പണ്ഡിത ദര്‍സ് 13ന് ആരംഭിക്കും

Posted on: September 9, 2013 7:54 am | Last updated: September 9, 2013 at 7:54 am

മലപ്പുറം: ഇസ്‌ലാമിക വിശ്വാസത്തിന്റെ ദാര്‍ശനികതകളെ സമഗ്രവും ആധികാരികവുമായി പഠനവിധേയമാക്കി പണ്ഡിത സമൂഹത്തെ കൂടുതല്‍ കരുത്തരാക്കുന്നതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പണ്ഡിത ദര്‍സ് ആരംഭിക്കുന്നു. ഈ മാസം 13ന് വൈകീട്ട് 6.30 ന് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ ദര്‍സ് ഉദ്ഘാടനം ചെയ്യും.
മുസ്‌ലിംകളിലെ വികല വിശ്വാസങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കുകയും യഥാര്‍ഥ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ സമര്‍ഥിക്കുകയും ചെയ്ത് പൂര്‍വിക ഇമാമുമാര്‍ രചിച്ച ഗ്രന്ഥങ്ങളില്‍ ലോകപ്രശസ്തവും ആധികാരികവുമായ, ഇമാം തഫ്താസാനി(റ)യുടെ ‘ശര്‍ഹുല്‍ അഖാഇദാ’ണ് ദര്‍സില്‍ പഠിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ആരംഭിച്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് അവസാനിക്കുന്ന രൂപത്തിലാണ് ദര്‍സിന്റെ സംവിധാനമെന്നും പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണ-താമസ സൗകര്യമൊഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കോട്ടക്കല്‍ ഇസ്മാഈല്‍ ബാഖവി, ആനക്കയം സൈതലവി ദാരിമി, പല്ലാര്‍ ഹസന്‍ ബാഖവി, അബ്ദുല്ലക്കുട്ടി മഖ്ദൂമി, അലവി സഖാഫി കൊളത്തൂര്‍, സത്താര്‍ സഖാഫി മൂന്നിയൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ബശീര്‍ അഹ്‌സനി വടശ്ശേരി തുടങ്ങിയവര്‍ സംബന്ധിക്കും.