ഒടുവില്‍ വന്‍സാരയും തുറന്നു പറയുന്നു

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 12:06 am

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയും മുന്‍ ആഭ്യന്തര മന്ത്രിയും മോഡിയുടെ വലംകൈയുമായ അമിത് ഷായെയും ലക്ഷ്യം വെച്ച് ഉഗ്രമായ രണ്ട് രാസായുധ പ്രയോഗങ്ങളാണ് ഈയാഴ്ച ഉണ്ടായത്. മോഡിയുടെ അപ്രമാദിത്വവും പ്രാധാന്യവും ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ നരമേധങ്ങളുടെ കടിഞ്ഞാണ്‍ പിടിച്ച ഗുജറാത്ത് ഡി ഐ ജി. ഡി ജി വന്‍സാരയുടെതാണ് ഒന്നാമത്തേത്. മറ്റൊന്ന്, അമിത് ഷായും നാല് ബി ജെ പി നേതാക്കളും ചേര്‍ന്ന് തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലാണ്. മോഡി സര്‍ക്കാറിന്റെ നയമനുസരിച്ചാണ് ഏറ്റുമുട്ടലുകള്‍ നടത്തിയതെന്ന വന്‍സാരയുടെ ‘കുമ്പസാരം’ മുങ്ങുമ്പോള്‍ എല്ലാവരും മുങ്ങണമെന്ന താത്പര്യത്തില്‍ നിന്നാണെങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ആ ഏറ്റുപറച്ചിലിന് ഏറെ പ്രാധാന്യമുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മോഡിയെന്ന ഏകാധിപതിയുടെ വളര്‍ച്ച ഏത് മണ്ണില്‍ നിന്നാണെന്നും അതിന് പ്രയോഗിച്ച വളമേതാണെന്നും തിരിച്ചറിയാന്‍ ഈ ഏറ്റുപറച്ചില്‍ വഴി വെക്കും.

സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ നിന്ന് വന്‍സാര അയച്ച പത്ത് പേജുള്ള കത്തിന്റെ ഊന്നല്‍, തനിക്ക് ലഭിച്ച ആജ്ഞ ആത്മാര്‍ഥതയോടെ അനുസരിച്ചതിന് ജയിലില്‍ കിടക്കേണ്ടി വന്നിട്ടും ഇതുവരെ തിരിഞ്ഞുനോക്കാതെ ഭരണത്തിന്റെ ദന്തഗോപുരങ്ങളിലേക്ക് ഓടിക്കയറുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മോഡിയുടെയും പരിവാരത്തിന്റെയും സമീപനത്തിലുള്ള പ്രതിഷേധമാണ്. യജമാനന്മാര്‍ പരിരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നോ എന്ന സന്ദേഹമാണ് ഈ തുറന്നുപറച്ചിലുകളില്‍ നിഴലിക്കുന്നത്. സര്‍ക്കാറിന്റെ ഉത്തരവ് ശിരസ്സാവഹിച്ച ഉദ്യോഗസ്ഥരെ മാത്രം ബലിയാടുകളാക്കി ഭരണകൂടം കൈ കഴുകുന്നതിനെയാണ് വന്‍സാര വിമര്‍ശിക്കുന്നത്. പെട്ടെന്നുള്ള “’ചൊടി’യായേ വന്‍സാരയുടെ കത്തിനെ കാണാനാകൂവെങ്കിലും അത് മോഡിക്കും ബി ജെ പിക്കും ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല.

