രാസായുധങ്ങള്‍ അടിയറ വെച്ചാല്‍ ആക്രമണം വേണ്ടെന്നു വെക്കാം: കെറി

Posted on: September 10, 2013 5:12 am | Last updated: September 9, 2013 at 11:13 pm

ലണ്ടന്‍: സിറിയന്‍ പ്രതിസന്ധിക്ക് പുതിയ പരിഹാര നിര്‍ദേശവുമായി അമേരിക്ക. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് തന്റെ കൈവശമുള്ള രാസായുധം മുഴുവന്‍ ഒരാഴ്ചക്കകം അടിയറ വെക്കുകയാണെങ്കില്‍ ആക്രമണം ഒഴിവാക്കാമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. എന്നാല്‍ അസദ് അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ ഈ വാഗ്ദാനം ഗൗരവപൂര്‍ണമല്ലെന്നും കെറി പറഞ്ഞു. ആക്രമണത്തിന് പിന്തുണ തേടി ജോണ്‍ കെറി നടത്തിയ പര്യടനത്തിന്റെ ഭാഗമായി ലണ്ടനില്‍ എത്തിയപ്പോള്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗുമൊത്ത് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. ആക്രമണത്തിന് അന്താരാഷ്ട്ര പിന്തുണ നേടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ ശ്രമങ്ങള്‍ വിജയം കാണാതിരിക്കുകയും യു എസ് കോണ്‍ഗ്രസ് ഇതുസംബന്ധിച്ച പ്രമേയം ചര്‍ച്ചക്കെടുക്കയും ചെയ്യുന്ന സാഹചര്യത്തിലാണ് പരാമര്‍ശം. അതേസമയം, രാസായുധങ്ങള്‍ കൈവിടാന്‍ അസദ് തയ്യാറാകില്ലെന്ന് വിശദീകരിക്കാന്‍ വേണ്ടിയാണ് കെറി ഈ പരാമര്‍ശം നടത്തിയതെന്ന് യു എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാഷിംഗ്ടണില്‍ തിരച്ചെത്തിയതോടെ കെറി തന്നെ പരാമര്‍ശം വിഴുങ്ങുകയും ചെയ്തു. സിറിയയിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് ആക്രമിക്കുന്നതിനേക്കാള്‍ അപകടകരമാണെന്ന് അദ്ദേഹം വാഷിംഗ്ടണില്‍ പറഞ്ഞു. ആക്രമണ പദ്ധതിക്കെതിരെ ബ്രിട്ടീഷ് പാര്‍ലിമെന്റ് തീരുമാനമെടുത്തത് യു എസ്- ബ്രിട്ടന്‍ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ സംഘര്‍ഷത്തിന് സൈനിക നടപടി അനുയോജ്യമായ പരിഹാരമാണെന്ന് അമേരിക്ക കരുതുന്നില്ല. പക്ഷേ, സ്വന്തം ജനതയെ കൊന്നുകൊണ്ടിരിക്കുന്ന ഒരു ഭരണാധികാരിയുമായി എങ്ങനെ രാഷ്ട്രീയ ചര്‍ച്ച സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു.

പാരീസില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് ജോണ്‍ കെറി ലണ്ടനില്‍ എത്തിയത്. പാരീസില്‍ ഈജിപ്ത്, സഊദി അറേബ്യ വിദേശകാര്യ മന്ത്രിമാരുമായും അറബ് ലീഗ് അംഗങ്ങളുമായും കെറി ചര്‍ച്ച നടത്തിയിരുന്നു.