ഉയരം കുറഞ്ഞ ഡിവൈഡറുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നു

Posted on: September 10, 2013 10:53 am | Last updated: September 10, 2013 at 10:53 am

കോഴിക്കോട്: പൂര്‍ണമായും തകര്‍ന്ന ദേശീയപാത മുതലക്കുളം- പാളയം ജി എച്ച് റോഡില്‍ ഉയരം കുറഞ്ഞ ഡിവൈഡറുകള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ചെറിയ വാഹനങ്ങള്‍ക്കാണ് ഇത് വലിയ കെണിയാകുന്നത്. ഡിവൈഡറുകളില്‍ തട്ടി ബൈക്കുകള്‍ നിയന്ത്രണം വിടുന്ന സംഭവങ്ങള്‍ ഇവിടെ പതിവ് കാഴ്ചയാണ്. ഈ ഭാഗത്തെ ഡിവൈഡറുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
പൊട്ടിയ ഡിവൈഡുറുകളില്‍ നിന്ന് പുറത്തുവന്ന കമ്പികളും മറ്റും വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായ റോഡായതിനാല്‍ ചെറിയ വാഹനങ്ങള്‍ ഡിവൈഡറുകളുടെ മുകളിലൂടെയാണ് മറ്റുവാഹനങ്ങളെ മറികടക്കുന്നത്. റോഡ് റീ ടാര്‍ ചെയ്തതോടെയാണ് ഡിവൈഡറുകളുടെ ഇയരം കുറഞ്ഞത്.
അതോടെ റോഡും ഡിവൈഡറും തമ്മിലുള്ള വ്യത്യാസം ഇല്ലാതായെന്നും വാഹനങ്ങള്‍ ഡിവൈഡറുകള്‍ക്ക് മുകളിലൂടെ കയറിയിറങ്ങുകയാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഡിവൈഡര്‍ തകര്‍ന്ന് പുറത്തുവന്ന കമ്പികളെങ്കിലും വേഗത്തില്‍ നീക്കം ചെയ്യണമെന്നാണ് നഗരവാസികളുടെ ആവശ്യം. ദേശീയപാതകളിലെ രണ്ടുവരി പാതകള്‍ക്ക് ഡിവൈഡറുകളുടെ ആവശ്യമില്ലെന്നാണ് ഇക്കാര്യത്തില്‍ അധികൃതരുടെ നിലപാട്.