‘നട്ടെല്ലില്ലാത്ത സര്‍ക്കാര്‍ എല്ലാ കുറ്റവും പോലീസ് ഉദ്യോഗസ്ഥരില്‍ കെട്ടിവെക്കുകയാണ്. എന്റെ കൂറും കര്‍ത്തവ്യബോധവും സര്‍ക്കാര്‍ കണക്കിലെടുത്തില്ല. തീവ്രവാദികള്‍ക്കെതിരെ ശക്തമായി പോരാടിയ 32 ഗുജറാത്ത്, രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥരാണ് വിവിധ ജയിലുകളില്‍ കഴിയുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഞാനും സഹപ്രവര്‍ത്തകരും കുറ്റക്കാരാണെങ്കില്‍ സി ബി ഐ ആദ്യം കേസെടുക്കേണ്ടത് നയം രൂപവത്കരിക്കുന്നവര്‍ക്കെതിരെയാണ്. പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാറും ഒരേ തോണിയിലാണ് സഞ്ചരിച്ചത്. കര പറ്റുകയായാലും മുങ്ങുകയായാലും ഒരുമിച്ച് വേണം. സ്വയം രക്ഷപ്പെടാന്‍ അമിത് ഷാ വൃത്തികെട്ട തന്ത്രങ്ങളാണ് പുറത്തെടുത്തത്. സര്‍ക്കാറിനെ തന്നെ അദ്ദേഹം തന്റെ വരുതിയില്‍ കൊണ്ടുവന്നു. ഇതിന് നരേന്ദ്ര മോഡി വഴങ്ങിക്കൊടുത്തു.’ നീണ്ടുപോകുന്ന കത്തിന്റെ രത്‌നച്ചുരുക്കമാണിത്. പോലീസ് ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നതിലാണ് വന്‍സാരക്ക് വ്യസനം. സര്‍ക്കാറിലെ സ്രാവുകളെ പിടികൂടുകയോ അല്ലെങ്കില്‍ അവര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ ആനുകൂല്യം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പരിതപിക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സംസ്ഥാനത്തെ മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്തിറക്കാനുള്ള സര്‍ക്കാറിന്റെ ശുഷ്‌കാന്തി തങ്ങളുടെ കാര്യത്തിലില്ലെന്ന് വന്‍സാര പരസ്യപ്പെടുത്തുന്നു.

ALSO READ  രാജ്യസഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ മൂന്ന് സീറ്റുകള്‍ നേടി ബി ജെ പി, കോണ്‍ഗ്രസ് ഒന്നിലൊതുങ്ങി

ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്, വന്‍സാരയുടെ കത്തിലെ പോരിനേക്കാള്‍ ജനാധിപത്യ സര്‍ക്കാര്‍ അതിലെ പൗരന്മാര്‍ക്ക് നേരെ നടത്തിയ ആസുരതയും കരാളതയുമാണ്. വംശഹത്യാനന്തരമുള്ള ഗുജറാത്തിനെ നിരീക്ഷിച്ചാല്‍ ഒരു കാര്യം ബോധ്യമാകും. ഏറ്റുമുട്ടലുകളിലൂടെ രാഷ്ട്രീയ ഭൂമി തങ്ങള്‍ക്കനുകൂലമാക്കുകയും തദ്വാരാ, തനിക്കെതിരെ വധഭീഷണിയും തീവ്രവാദ ഭീഷണിയും ഉണ്ടെന്ന പൊതുബോധം ഊട്ടിയുറപ്പിച്ച് സ്വന്തം പ്രാധാന്യവും പ്രതിച്ഛായയും സ്ഥാപിക്കുകയും ചെയ്യുക. അതാണ്, സുഹ്‌റാബുദ്ദീന്‍ ശൈഖ്, ജമാല്‍ സ്വാദിഖ്, ഇശ്‌റത്ത് ജഹാന്‍, പ്രാണേഷ് പിള്ളയെന്ന ജാവേദ് ശൈഖ്, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ തുടങ്ങിയവരുടെ കൊലകളിലൂടെ സംഭവിച്ചത്. ഒരു ഏകാധിപതിയുടെ ഉയര്‍ച്ചയും വളര്‍ച്ചയുമാണ് ഈ മനുഷ്യജീവനുകളെ കുരുതി കൊടുത്ത രാജ്യത്തിന് കാണാനായത്. പാര്‍ട്ടിയില്‍ തനിക്കെതിരെ ഉയരുന്ന എതിര്‍ ശബ്ദങ്ങളെ പോലും ഇല്ലാതാക്കിയ അപൂര്‍വ ചരിത്രം അവകാശപ്പെടാനുണ്ട് മോഡിക്കും ഗുജറാത്ത് പോലീസിനും. ഹരേണ്‍ പാണ്ഡ്യയെന്ന മുന്‍ എം എല്‍ എയുടെ സ്ഥിതി അതാണ്. ഇങ്ങനെ, നിരപരാധികളുടെ ചോര ചിന്തി ഉയര്‍ന്ന ഏകാധിപത്യ പ്രപഞ്ചത്തിലെ ഹിറ്റ്‌ലറെ ഭ്രമണം ചെയ്യുന്ന ഗ്രഹമാണ് മോഡി. അത്തരമൊരു പ്രാധാന്യ ബിംബവത്കരണം സാധ്യമായതിന് ശേഷമാണ് വികസനക്കുമിളയുമായി മോഡി രംഗത്തെത്തിയത്. ചെറിയ കുമിളകള്‍ പൊട്ടിയപ്പോള്‍ എന്ത് കഠിനാധ്വാനം ചെയ്തും വലിയ വലിയ കുമിളകള്‍ സൃഷ്ടിച്ചു. കാണാന്‍ ചന്തമുണ്ടായിട്ടും അത്തരം കുമിളകള്‍ക്ക് ആയുസ്സ് കുറച്ചേ ഉണ്ടായിരുന്നുള്ളൂവെന്ന് മോഡിയും പരിവാരങ്ങളും ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകണം. പ്രധാനമന്ത്രി പദത്തിലേക്ക് വരുന്ന മോഡിക്കും സില്‍ബന്തികള്‍ക്കും അത് മുള്ള് നിറഞ്ഞ ഇരിപ്പിടമാകുമെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ.

