Connect with us

Malappuram

നഗരമുഖം മാറ്റാന്‍ നഗരസഭക്ക് ബഹുമുഖ പദ്ധതി

Published

|

Last Updated

കോട്ടക്കല്‍: വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി നഗരമുഖം മാറ്റാന്‍ നഗരസഭക്ക് ബഹമുഖ പദ്ധതി തയ്യാറാക്കി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇവ അവതരിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന ഫണ്ടുകളും സ്വകാര്യ പങ്കാളിത്തവും ഉപയോഗപ്പെടുത്തിയാണ് വികസനം.
കഴിഞ്ഞ മാസം ചേര്‍ന്ന അഖില കക്ഷി യോഗത്തിലേതാണ് തീരുമാനം. ബസ് സ്റ്റാന്‍ഡ് നവീകരണം, ഗതാഗത സൗകര്യമൊരുക്കല്‍, ആധുനിക അറവു ശാല, വ്യവസായ സമുച്ചയമുള്‍ക്കൊള്ളുന്ന സ്റ്റേഡിയം, ചങ്കുവെട്ടിയില്‍ ബസ് സ്റ്റാന്‍ഡ്, പുത്തൂരില്‍ പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവയാണ് പദ്ധതി. ഇതിന്റെ ഭാഗമായി നിലവിലെ ബസ് സ്റ്റാന്‍ഡിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡും കച്ചവട കേന്ദ്രങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഇതിനോട് അനുബന്ധിച്ച് തന്നെ മാര്‍ക്കറ്റിന്റെ നവീകരണവും ഉള്‍പെടുത്തിയിട്ടുണ്ട്. ഇതിനായി സര്‍വെ നടത്തും.
ടൗണിലെ ഗതാഗതം സുഖമമാക്കാന്‍ എടരിക്കോട് മുതല്‍ ചെനക്കല്‍ വരെയും, ചങ്കുവെട്ടി മുതല്‍ പുത്തൂര്‍ വരെയും നാല് വരിപ്പാത പണിയും. ഇതിനുള്ള സാധ്യതാ പഠനവും നടത്തും. സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. നഗരസഭക്കായി സ്റ്റേഡിയം നിര്‍മിക്കുന്നതിനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. നിലവില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.6 ഹെക്ടര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്താനാണ് ആലോചന. നിലവില്‍ വയലിലുള്ള സ്റ്റേഡിയം ഭാഗികകമായി മണ്ണിട്ടിട്ടുണ്ട്. മിനി സ്റ്റേഡിയം നിര്‍മിക്കാന്‍ മാത്രമാണ് ഇത് തികയുക.
ആധുനിക കച്ചവട സമുച്ചയം കൂടി ഉള്‍പ്പെടുത്തി വിഭാവനം ചെയ്യുന്ന പദ്ധതിക്ക് ഈസ്ഥലം ഉപയോഗപെടുത്താനാവില്ലെന്നാണ് പൊതു അഭിപ്രായം. ചങ്കുവെട്ടിയില്‍ നിലവില്‍ ബസ് സ്റ്റാന്‍ഡില്ലാത്ത സ്ഥിതിക്ക് സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും. പുത്തൂരില്‍ പാര്‍ക്കിംഗ് ഏരിയ നിര്‍മാണവും വികനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആധുനിക അറവുശാലയാണ് മറ്റൊരു പദ്ധതി. ഇതിനായി നഗരസഭയുടെ ഉടമസ്ഥതയില്‍ ചെനക്കലിലുള്ള 40 സെന്റ് സ്ഥലം ഉപയോഗപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ ഇത് സാധ്യമാകില്ലെന്നാണ് അഭിപ്രായം. ഇലക്ട്രിക്ക് ശ്മശാനം പദ്ധതി ഉള്‍പെടുത്തിയിട്ടുണ്ടെങ്കിലും ഇതിപ്പോള്‍ വേണ്ടന്നാണ് തീരുമാനം. ടൗണിന് ആധുനിക മുഖം നല്‍കലാണ് ലക്ഷ്യം. യോഗത്തില്‍ ചെയര്‍ പേഴ്‌സന്‍ ടി വി സുലൈഖാബി അധ്യക്ഷത വഹിച്ചു.