Connect with us

Kozhikode

എസ് എസ് എഫ് തര്‍ബിയ: പൊന്മള ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തകരുടെ ആത്മീയവും സംഘടനാപരവുമായ സമഗ്ര പരിശീലനം ലക്ഷ്യമാക്കി സംസ്ഥാനത്തെ ആറായിരത്തോളം യൂനിറ്റ് കേന്ദ്രങ്ങളില്‍ മാസാന്ത തര്‍ബിയ സംഗമങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാന ട്രെയിനിംഗ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഘടകങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് യൂനിറ്റ് തര്‍ബിയ സംഗമങ്ങള്‍. ആത്മീയം, മതം, ആദര്‍ശം, പ്രസ്ഥാനം, ഇസ്‌ലാമിക ചരിത്രം, ഖുര്‍ആന്‍, ഹദീസ് പഠനം, ആനുകാലികം തുടങ്ങിയ വിഷയങ്ങളുള്‍ക്കൊള്ളിച്ച് തര്‍ബിയ പദ്ധതിക്ക് എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കി.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച തിരുവന്തപുരം ബീമാ പള്ളിയില്‍ നടക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിക്കും. പി എ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തും.
തര്‍ബിയ ജില്ലാതല ഉദ്ഘാടനങ്ങള്‍ സെപ്തംബര്‍ 10ന് പൂര്‍ത്തിയാകും. സെപ്തംബര്‍ 30നകം ഒന്നാം ഘട്ട തര്‍ബിയ പരിശീലന പരിപാടികള്‍ പൂര്‍ത്തീകരിക്കും. ഇത് സംബന്ധമായി ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി എ ഫാറൂഖ് നഈമി, അബ്ദുര്‍റശീദ് സഖാഫി കുറ്റിയാടി, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, പി വി അഹ്മദ് കബീര്‍, എ എ റഹീം, റശീദ് നരിക്കോട്, കെ ഐ ബശീര്‍, കെ അബ്ദുല്‍ കലാം, ഉമര്‍ ഓങ്ങല്ലൂര്‍ സംസാരിച്ചു.

Latest