Connect with us

Kerala

പണിമുടക്ക് ദിവസം കെ എസ് ആര്‍ ടി സിക്ക് നഷ്ടം ഒരു കോടിയിലേറെ

Published

|

Last Updated

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെ മോട്ടാര്‍ വാഹനങ്ങള്‍ നടത്തിയ പണിമുടക്ക് ദിവസം കെ എസ് ആര്‍ ടി സിക്ക് വന്‍ നഷ്ടം. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങാത്ത ദിവസം സര്‍വീസ് നടത്തിയിട്ടു പോലും ഒരുകോടി പതിനഞ്ച് ലക്ഷം രൂപയാണ് കെ എസ് ആര്‍ ടി സിക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത്. പണിമുടക്ക് ദിവസം ജനങ്ങളാരും പുറത്തിറങ്ങാതിരുന്നതാണ് കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയായത്. സാധാരണ നടത്തുന്നതിനേക്കാള്‍ നൂറിലേറെ സര്‍വീസുകള്‍ കൂടുതല്‍ നടത്തിയ ദിവസമാണ് കെ എസ് ആര്‍ ടിസിക്ക് വന്‍ നഷ്ടം വന്നത്. യാത്രക്കാരില്ലാത്തതോടെ പല സര്‍വീസുകളും കാലിയായി ഓടി. സര്‍വീസ് തുടങ്ങിയതിനാല്‍ ഇത് പകുതി വെച്ച് ക്യാന്‍സല്‍ ചെയ്യാനാകാത്തതും കോര്‍പറേഷന്റെ നഷ്ടം വര്‍ധിപ്പിച്ചു. പണിമുടക്ക് ദിവസം നിരത്തില്‍ യാത്രാക്കാരില്ലാത്തത് മുന്‍കൂട്ടി കാണാന്‍ മാനേജ്‌മെന്റിന് കഴിഞ്ഞതുമില്ല. 
ഓണക്കാലം, പരീക്ഷകള്‍ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ പണിമുടക്കിയ ദിവസം കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തിയത്. തൊഴിലാളികള്‍ ജോലിക്കെത്തുമെന്ന് ഇടതു വലതു ഭേദം കൂടാതെ സംഘടനകള്‍ അറിയിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ബസുകളൊന്നും ഓടാത്ത സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. പണിമുടക്കിന്റെ തലേന്ന് ചൊവ്വാഴ്ച കെ എസ് ആര്‍ ടി സിയുടെ വരുമാനം 4,50, 90,615 രൂപയായിരുന്നു. പണിമുടക്ക് ദിവസത്തെ വരുമാനം 3,35,46,701 രൂപ മാത്രം. നഷ്ടം 1,15,43,914 രൂപ. നൂറിലേറെ സര്‍വീസുകള്‍ കൂടുതല്‍ നടത്തിയ ദിവസമാണ് ഒരു കോടിയിലേറെ രൂപ കെ എസ് ആര്‍ ടിസിക്ക് നഷ്ടമായത്. ചൊവ്വാഴ്ച 4766 സര്‍വീസകുള്‍ നടത്തിയ കെ എസ് ആര്‍ ടി സി, ബുധനാഴ്ച 4,873 സര്‍വീസുകള്‍ നടത്തി. ചൊവ്വാഴ്ച 33,46,872 പേര്‍ യാത്ര ചെയ്ത സ്ഥാനത്ത് പണിമുടക്ക് ദിവസം 28,69,043 യാത്രക്കാര്‍ മാത്രമാണ് സര്‍വ്വീസ് ഉപയോഗിച്ചത്. തലേ ദിവസം 15,19,201 കിലോമീറ്റര്‍ ഓടിയ കെ എസ് ആര്‍ ടി സി പണിമുടക്ക് ദിവസം 17,47,889 കിലോമീറ്റര്‍ ഓടി ഡീസല്‍ എരിച്ചത് മാത്രം മിച്ചം.