Connect with us

Wayanad

വയനാട്ടിലെയും കര്‍ണാടകയിലെയും പരിസ്ഥിതി സംഘടനകള്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ പാതക്ക് എതിരല്ലെന്ന്

Published

|

Last Updated

കല്‍പറ്റ: നഞ്ചന്‍കോഡ്-വയനാട് റെയില്‍വേക്കെതിരെ കര്‍ണ്ണാടകയിലെ ഒരു പരിസ്ഥിതി സംഘടനയുടെ പേരില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാപരമാണെന്ന് നീലഗിരി-വയനാട് നാഷണല്‍ ഹൈവേ ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വയനാട്ടിലേയും, കര്‍ണ്ണാടകയിലേയും പരിസ്ഥിതി സംഘടനകളൊന്നും ഈ പാതക്ക് എതിരല്ല. വയനാട് പ്രകൃതി സംരക്ഷണ സമിതി, വയനാട് എന്‍വറോണ്‍മെന്റല്‍ ഫോറം, ഒയിസ്‌ക തുടങ്ങിയ പരിസ്ഥിതി സംഘടനകള്‍ റെയില്‍വേക്ക് അനുകൂലമായി നിലപാടെടുത്തവരാണ്. വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനും, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനും റെയില്‍വേ അനിവാര്യമാണെന്ന് പരിസ്ഥിതി സംഘടനകളുടെ കാഴ്ചപ്പാട് പ്രശംസനീയമാണ്. കര്‍ണ്ണാടകയിലെ പരിസ്ഥിതി സംഘടനകളെ റെയില്‍വേയുടെ പ്രധാന്യം ബോധ്യപ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.
ഒരു തീവണ്ടി കടന്നു പോവുമ്പോള്‍ നാനൂറിലധികം വാഹനങ്ങള്‍ റോഡുകളില്‍ ഇല്ലാതാകുകയും, വനത്തിലേയും, വയനാട്, മൈസൂര്‍ ഭാഗത്തേയും അന്തരീക്ഷ മലിനീകരണവും, ട്രാഫിക് കുരുക്കുകളും ഗണ്യമായി കുറക്കാനും ഈ പാതക്ക് കഴിയും. വളരെ കുറഞ്ഞ സ്ഥലം മാത്രമേ റെയില്‍വേ പാതക്ക് ആവശ്യമുള്ളു.
റോഡുകള്‍ക്ക് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നിര്‍മാണ ചെലവ് തന്നെ പുനര്‍ നിര്‍മാണ ചെലവായും, വന്‍ തോതില്‍ പ്രകൃതി വിഭവങ്ങളും വേണ്ടി വരുമ്പോള്‍ റെയില്‍വേക്ക് നിര്‍മാണം കഴിഞ്ഞാല്‍ വര്‍ഷങ്ങളോളം ആവര്‍ത്തന ചെലവുകള്‍ വരുന്നില്ല. വനത്തിനുള്ളിലെ റെയില്‍വേ മേല്‍പ്പാലത്തിലൂടെ ആയതിനാല്‍ വന്യമൃഗങ്ങള്‍ക്ക് യാതൊരു ശല്യമുണ്ടാവുകയില്ല. വന്യമൃഗങ്ങളുടെ കൂട്ട കുരുതി പൂര്‍ണ്ണമായും ഒഴിവാകും.
ഇപ്പോഴത്തെ പാസഞ്ചര്‍ നിരക്കില്‍ വെറും 15 രൂപക്ക് ഒരു മണിക്കൂര്‍ കൊണ്ട് റെയില്‍പാത വയനാട്ടില്‍ നിന്നും മൈസൂരിലെത്തും.
10 കി.മീറ്റര്‍ മാത്രമാണ് ഈ പാത വനത്തിലൂടെ കടന്നുപോകുന്നത്. ചിക്കന്‍ര്‍ഗിക്കും, വള്ളുവാടിക്കുമിടയില്‍ മുമ്പ് അരി കൊണ്ടു വന്നിരുന്നവരും, ഇപ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന റോഡിന് മുകളിലൂടെയാണ് റെയില്‍വേ വരുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി പോലും വയനാട്ടില്‍ റെയില്‍വേ വേണ്ടെന്ന് പറഞ്ഞിട്ടില്ല. കസ്തൂരിരംഗന്‍ കമ്മിറ്റി റെയില്‍വേക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.
വയനാട് റെയില്‍വേ യാഥാര്‍ഥ്യമാകുമെന്ന ഘട്ടത്തില്‍ വയനാട്ടില്‍ തന്നെയുള്ള ചില അസംതൃപ്തരുടെ പ്രവര്‍ത്തനമാണ് പരിസ്ഥിതി സംഘടനകള്‍ റെയില്‍വേക്ക് എതിരാണെന്ന രീതിയില്‍ പ്രചാരണം നടത്തുന്നത്. കര്‍ണ്ണാടകയില്‍ നിലവിലില്ലാത്ത സഘടനയുടെ പേരില്‍ പ്രസ്താവന നടത്തി ജനങ്ങളെ ആശയകുഴപ്പത്തിലാക്കിയിരിക്കയാണ്. വയനാട്ടിലെ പരിസ്ഥിതി സംഘടനകളെ ഏകോപിപ്പിച്ച് ആക്ഷന്‍ കമ്മിറ്റിക്കും റെയില്‍വേക്കും എതിരാക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്തു നിന്നുമുണ്ടായി. പരിസ്ഥിതിയുടെ പേരില്‍ റെയില്‍വേ മുടങ്ങിയാല്‍ വയനാട്ടിലേയും, ബന്ദിപ്പുരയിലെയും ജനങ്ങള്‍ ഒന്നടക്കം വന്യജീവി സങ്കേതത്തിന് എതിരാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വന്യജീവി സങ്കേതമെന്ന പേരില്‍ റെയില്‍പാതക്ക് അനുമതി നിഷേധിക്കാന്‍ കഴിയില്ല. മഹാരാഷ്ട്രയിലെ രാജീവ് ഗാന്ധി പാര്‍ക്കിലൂടെയും, ചത്തീസ്ഗഡിലെ നേതാജി പാര്‍ക്കിലൂടെയുമെല്ലാം റെയില്‍പാതയുണ്ടെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അഡ്വ.ടി.എം റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ.പി.വേണുഗോപാല്‍, ജോര്‍ജ്ജ് നൂറനാല്‍, എം.എ അസൈനാര്‍, പി.വൈ മത്തായി, മോഹന്‍ നവരംഗ്, അനില്‍ മാസ്റ്റര്‍, നാസര്‍ കാസിം, സി.എച്ച് സുരേഷ് പങ്കെടുത്തു.