Connect with us

Ongoing News

സര്‍ക്കാറിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് പി എസ് സി ചെയര്‍മാന്‍

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി റാങ്ക് പട്ടികയുടെ കാലാവധി നാലര വര്‍ഷമായി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറില്‍നിന്ന് ഔദ്യോഗികമായി കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍. കത്ത് ലഭിച്ചാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് കമ്മീഷനില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. സര്‍ക്കാറിന്റെ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കെ എസ് ആര്‍ ടി സി റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ 9,300 ഉദ്യോഗാര്‍ഥികള്‍ക്ക് ഓണത്തിനു മുമ്പ് നിയമന ശിപാര്‍ശ നല്‍കും. ഇത്രയും ഒഴിവുകള്‍ നിലവിലില്ല എന്ന കെ എസ് ആര്‍ ടി സിയുടെ വാദം അംഗീകരിക്കാനാവില്ല. അഡൈ്വസ് മെമ്മോ നല്‍കുന്നവര്‍ക്ക് നിയമനം നല്‍കാന്‍ കെ എസ് ആര്‍ ടി സി ബാധ്യസ്ഥരാണ്. റിസര്‍വ് കണ്ടക്ടര്‍മാരുടെ 9,393 ഒഴിവുകളുണ്ടെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതനുസരിച്ചാണ് അഡൈ്വസ് മെമ്മോ നല്‍കുന്നത്. പിന്നീട് ഒഴിവുകള്‍ കുറവാണെന്ന കെ എസ് ആര്‍ ടി സിയുടെ വാദം സ്വീകരിക്കേണ്ടതില്ല. സര്‍ക്കാറിനും ഇക്കാര്യത്തില്‍ പി എസ് സിയോട് ശിപാര്‍ശ ചെയ്യാനാകില്ല. അഡൈ്വസ് നല്‍കിയാല്‍ 45 ദിവസത്തിനകം കോര്‍പ്പറേഷന്‍ ജോലി നല്‍കിയിരിക്കണമെന്നാണ് ചട്ടം. ഡെപ്യൂട്ടി കലക്ടര്‍ തസ്തികയുടെ ഇന്റര്‍വ്യൂവിനുള്ള ചുരുക്കപ്പട്ടിക ഒക്ടോബറില്‍ പ്രസിദ്ധീകരിക്കും. 2934 ഉദ്യോഗാര്‍ഥികളാണ് ഡെപ്യൂട്ടി കലക്ടര്‍ മെയിന്‍ പരീക്ഷ എഴുതിയത്. 30 വിഷയങ്ങളുള്ള പരീക്ഷയുടെ മൂല്യനിര്‍ണയം കമ്പ്യൂട്ടര്‍ സഹായമില്ലാതെയാണ് നടത്തുന്നത്. വിദഗ്ധരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് മൂല്യനിര്‍ണയം വൈകിയത്. മൂല്യനിര്‍ണയത്തിന് മാത്രമായി 12 ലക്ഷം രൂപയാണ് പി എസ് സിക്ക് ചെലവായത്. പി എസ് സിയുടെ ജോലിഭാരം കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ അനുവദിക്കണമെന്ന് സര്‍ക്കാറിനോട് വീണ്ടും ആവശ്യപ്പെടും.

അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തലത്തിലാണ് ജീവനക്കാരെ ആവശ്യമുള്ളത്. സര്‍ക്കാറിനോട് ആവശ്യപ്പെട്ടതില്‍ പത്ത് ശതമാനം ജീവനക്കാരെ മാത്രമാണ് നല്‍കിയതെന്നും ചെയര്‍മാന്‍ പറഞ്ഞു.
സ്‌പെഷ്യല്‍ റൂളുകള്‍ രൂപവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ അനാസ്ഥ കാണിക്കുകയാണ്. 147 സ്‌പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കി നല്‍കണമെന്ന് പലതവണ സര്‍ക്കാറിനോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഇതുമൂലം റാങ്ക് ലിസ്റ്റുകള്‍ യഥാസമയം പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്ചയുണ്ടാകുന്നതായും ചെയര്‍മാന്‍ വ്യക്തമാക്കി.

 

Latest