Connect with us

National

ജീവിതശൈലീ രോഗങ്ങള്‍ ചികിത്സിക്കാന്‍ രാജ്യം വന്‍തുക ചെലവഴിക്കേണ്ടി വരും

Published

|

Last Updated

ന്യൂഡല്‍ഹി: പകര്‍ച്ചസാധ്യതയില്ലാത്ത ജീവിതശൈലീ രോഗങ്ങളുടെ ചികിത്സക്കായി ഇന്ത്യ വന്‍തുക ചെലവിടേണ്ടി വരുമെന്ന് പഠനം. 2012- 30 കാലയളവില്‍ ഇത്തരം രോഗങ്ങളുടെ ചികിത്സക്കും അവക്കുള്ള മരുന്നുകളുടെ ഗവേഷണത്തിനുമായി 6.2 ലക്ഷം കോടി ഡോളര്‍ ചെലവിടേണ്ടി വരുമെന്ന് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 19 വര്‍ഷമായുള്ള മൊത്തം ആരോഗ്യ ചെലവിന്റെ ഒമ്പത് മടങ്ങാണിതെന്നും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ 19 വര്‍ഷത്തെ ചെലവ് 71000 കോടി ഡോളര്‍ മാത്രമായിരുന്നു.
ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും സാവധാനം ഗുരുതരമാകുന്നതുമായ ഹൃദ്രോഗം, പ്രമേഹം, ക്യാന്‍സര്‍, ശ്വാസകോശ അസുഖങ്ങള്‍ എന്നിവയാണ് ഇന്ത്യക്ക് വെല്ലുവിളിയാകാന്‍ പോകുന്നത്. ഇത് ആഗോള വ്യാപകമായ പ്രതിഭാസമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗമാണ് ഇതില്‍ ഏറ്റവും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുകയെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കൂടി ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2012-30 കാലയളവില്‍ ഹൃദ്രോഗത്തിനായി ഇന്ത്യ ചെലവിടേണ്ടി വരിക 1.21 ലക്ഷം കോടി ഡോളറായിരിക്കും.
ഇത്തരം അസുഖങ്ങള്‍ക്കായി ഈ കാലയളവില്‍ ചൈന 27.8 ലക്ഷം കോടി ഡോളര്‍ ചെലവിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ പത്തൊമ്പത് വര്‍ഷത്തെ മൊത്തം ആരോഗ്യ ചെലവിന്റെ 12 മടങ്ങായിരിക്കും ഇത്. ഇന്ത്യയേക്കാള്‍ ചൈനയില്‍ സ്ഥിതി രൂക്ഷമാകുന്നത് അവിടുത്തെ സാമ്പത്തിക വികസന വേഗം കൂടിയത് കൊണ്ടാണ്. മാത്രമല്ല, ജനസംഖ്യയില്‍ വൃദ്ധരുടെ അനുപാതം കൂടുതലുമാണ്.
ജീവിതശൈലീ രോഗങ്ങള്‍ പലതലങ്ങളിലാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയെന്ന് ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. കെ ശ്രീനാഥ് റെഡ്ഢി പറയുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ വ്യക്തിയുടെ ഉത്പാദനക്ഷമതയെ വര്‍ഷങ്ങളോളം ബാധിക്കും. നേരത്തെയുള്ള വിരമിക്കലിലേക്ക് ഇത് നയിക്കും. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഇവയുടെ മരുന്നിനും ചികിത്സക്കും പരിശോധനകള്‍ക്കും വന്‍ തുക ചെലവാകുമെന്നതിനാല്‍ ആ നിലക്കും സമ്പദ്‌വ്യവസ്ഥക്ക് മേല്‍ ഇവ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ശ്രീനാഥ് റെഡ്ഢി ചൂണ്ടിക്കാട്ടുന്നു. അടുത്ത ഘട്ടത്തില്‍ ഇവ യുവ തലമുറയെ കൂടുതലായി ബാധിക്കുന്ന സ്ഥിതിയുമുണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍, മദ്യം എന്നിവക്ക് നികുതി ഏര്‍പ്പെടുത്തുകയും ഇവ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കുകയും ചെയ്യുകയാണ് ഇത്തരം രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.