Connect with us

Kerala

ഇനി ലിമിറ്റഡ് സ്‌റ്റോപ്പില്ല; വേഗപ്പൂട്ട് നിര്‍ബന്ധം

Published

|

Last Updated

bus standതിരുവനന്തപുരം: ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകള്‍ നിരത്തില്‍ നിന്നൊഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. അമിത വേഗം മൂലമുള്ള അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ലിമിറ്റഡ് സ്‌റ്റോപ്പുകളുടെ പെര്‍മിറ്റ് പുതുക്കേണ്ടെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. കെ എസ് ആര്‍ ടി സിക്കും ഇത് ബാധകമാണ്. വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലിമിറ്റഡ് സ്‌റ്റോപ്പിന് കടിഞ്ഞാണിടാനുള്ള തീരുമാനം മോട്ടോര്‍വാഹനവകുപ്പ് നേരത്തെ എടുത്തിരുന്നു. എന്നാല്‍ സ്വകാര്യ ബസ്സുടമകളുടെ എതിര്‍പ്പായിരുന്നു തടസ്സം. അപകടങ്ങളിലെ പ്രധാന വില്ലന്‍ ഈ അതിവേഗ വിഭാഗക്കാരായ ബസ്സുകളാണെന്ന തിരിച്ചറിവാണ് നിലപാട് കര്‍ശനമാക്കാനുള്ള കാരണം. പുതുതായി ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകള്‍ അനുവദിക്കില്ല, നിലവിലെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകള്‍ക്ക് ആ രീതിയില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല. സര്‍വ്വീസ് ബസ്സുകളുടെ വേഗത്തെക്കുറിച്ച് 2011 ല്‍ പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കും. ഓര്‍ഡിനറി ബസ്സുകള്‍ക്ക് ഒരു കിലോമീറ്റര്‍ താണ്ടാന്‍ ഒരു വരിപ്പാതയിലെ നിശ്ചിത സമയം 3 മിനുട്ടാണ്. രണ്ടുവരിപ്പാതയില്‍ ഇത് രണ്ടര മിനുട്ടും നാലുവരിപ്പാതയില്‍ രണ്ട് മിനുട്ടുമാണ്.

സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ നടത്തുന്ന തൃശൂര്‍-കോഴിക്കോട്, തൃശൂര്‍-ഗുരുവായൂര്‍, വടകര-കോഴിക്കോട്, പാലക്കാട്-തൃശൂര്‍, കോട്ടയം-എറണാകുളം റൂട്ടുകളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും. വേഗപ്പൂട്ടില്ലാത്ത ബസ്സുകള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കും. ഇന്നലെ നടത്തിയ പരിശോധനയില്‍ വേഗപ്പൂട്ടില്ലാത്ത 311 ബസ്സുകളുടെ ഫിറ്റ് നസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു.

Latest