ഓണം സമൃദ്ധമാക്കാന്‍ 4650 കോടി അനുവദിച്ചു

Posted on: September 7, 2013 1:48 am | Last updated: September 7, 2013 at 1:48 am

onam2തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയില്‍ ഇടപെടല്‍ ഉള്‍പ്പെടെ വിവിധ ചെലവുകള്‍ക്കായി സംസ്ഥാന ഖജനാവില്‍ നിന്ന് 4650 കോടി രൂപക്ക് ധനമന്ത്രിയുടെ അനുമതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍, വിവിധ ക്ഷേമ പെന്‍ഷനുകള്‍ എന്നിവക്കായി ഈ തുക സെപ്തംബര്‍ 13 വരെ ചെലവഴിക്കും.
തൊഴിലുറപ്പ് പദ്ധതിയിലെ വനിതാ തൊഴിലാളികള്‍ക്ക് ഓണക്കോടി വിതരണം ചെയ്യുന്നതിനായി 13.61 കോടി രൂപയും  തൊഴിലാളിക്ഷേമ ബോര്‍ഡ് പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് 143.59 കോടി രൂപയും അനുവദിച്ചു. ബജറ്റ് വിഹിതത്തിനു പുറമെ 11.78 കോടി രൂപയാണ് പെന്‍ഷനുകള്‍ക്കായി നല്‍ കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അഡ്‌ഹോക് ബോണസ്, പ്രത്യേക ഉത്സവ ബത്ത, കുടും ബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍കാര്‍ക്കുള്ള പ്ര ത്യേക ഉത്സവ അലവന്‍സ് എന്നിവയില്‍ 10 ശതമാനം വര്‍ധന അനുവദിച്ച ഇനത്തില്‍ 190 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
അഡ്‌ഹോക് ബോണസ് 3200 ല്‍ നിന്ന് 3500 ആയും ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്കുള്ള പ്രത്യേക ഉത്സവ അലവന്‍സ് 2000 ല്‍ നിന്ന് 2200 ആയും വര്‍ധിപ്പിച്ചു. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും 10,000 രൂപ വീതം ഉത്സവ അഡ്വാന്‍സ് അനുവദിച്ചു. ഇതിന് 450 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
വിപണിയിലെ വിലവര്‍ധന തടയാനായി സപ്ലൈകോക്ക് ബജറ്റ് വിഹിതമായ 60 കോടി രൂപക്ക് പുറമെ 25 കോടി രൂപ കൂടി അനുവദിച്ചു. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓരോ കിലോ പഞ്ചസാര വിതരണം ചെയ്യുന്നതിനായി 6.02 കോടി രൂപയും അനുവദിച്ചു. കണ്‍സ്യൂമര്‍ഫെഡിന് ബജറ്റ് വിഹിതമായ 10 കോടിക്ക് പുറമെ  45 കോടി രൂപ അധികമായി നല്‍കും. ഹോര്‍ട്ടികോര്‍പ്പിന്  ബജറ്റില്‍ അനുവദിച്ച അഞ്ച് കോടിക്ക് പുറമെ 10 കോടി രൂപ കൂടി നല്‍കാനും തീരുമാനമായിട്ടുണ്ട്.