ജെ സി ബി മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയ പ്രതി പിടിയില്‍

Posted on: September 7, 2013 2:14 am | Last updated: September 7, 2013 at 2:14 am

കോഴിക്കോട്: ജെ സി ബി മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയ കേസിലെ പ്രതി പിടിയില്‍. കാസര്‍കോട് അടൂര്‍ വായനശാലക്ക് സമീപം താമസിക്കുന്ന കാഞ്ഞിരായി രാജീവിനെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് പി ഡബ്ല്യൂ ഡി ഓഫീസിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ചാത്തമംഗലം സ്വദേശി രജീഷിന്റെ ഉടമസ്ഥതയിലുള്ള ജെ സി ബിയാണ് കഴിഞ്ഞ തിങ്കളാഴ്ച മോഷണം പോയത്. തുടര്‍ന്ന്  പ്രസ്തുത ജെ സി ബി വിവിധ കാലങ്ങളില്‍ ഓപറേറ്റ് ചെയ്തവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
കോയമ്പത്തൂരിനടുത്ത കൊടിയല്ലൂരില്‍ ജെ സി ബി കൊണ്ടുവെച്ചിട്ടുണ്ടെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തു. തത്കാലം തമിഴ്‌നാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട് കേസ് അന്വേഷണം ഒതുങ്ങിയ ശേഷം തമിഴ്‌നാട്ടിലെ വിവിധ സൈറ്റുകളില്‍ ജോലി ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക് മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മൂന്നാമത്തെ ജെ സി ബിയാണ് കളവ് പോകുന്നത്. ഒരു ജെ സി ബിയുടെ താക്കോലുപയോഗിച്ച് മറ്റൊന്ന് തുറക്കാനാകുമെന്നതാണ് മോഷണത്തിന് സഹായകമാകുന്നതത്രേ.
കേസ് അന്വേഷണത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സദാനന്ദന്‍, രഘുനാഥന്‍, സജീവന്‍, സി പി ഒമാരായ ബാബു മണാശ്ശേരി, മനോജ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.