Connect with us

Kozhikode

രണ്ടാം മാറാട് കലാപം: ജീവപര്യന്തത്തിന് ശിക്ഷിച്ച 24 പ്രതികള്‍ക്ക് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച 24 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിചാരണക്കോടതി വെറുതെ വിടുകയും പിന്നീട് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തവര്‍ക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഇവരുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്ന സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതിയുടെ നടപടി.
മാറാട് വളരെ വൈകാരികമായ വിഷയമാണെന്നും അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാറിന്റെ ആദ്യ നിലപാട്. എന്നാല്‍ ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിച്ചതോടെ കര്‍ശന ഉപാധികള്‍ വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളെല്ലാം മാറാട്ടു നിന്നുളളവരാണെന്നും ഇവരെ അവിടെ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധി. എന്നാല്‍ ഇതും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഉപാധികള്‍ വേണമെങ്കില്‍ സര്‍ക്കാര്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
ആറ് മാസം മുമ്പ് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആറ് മാസത്തിന് ശേഷം പ്രതികള്‍ക്ക് ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാം മാറാട് കേസില്‍ 72 പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇവരിലെ 24 പേരെയാണ് ഹൈക്കോടതി പിന്നീട് ശിക്ഷിച്ചത്. 2003 മെയ് അഞ്ചിനാണ് രണ്ടാം മാറാട് കൂട്ടക്കൊല നടന്നത്. ഒമ്പത് പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.