കൊടും കുറ്റവാളി സൈക്കോ ശങ്കര്‍ പോലീസ് പിടിയില്‍

Posted on: September 7, 2013 1:21 am | Last updated: September 7, 2013 at 1:21 am

banglaoreserialrapistബംഗളൂരു: കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളി സൈക്കോ ശങ്കര്‍ എന്ന ജയ്ശങ്കര്‍ പോലീസ് പിടിയിലായി. അഞ്ച് ദിവസം മുമ്പ് ബംഗളൂരുവിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിന് സമീപത്ത് നിന്നാണ് പിടികൂടിയത്. തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ ജയിലുകളില്‍ നിന്നും മുപ്പത്താറുകാരനായ ജയ്ശങ്കര്‍ ഇതിന് മുമ്പ് രക്ഷപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ സേലം സ്വദേശിയാണ്.
ജയ്ശങ്കര്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ബംഗളൂരു പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സൈക്കോ ശങ്കറിനെ പിടികൂടാനായി കര്‍ണാടകക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
കൊലപാതകത്തിന് പുറമെ, ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജയ്ശങ്കര്‍. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പന്ത്രണ്ട് കേസുകളും ഏഴ് ബലാത്സംഗ കേസുകളും ജയ്ശങ്കറിനെതിരെ തമിഴ്‌നാട്ടില്‍ മാത്രം നിലവിലുണ്ട്. വനിതാ പോലീസുകാരിയെ ഡ്യൂട്ടിക്കിടെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസും ഇവയില്‍ പെടും.
2009 ഒക്‌ടോബറില്‍ തമിഴ്‌നാട് പോലീസ് പിടികൂടിയ ഇയാള്‍ 2011 മാര്‍ച്ചില്‍ കോടതിയില്‍ ഹാജരാക്കുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. കര്‍ണാടകയിലെ ബീജാപ്പൂര്‍ ജില്ലയില്‍ നിന്ന് 2011 മെയിലാണ് ഇയാള്‍ വീണ്ടും പിടിയിലായത്. പരപ്പന അഗ്രഹാര ജയിലില്‍ പ്രവേശിപ്പിച്ച ഇയാള്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് രക്ഷപ്പെടുന്നത്. മാനസിക രോഗിയെന്ന് വിലയിരുത്തപ്പെടുന്ന ഇയാള്‍ ഒരു മുളയും കിടക്കവിരിയും ഉപയോഗിച്ചാണ് ജയിലിന്റെ കൂറ്റന്‍ മതില്‍ കെട്ടുകള്‍ ചാടിക്കടന്നത്. സിനിമാ കഥയെ വെല്ലുന്ന തരത്തിലായിരുന്നു ജയില്‍ചാട്ടമെന്ന് അധികൃതര്‍ പറഞ്ഞു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് വാര്‍ഡര്‍മാര്‍, രണ്ട് ജയിലര്‍മാര്‍, ആറ് സുരക്ഷാ ഗാര്‍ഡുകള്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
36കാരനായ ജയ്ശങ്കര്‍ തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ കന്യാപട്ടണം കൊണാസമുദ്ര ഗ്രാമത്തിലാണ് ജനിച്ചത്. തമിഴ്‌നാട്ടിലെ ചെന്നൈ, ധര്‍മപുരി, ഹൊസൂര്‍, സേലം, തിരുപ്പത്തൂര്‍ എന്നിവിടങ്ങളിലും കര്‍ണാടകയിലെ ബംഗളൂരു റൂറല്‍, ചിത്രദുര്‍ഗ, ഹിരിയൂര്‍, കഡൂര്‍, തുംകൂര്‍ എന്നിവിടങ്ങളിലുമായി 20ലേറെ കേസുകളില്‍ ജയ്ശങ്കര്‍ വിചാരണ നേരിടുന്നുണ്ട്.