അമിത് ഷാക്കെതിരെയാണെങ്കിലും മോഡിക്ക് മാരകമായ പരുക്കേല്‍പ്പിക്കുന്നതാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ പുഷ്പ് ശര്‍മയുടെ രാസായുധം. പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ അട്ടിമറിക്കാന്‍ അമിത് ഷാ, പ്രകാശ് ജാവദേക്കര്‍, ഭൂപേന്ദര്‍ യാദവ്, രാംലാല്‍ തുടങ്ങിയ ബി ജെ പി നേതാക്കള്‍ ഗൂഢാലോചനയ നടത്തിയതിന് തെളിവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പുഷ്പ് ശര്‍മ. അമിത് ഷായെ രക്ഷിക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കുന്ന തന്റെ പക്കലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറുമെന്നാണ് ശര്‍മ പറയുന്നത്. ബി ജെ പി. എം പിമാരും നേതാക്കളും തമ്മിലുള്ള സംഭാഷണങ്ങളാണ് ടേപ്പിലുള്ളത്. തീയതി വെക്കാത്ത ബ്ലാങ്ക് വക്കാലത്ത് ഒപ്പിട്ട് നല്‍കാന്‍ പ്രജാപതിയുടെ മാതാവ് നര്‍മദാ ബായിയെ ബി ജെ പി നേതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് തെളിവായി സംഭാഷണ രേഖയും അദ്ദേഹത്തിന്റെ പക്കലുണ്ട്. ബി ജെ പിയുടെ രാജ്യസഭാ എം പിയും വക്താവുമായ പ്രകാശ് ജാവദേക്കറും രാജ്യസഭാ എം പി ഭൂപേന്ദര്‍ യാദവും ജനറല്‍ സെക്രട്ടറി രാം ലാല്‍ ഗുപ്തയും ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്തു. മധ്യപ്രദേശ് മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ മനോജ് ദ്വിവേദി, അദ്ദേഹത്തിന്റെ സഹായി അഡ്വക്കറ്റ് ഗോവിന്ദ് പുരോഹിത് തുടങ്ങിയവരുടെ പേരും ഇന്നലെ ഫയല്‍ ചെയ്ത ഹരജിയിലുണ്ട്. വക്കാലത്ത് ഉപയോഗിച്ച് കേസിലെ വിചാരണ ഘട്ടത്തില്‍ ഇടപെടുകയെന്ന തന്ത്രമാണ് അമിത് ഷായും കൂട്ടാളികളും പയറ്റുന്നതെന്ന് ശര്‍മ പറഞ്ഞു. എങ്ങനെയുണ്ട്, പ്രധാനമന്ത്രിമാകാന്‍ ഇറങ്ങിപ്പുറപ്പെട്ട കലികാലത്തെ യുഗപുരുഷന്റെ ‘യോഗ്യതകള്‍’. പകല്‍ സമയത്ത് സ്‌കൂളില്‍ കുട്ടികള്‍ക്ക് അക്ഷരം പഠിപ്പിക്കുകയും സ്‌കൂള്‍ കഴിഞ്ഞാല്‍ നാട്ടുകാരെ നേരെയാക്കി സത്‌പേര് സമ്പാദിക്കുകയും രാത്രിയില്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത് നാട്ടുവേശ്യയുടെ വീട് ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യുന്ന രാജഗോപാലന്‍ പിള്ളയെന്ന കഥാപാത്രത്തെ കാക്കനാടന്‍ ‘വസൂരി’യില്‍ വരഞ്ഞിടുന്നുണ്ട്. ആ കഥാപാത്രത്തിനേക്കാള്‍ തരംതാണ നിലവാരമാണ് അമിത് ഷായും കൂട്ടരും പ്രകടിപ്പിച്ചതെന്ന് ഈ ഒരു ഒത്തുകളിയിലൂടെ മനസ്സിലാക്കാം.

ALSO READ  രാജ്യസഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ മൂന്ന് സീറ്റുകള്‍ നേടി ബി ജെ പി, കോണ്‍ഗ്രസ് ഒന്നിലൊതുങ്ങി

ഉത്തേജക മരുന്ന് കഴിച്ച് മെഡലുകള്‍ വാരിക്കൂട്ടുന്ന അത്‌ലറ്റ് ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ ലോക മനഃസാക്ഷിയിലുണ്ടാകുന്ന അവജ്ഞ തന്നെയാണ് മോഡിയോടും കൂട്ടരോടും രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകുക. ഉയരങ്ങള്‍ കീഴടക്കാന്‍ വളഞ്ഞ വഴി മാത്രം ശീലിച്ച ഒരാളെ അത്രപെട്ടെന്ന് ജനങ്ങള്‍ അംഗീകരിക്കില്ല. മോഡി നല്ലൊരു ഭരണാധികാരി ആകേണ്ട എന്ന് ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ ആ വ്യക്തിത്വത്തിന്റെ കളങ്കതയും ദുരൂഹതയുമാണ് ന്യൂനപക്ഷങ്ങളെ അകറ്റുന്നത്. കുടിലത നിറഞ്ഞ ചെയ്തികളെ ഏറ്റുപറഞ്ഞ് ഒരു രാഷ്ട്രീയ വനവാസത്തിന് തയ്യാറാകുകയാണ് കൂട്ടാളികളുടെ തന്നെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാന്യതയുണ്ടെങ്കില്‍ മോഡിയും പരിവാരങ്ങളും തയ്യാറാകേണ്ടത്. അല്ലാത്ത പക്ഷം, ഒരു രാഷ്ട്രീയ സുനാമി തന്നെയായിരിക്കും മോഡിക്കും പക്ഷത്തിനും അഭിമുഖീകരിക്കേണ്ടി വരിക.