മലപ്പുറത്ത് ബസ് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു:നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: September 6, 2013 3:07 pm | Last updated: September 7, 2013 at 7:52 pm
SHARE

Bus.മലപ്പുറം: താനൂര്‍ അപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ മായും മുമ്പ് മലപ്പുറത്ത് വീണ്ടും ബസ് അപകടം. മേലാറ്റൂരിനടുത്ത തേലക്കാട് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു. മുപ്പത്തഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരിലേറെയും വിദ്യാര്‍ഥിനികളാണ്. മങ്കടകുഴിയന്‍ പരേതനായ ഹംസയുടെ ഭാര്യ  മറിയ (55), കാവണ്ണയില്‍ ചെറിയക്കന്‍ (55), അത്തിരിയില്‍ ലത്വീഫിന്റെ മകള്‍ സഫീല (19), പച്ചീരി നാരായണന്റെ മകള്‍ നീതു (18), മേല്‍കുളങ്ങര കാവണ്ണയില്‍ ഹംസയുടെ മകള്‍ ശബീറ (17), പൊന്നിയത്ത് ഹംസയുടെ മകള്‍ ഫാത്വിമ (17), കോഴിശ്ശന്‍ മുജീബിന്റെ മകള്‍ മുബശ്ശിറ (16), മാങ്കടകുഴി മുസ്തഫയുടെ മകള്‍ സൈനബ (65), തേലക്കര മഠത്തൊടി ഉമ്മറിന്റെ മകള്‍ ഷംന (16), കാപ്പുങ്ങല്‍ സൈതാലിക്കുട്ടിയുടെ മകള്‍ തസ്‌നി (17), കാവണ്ണയില്‍ ഉണ്ണിയക്കന്റെ ഭാര്യ ചെറുക്കി (42), ചിലമ്പത്തൊടി നാസറിന്റെ മകള്‍ ഫാത്വിമത് നാദിയ (17), ഡ്രൈവര്‍ മാനത്ത് മംഗലം സ്വദേശി പള്ളിയാലിത്തൊടി സല്‍മാനുല്‍ ഇഹ്തിശാം (22) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.30ഓടെയാണ് സംഭവം.
പെരിന്തല്‍മണ്ണയില്‍ നിന്ന് വെട്ടത്തൂര്‍ മേല്‍ക്കുളങ്ങരയിലേക്ക് പോകുന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്. ബസ് പൂര്‍ണമായും തകര്‍ന്നു. വളവ് തിരിയുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. തൊട്ടടുത്ത മാവിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് ബസ് മറിഞ്ഞത്.
അപകടം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞാണ് രക്ഷാ പ്രവര്‍ത്തനം നടത്താനായത്. സമീപത്തെ വീടുകളിലെ സ്ത്രീകളാണ് ആദ്യം ഓടിയെത്തിയത്. പിന്നീട് ഇതുവഴി വന്ന ലോറിയിലെ ഡ്രൈവര്‍ നാട്ടുകാരെ വിളിച്ച് വരുത്തുകയായിരുന്നു. എന്നാല്‍, ഇവര്‍ക്ക് ബസിന്റെ മുന്‍ഭാഗത്ത് കുടുങ്ങിയവരെ പൂര്‍ണമായി പുറത്തെടുക്കാനായില്ല. മഴു, കമ്പിപ്പാര എന്നിവ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ പൊളിച്ച് മാറ്റിയാണ് ഏതാനും പേരെ പുറത്തെടുത്തത്. പിന്നീട് ജെ സി ബി കൊണ്ടുവന്ന് ബസ് മറിച്ചിടുകയായിരുന്നു. ബസിന്റെ ബോണറ്റിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പെണ്‍കുട്ടികളില്‍ അധികവും. പ്രതിഭ കോളജ്, വിന്നര്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ, മഞ്ചേരി ആശുപത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീടുകളിലെത്തിച്ചു.
മൃതദേഹങ്ങള്‍ കാപ്പ്  ഗവ. ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. പരുക്കേറ്റവര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും അല്‍ശിഫ ആശുപത്രിയിലും ചികിത്സയിലാണ്. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മന്ത്രി മഞ്ഞളാംകുഴി അലി, സി പി മുഹമ്മദ് എം എല്‍ എ, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, ജില്ലാ കലക്ടര്‍ കെ ബിജു, ജില്ലാ പോലീസ് സൂപ്രണ്ട് മഞ്ജുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റാ മമ്പാട് എന്നിവര്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പതിനായിരം രൂപ അടിയന്തര സഹായം അനുവദിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here