ലോകത്തെ പ്രിയനഗരങ്ങളുടെ പട്ടികയില്‍ അബുദാബിക്ക് നാലാം സ്ഥാനം

Posted on: September 6, 2013 9:48 pm | Last updated: September 6, 2013 at 9:48 pm

Abu-Dhabi-city-skyline-2007അബുദാബി: ലോകനഗരങ്ങള്‍ക്കിടയില്‍ ഏറ്റവും പ്രിയങ്കരമായ നാലാമത്തെ നഗരമെന്ന പദവി യു എ ഇ തലസ്ഥാനമായ അബുദാബിക്ക്. ഈ ഗണത്തില്‍ ഒന്നാം സ്ഥാനം ഹോങ്കോങ്ങിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ടോക്കിയോക്കും ലണ്ടനുമാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ സ്ഥാപനമായ ഇപ്‌സണ്‍ മോറി നടത്തിയ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്കിനെയും ലണ്ടനെയും അപേക്ഷിച്ച് ബിസിനസിന്റെ കാര്യത്തില്‍ വളരെ ചെറിയ നഗരമായിരുന്നിട്ടും ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ നാലാമതായി എത്താന്‍ സാധിച്ചത് വന്‍ നേട്ടമാണെന്നാണ് വിലയിരുത്തല്‍. 24 രാജ്യങ്ങളില്‍ നിന്നുള്ള 16നും 64നും ഇടയില്‍ പ്രായമുള്ള 18,147 പേരെ പങ്കെടുപ്പിച്ചാണ് ഇപ്‌സണ്‍ മോറി സര്‍വേ നടത്തിയത്. ലോകത്തിലെ പ്രമുഖമായ 48 നഗരങ്ങളെ അഞ്ചു വിഭാഗങ്ങളായി തിരിച്ചായിരുന്നു സര്‍വേ നടത്തിയത്.
ഇഷ്ട നഗരം, ജീവിക്കാവുന്ന നല്ല നഗരം, യുറോപ്പിലെ ഏറ്റവും മികച്ച നഗരം, ബിസിനസിന് ഏറ്റവും യോജിച്ച നഗരം, സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച നഗരം എന്നിങ്ങിനെയായിരുന്നു തരംതിരിച്ചത്. നഗരങ്ങളുടെ പട്ടികയില്‍ യു എ ഇയുടെ ബിസിനസ് തലസ്ഥാനമായ ദുബൈ ഉള്‍പ്പെട്ടിരുന്നില്ല. സര്‍വേയില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ യു എ ഇയും ഉള്‍പ്പെട്ടിരുന്നില്ല. ലോകത്തിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ നഗരമെന്ന ദുഷ്‌പേര് പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിക്കാണ്.
അര്‍ജന്റീന, ഓസ്‌ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍, ജര്‍മനി, ഹംഗറി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജാപ്പാന്‍, പോളണ്ട്, റഷ്യ, സഊദി അറേബ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വീഡണ്‍, ടര്‍ക്കി, യു എസ് എ എന്നീ രാജ്യങ്ങളിലുള്ളവരായിരുന്നു സര്‍വേയില്‍ പങ്കെടുത്തത്.
ജീവിക്കാന്‍ ഏറ്റവും നല്ല നഗരങ്ങളായി സൂറിച്ച്, സിഡ്‌നി, ലണ്ടന്‍, പാരിസ്, ന്യൂയോര്‍ക്ക് എന്നിവ ഇടം പിടിച്ചപ്പോള്‍ യൂറോപ്പിലെ ഏറ്റവും മികച്ച നഗരമായി ലണ്ടണ്‍, സൂറിച്ച്, പാരിസ്, ബെര്‍ലിന്‍, റോം എന്നിവ ഇടം നേടി. ലോകത്തില്‍ സന്ദര്‍ശിക്കേണ്ടുന്ന ഏറ്റവും നല്ല നഗരമായി പാരിസ്, ന്യൂയോര്‍ക്ക്, റോം, ലണ്ടണ്‍, സിഡ്‌നി എന്നിവ പട്ടികയില്‍ ഇടം പിടിച്ചു. അബുദാബിയെ സന്ദര്‍ശിക്കാവുന്ന നഗരവും ബിസിനസ് നടത്താവുന്ന നഗരവുമായി തിരഞ്ഞെടുക്കുന്നതില്‍ വന്‍ പിന്തുണ നല്‍കിയത് സഊദിയില്‍ നിന്നും സര്‍വേയില്‍ പങ്കെടുത്തവരാണ്.
ജപ്പാന്‍കാരും തുര്‍ക്കിക്കാരും ടോക്കിയോയേയും ഇസതാംബൂളിനെയും പട്ടികയില്‍ ഇടം തേടാന്‍ സഹായിച്ചു. ജര്‍മന്‍കാര്‍ ബിസിനസിനും ജീവിക്കാനും നല്ല രണ്ടാമത്തെ നഗരമായി കണ്ടെത്തിയത് ബെര്‍ലിനെയാണ്. സന്ദര്‍ശനത്തിനും ജര്‍മന്‍കാര്‍ക്ക് ഏറെ ഇഷ്ടം ഈ നഗരത്തോടാണ്. ജര്‍മനിയിലെ മികച്ച 10 നഗരങ്ങളുടെ പട്ടികയില്‍ തലസ്ഥാനം ഉള്‍പ്പെട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
ലോകത്തിലെ എല്ലാ നഗരവാസികളും സ്വന്തം നഗരത്തെ പൊക്കിപ്പറയാന്‍ ഇഷ്ടപ്പെടുന്നതായാണ് സര്‍വേയില്‍ നിന്നു വ്യക്തമാവുന്നതെന്ന് ഇപ്‌സണ്‍ മോറിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ബെന്‍ പെയ്ജ് വ്യക്തമാക്കി.