Connect with us

Wayanad

മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

Published

|

Last Updated

കല്‍പറ്റ: ജനജീവിതം ദുസഹമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഡീസലിനും പെട്രോളിനും വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായി. ഓട്ടോറിക്ഷയും ടാക്‌സിയും സ്വകാര്യ ബസുകളും ഇല്ലാത്തതിനാല്‍ ടൗണുകള്‍ വിജനമായിരുന്നു. തുറന്ന കടകളില്‍ തന്നെ കച്ചവടം വളരെ കുറവായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെയും സ്‌കൂളുകളിലെയും ഹാജര്‍ നിലയെയും മോട്ടോര്‍ വാഹന പണിമുടക്ക് പ്രതികൂലമായി ബാധിച്ചു. 
കെ എസ് ആര്‍ ടി സിയും അപൂര്‍വം വിവാഹവും മരണവും പോലെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോവുന്ന സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തില്‍ ഓടിയത്. ജില്ലയില്‍ എവിടെയും വാഹന ഗതാഗതം ആരും തടസപ്പെടുത്തിയില്ല. പണിമുടക്കിന് ആധാരമായ വിഷയങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ദൃഷ്ടാന്തമായി ഗ്രാമീണ പാതകള്‍ പോലും ഒഴിഞ്ഞുകിടന്നു. പണിമുടക്ക് പൂര്‍ണമായും വിജയിപ്പിച്ച പൊതുജനങ്ങളെ സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

Latest