫ്രീയായി ലഭിക്കും. വൈവിധ്യങ്ങളായ 46 സ്റ്റാളുകളാണ് കുടുംബശ്രീ മേളയിലുള്ളത്.
മേള കോര്‍പറേഷന്‍ മേയര്‍ പ്രൊഫ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പ്രൊഫ പി ടി അബ്ദുല്‍ലത്വീഫ് ആദ്യവില്‍പ്പന നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ കെ സത്യനാഥന്‍, ഷീജ വിനോദ്, വി പി ഷീജ, കെ ബീന, പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മാഈല്‍ സംസാരിച്ചു. മേള ഈ മാസം 14 വരെ നീണ്ടുനില്‍ക്കും.