Connect with us

Malappuram

മദ്‌റസകള്‍ക്കുള്ള ധനസഹായം: സംഘാടക സമിതിയുടെ പിരിവ് വിവാദത്തില്‍

Published

|

Last Updated

വണ്ടൂര്‍: മദ്‌റസാ നവീകരണ പദ്ധതിയുടെ ഭാഗമുള്ള ധനസഹായം സ്വീകരിക്കാനെത്തിയവരില്‍ നിന്ന് സംഘാടക സമിതി പണപ്പിരിവ് നടത്തിയത് വിവാദത്തില്‍. ഇന്നലെ മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിനെത്തിയവരില്‍ നിന്നാണ് പണപ്പിരിവ് നടത്തിയത്. വിവിധ ജില്ലകളിലുള്ളവരില്‍ നിന്ന് 100, 200 എന്നീ തോതിലാണ് പിരിച്ചെടുത്തത്.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് എന്തിനാണ് പണപ്പിരിവ് നടത്തുന്നതെന്ന് പലരും ചോദിച്ചെങ്കിലും കൃത്യമായ മറുപടി ആരും നല്‍കിയില്ലെന്ന് ഫണ്ട് വാങ്ങാനെത്തിയവര്‍ പറഞ്ഞു. എന്നാല്‍ പരിപാടിയുടെ നടത്തിപ്പിനുളള പണമാണ് വാങ്ങിയതെന്നാണ് സംഘാടകരുടെ വിശദീകരണം. സംസ്ഥാനത്തെ 1462 മദ്രസകള്‍ക്കുള്ള ഫണ്ടാണ് ഇന്നലെ വിതരണം ചെയ്തത്. ഡി ഡി കിട്ടണമെങ്കില്‍ സംഘാടക സമിതിക്ക് 200 രൂപ നല്‍കണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണപ്പിരിവ് നടത്തിയത്. ഇത്തരത്തില്‍ 292, 400 രൂപയോളമാണ് 1462 മദ്‌റസകളില്‍ നിന്നായി സ്വരൂപിച്ചത്. ഫണ്ട് വിതരണ ചടങ്ങ് സംഘടിപ്പിക്കാന്‍ ഇത്രയും തുക എന്തിനെന്നും വിശദീകരിക്കപ്പെട്ടിട്ടില്ല. മറ്റ് ജില്ലകളില്‍ നിന്ന് വലിയ തുക ചെലവഴിച്ച് എത്തിയവരോട് പണം ആവശ്യപ്പെട്ടതോടെ പലരും ചോദ്യം ചെയ്തു. കൊല്ലത്തുനിന്നെത്തിയ സ്ഥാപന ഭാരവാഹികളും സംഘാടകരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. മദ്‌റസാ നവീകരണത്തിന് പതിനായിരക്കണക്കിന് രൂപ അനുവദിക്കുമ്പോള്‍ കേവലം 200 രൂപ നല്‍കിക്കൂടെ എന്നാണ് തിരിച്ചുചോദിച്ചതെന്നും പരാതിയുണ്ട്. കൂടാതെ സംഘാടക സമിതി അടിച്ചിറക്കിയ രശീതിന് സര്‍ക്കാറിന്റെ അംഗീകാരമുള്ളതാണെന്ന് തെളിയിക്കുന്ന രേഖകളും അടയാളപ്പെടുത്തിയിട്ടില്ല.

 

Latest