നോട്ട് 3 ക്കൊപ്പം സാംസംഗിന്റെ സ്മാര്‍ട്ട് വാച്ചും പുറത്തിറങ്ങി

Posted on: September 5, 2013 5:11 pm | Last updated: September 5, 2013 at 5:11 pm

samsung-galaxy-gearന്യൂയോര്‍ക്ക്: ആപ്പിളിന് കനത്ത തിരിച്ചടി നല്‍കി സാംസംഗ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. ഇന്നലെ പുറത്തിറക്കിയ നോട്ട് 3യോട് ഒപ്പമാണ് ഗ്യാലക്‌സി ഗിയര്‍ എന്ന് പേരുള്ള സ്മാര്‍ട്ട് വാച്ചും സാംസംഗ് പുറത്തിറക്കിയത്. നോട്ട് 3യോടൊപ്പം ആഡ് ഓണായി പ്രവര്‍ത്തിക്കാവുന്ന വിധത്തിലുള്ളതാണ് വാച്ച്. ഇതോടെ വാച്ച് ഉപയോഗിക്കണമെങ്കില്‍ നോട്ട് 3 വാങ്ങണമെന്ന് നിര്‍ബന്ധമായി. ഇത് നോട്ട് 3യുടെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് സാംസംഗിന്റെ കണക്ക്കൂട്ടല്‍.

ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും സംസാരിക്കാനും ഇ മെയിലുകള്‍ അയക്കാനുമെല്ലാം സ്മാര്‍ട്ട് വാച്ചിലൂടെ സാധിക്കും. 299 ഡോളറാണ് അമേരിക്കന്‍ വിപണിയില്‍ വാച്ചിന്റെ വില. 1.9 മെഗാപിക്‌സല്‍ ക്യാമറ, ഓലെഡ് ടച്ച് സ്‌ക്രീന്‍ തുടങ്ങിയവയും ഗ്യാലക്‌സി ഗിയറിന്റെ പ്രത്യേകതയാണ്. 70ഓളം ആപ്ലിക്കേഷനുകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യും. 27 മണിക്കൂര്‍ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്.

ഐ വാച്ച് എന്ന പേരില്‍ ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന സ്മാര്‍ട്ട് വാച്ചിന് കനത്ത തിരിച്ചടിയായിരിക്കും സാംസംഗ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ആപ്പിള്‍ ഐ വാച്ചില്‍ ഉണ്ടാകുമെന്ന് കരുതുന്ന ഫഌക്‌സിബിള്‍ ഡിസ്‌പ്ലേ സാംസംഗിലില്ല.