Connect with us

Ongoing News

ജഗദീഷിന് സെഞ്ച്വറി നഷ്ടം ; ഇന്ത്യ പൊരുതുന്നു

Published

|

Last Updated

വിശാഖപട്ടണം: ന്യൂസിലന്‍ഡ് എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീം പൊരുതുന്നു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 408 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കളി ഇന്ന് അവസാനിക്കാനിരിക്കെ 437 റണ്‍സെടുത്ത കിവീസിനെതിരെ 29 റണ്‍സ് പിറകിലാണ് ആതിഥേയര്‍.
ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റത്തില്‍ തലനാരിഴയ്ക്ക് സെഞ്ച്വറി നഷ്ടമായ മലയാളി താരം വി എ ജഗദീഷിന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയോടെ അനിഷേധ്യനായി നിലകൊള്ളുന്ന ഗുജറാത്തുകാരന്‍ മന്‍പ്രീത് ജുനേജയുടെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് കരുത്തു പകര്‍ന്നത്. ജഗദീഷ് 200 പന്തില്‍ നിന്ന് 91 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജുനേജ 336 പന്ത് നേരിട്ട് 178 റണ്‍സെടുത്ത് ക്രീസിലുണ്ട്. നാലു റണ്ണെടുത്ത ധവാല്‍ കുല്‍ക്കര്‍ണിയാണ് ഒപ്പമുള്ളത്.
രണ്ടാം ദിനം സഖ്യം ചേര്‍ന്ന ജഗദീഷും ജുനേജയും മൂന്നാം വിക്കറ്റില്‍ 197 റണ്‍സാണ് ചേര്‍ത്തത്. ഒമ്പത് ബൗണ്ടറി അടങ്ങുന്നതായിരുന്നു ജഗദീഷിന്റെ ഇന്നിംഗ്‌സ്. മൂന്നാം ദിനം 51 റണ്‍സ് കൂടി ചേര്‍ത്ത ജഗദീഷിനെ 71ാം ഓവറില്‍ ബ്രേസ്‌വെല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
19 ബൗണ്ടറിയും ഒരു സിക്‌സും അടക്കമാണ് ജുനേജ 178 റണ്‍സ് നേടിയത്. ജഗദീഷിനുശേഷമെത്തിയ അഭിഷേക് നായര്‍ കിവീസ് ബൗളര്‍മാരെ സധൈര്യം നേരിട്ടു. പക്ഷേ, 55 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത നായരുടെ വിക്കറ്റും ബ്രേസ്‌വെല്‍ ഇളക്കി. പിന്നീടെത്തിയ ജലജ് സക്‌സേന ഇരുപതും വാഗ് പത്തൊമ്പതും ണ്‍െസെടുത്തു.

 

Latest