Connect with us

Ongoing News

2020ലെ ഒളിമ്പിക്‌സ് ടോക്കിയോയില്‍

Published

|

Last Updated

ബ്യൂണസ് അയേഴ്‌സ്: 2020ലെ ഒളിമ്പിക്‌സ് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നടക്കും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നടത്തിയ അവസാനവട്ട വോട്ടെടുപ്പില്‍ സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിനെയും തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളിനെയും പിന്തള്ളിയാണ് ടോക്കിയ വേദി സ്വന്തമാക്കിയത്. 36നെതിരെ 60 വോട്ടുകള്‍ നേടിയാണ് ടോക്കിയ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഒളിമ്പിക്‌സ് രണ്ട് തവണ നടത്താന്‍ യോഗ്യത ലഭിച്ച ആദ്യ ഏഷ്യന്‍ നഗരമെന്ന ഖ്യാതിയും ടോക്കിയോ സ്വന്തമാക്കി. 1940ല്‍ ടോക്കിയോ ആദ്യമായി വേദിയായിരുന്നെങ്കിലും രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് ഒളിമ്പിക്‌സ് റദ്ദാക്കിയിരുന്നു. പിന്നീട് 1964ലാണ് ടോക്കിയോ വീണ്ടും വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം തവണയും ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ടോക്കിയോ നഗരത്തിന്റെ നേട്ടത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവന്‍ ജാക്വസ് റോജ് അഭിനന്ദിച്ചു. ടോക്കിയോ വേദിയായി തിരഞ്ഞെടുത്ത എല്ലാവരോടും ജപ്പാന്‍ പ്രധാനമന്ത്രി കൃതജ്ഞത അറിയിച്ചു. പിന്തുണക്കുന്ന നിരവധി ശബ്ദങ്ങള്‍ ബ്യൂണസ് അയേഴ്‌സില്‍ കേള്‍ക്കാനിടയായി. ജപ്പാന്‍ ജനതയുടെ ആഗ്രഹമാണ് സഫലമാകപ്പെട്ടിരിക്കുന്നത്. ഈ നിമിഷം ആഹ്ലാദത്തിന്റേതാണ്. നമ്മുടെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു. ടോക്കിയോ ഗവര്‍ണര്‍ നവോകി ഇനോസ പറഞ്ഞു. ഫുക്കുഷിമ ആണവ നിലയം വേദി ലഭിക്കുന്ന കാര്യത്തില്‍ ജപ്പാന് ഭീഷണിയുയര്‍ത്തുമെന്ന ആശങ്കകളുണ്ടായിരുന്നു. സുനാമി ദുരന്തത്തെ തുടര്‍ന്ന് റേഡിയേഷന്‍ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന ആണവ നിലയം ടോക്കിയോ നഗരത്തിന് ഭീഷണിയാകില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വ്യക്തമാക്കിയതോടെയാണ് ജപ്പാന്റെ വഴി സുഗമമായത്.
അതേസമയം ടോക്കിയോ നഗരത്തിനെ തിരഞ്ഞെടുത്തതില്‍ സ്പാനിഷ് അംഗങ്ങല്‍ അതൃപ്തി രേഖപ്പെടുത്തി. ലജ്ജാവഹമായ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് സ്പാനിഷ് ടെന്നീസ് താരം ഫെലിഷിയാനോ ലോപ്പസ് വിമര്‍ശിച്ചു. കായിക രംഗത്തിന് മുകളില്‍ മറ്റ് സ്ഥാപിത താത്പര്യങ്ങളും നിലപാടുകളുമാണ് വിജയം നേടിയതെന്നും ലോപ്പസ് കുറ്റപ്പെടുത്തി.