പള്ളി ഇമാമിനെ പിരിച്ചുവിട്ടത് നീതിപൂര്‍വമല്ലെന്ന് കോടതി

Posted on: September 9, 2013 7:53 am | Last updated: September 9, 2013 at 7:53 am

കൊല്ലം: തട്ടാമല മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ ഇമാമും മുദര്‍രിസും ആയിരുന്ന ഇസ്സുദ്ദീന്‍ കാമില്‍ സഖാഫിയെ പിരിച്ചുവിട്ട ജമാഅത്ത് കമ്മിറ്റിയുടെ നടപടി സാമാന്യ നീതിയുടെ ലംഘനമാണെന്ന് വഖഫ് ട്രൈബ്യൂണല്‍. പിരിച്ചുവിട്ട നടപടി കോടതി അംഗീകരിച്ച് ശാശ്വത നിരോധ ഉത്തരവിനും മറ്റുമായി ഇമാമിനെ ഒന്നാം പ്രതിയാക്കി കമ്മിറ്റി ഭാരവാഹികള്‍ ഫയല്‍ ചെയ്ത കേസ് ട്രൈബ്യൂണല്‍ ജഡ്ജി എം നന്ദകുമാര്‍ തള്ളി.
ഈ കേസില്‍ വാദികള്‍ ബോധിപ്പിച്ചിരുന്ന നിരോധ ഹരജി കോടതി നേരത്തെ തള്ളിയിരുന്നതിനാല്‍ സഖാഫി ഇമാമായി തുടരുകയായിരുന്നു. കേസില്‍ ഏതാനും ജമാഅത്തംഗങ്ങള്‍ കൂടുതല്‍ പ്രതികളായി കൗണ്ടര്‍ ക്ലെയിം ഫയല്‍ ചെയ്യുകയായിരുന്നു. കമ്മിറ്റിക്ക് ബൈലോ അധികാരം നല്‍കുന്നെങ്കിലും ഇമാമിനെ പിരിച്ചുവിടുമ്പോഴും കാരണം കാണിക്കല്‍ സഹിതമുള്ള വ്യക്തമായ നോട്ടീസ് നല്‍കി സാമാന്യ നീതി പുലര്‍ത്തി മാത്രമേ നടപടി സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. കേസില്‍ ഇമാമിന് വേണ്ടി അഡ്വ. വൈ അബ്ദുല്‍അസീസും കൂടുതല്‍ പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെ ജലാലുദ്ദീനും ഹാജരായി.