ഐ പി എല്‍ ഒത്തുകളി: ശ്രീശാന്ത് ഇന്ന് ഹാജരാകും

Posted on: September 9, 2013 10:02 am | Last updated: September 9, 2013 at 10:02 am

Sree-latest-247ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പുക്‌സില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാകും. ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ഇന്നു ഹാജരാകണമെന്നു കാട്ടി എല്ലാ പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചിരുന്നു.

കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്ന് പ്രതികള്‍ക്ക് നല്‍കും. ശ്രീശാന്ത്, ജിജു ജനാര്‍ദനന്‍, അങ്കിത് ചവാന്‍ തുടങ്ങി ജാമ്യത്തിലുള്ള എല്ലാ പ്രതികളും ഇന്ന് ഹാജരാകണമെന്നാണ് കോടതിയില്‍ നിന്നുള്ള നിര്‍ദേശം. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ അപേക്ഷയിന്‍മേല്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസും കോടതി അയച്ചിരുന്നു. ഈ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അജിത് ചാന്ദിലയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.

ശ്രീശാന്തിന്റെ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കാന്‍ പ്രൊസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കോടതി ജാമ്യം റദ്ദാക്കിയാല്‍ ശ്രീശാന്ത് വീണ്ടും കസ്റ്റഡിയിലാവും.