പാല്‍ വില ഉടന്‍ കൂട്ടില്ലെന്ന് മില്‍മ

Posted on: September 4, 2013 5:37 am | Last updated: September 3, 2013 at 11:38 pm

തിരുവനന്തപുരം: പാല്‍ വിലവര്‍ധന ഉടനുണ്ടാകില്ലെന്ന് റീജ്യനല്‍ കോ-ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ വില വര്‍ധിപ്പിച്ചതിനുശേഷം തലസ്ഥാനത്ത് ഒരു ലക്ഷത്തോളം ലിറ്റര്‍ പാലുത്പാദനം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ ഒന്നര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് ഇവിടെയുള്ളത്. തിരുവനന്തപുരം മേഖലാ യൂനിയനില്‍ 42.34 കോടി രൂപയുടെ സാമ്പത്തിക സഹായം ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയ ശേഷം 3.2 കോടി രൂപയുടെ ലാഭം കൈവരിക്കാന്‍ കഴിഞ്ഞു. 
അമ്പലത്തറ ഡെയറിയിലെ പുതിയ പ്രോഡക്ട് ബ്ലോക്കിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കണ്ടലയില്‍ ഒരു കിടാരി വളര്‍ത്തല്‍ യൂനിറ്റും നീര ഉള്‍പ്പെടെയുള്ള കേരോത്പന്ന യൂനിറ്റും സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ഡെയറിയില്‍ പേഡ. സെറ്റ് കര്‍ഡ്, ഫ്‌ളേവേര്‍ഡ് മില്‍ക്, പനീര്‍ എന്നിവയുടെ ഉത്പാദനം ഉടന്‍ ആരംഭിക്കും. ഉത്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഒരു വീറ്റ് ഫഌവര്‍ മില്ലും സ്ഥാപിക്കും.
കൂടാതെ ആട്ട, മൈദ, റവ തുടങ്ങിയവയും ഉത്പ്പാദിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. പാലിതര ഉത്പന്നങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭം കേര കര്‍ഷകര്‍ക്ക് നല്‍കും. തിരുവനന്തപുരം ഡയറിയുടെ പാല്‍ കൈകാര്യ ശേഷി മൂന്ന് ലക്ഷം ലിറ്ററായി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.