Connect with us

Palakkad

നവീകരണത്തിനായി പൊളിച്ചിട്ട റോഡ് മൂന്ന് വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല

Published

|

Last Updated

പാലക്കാട്: റോഡ് പണി പാതിവഴിയിലായത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ആമയൂര്‍ സൗത്ത് – എരുമത്തടം – പൂവക്കോട് റോഡാണ് നവീകരണത്തിനായി പൊളിച്ചിട്ടത്. പണി മുടങ്ങി റോഡ് പൂര്‍ണ്ണമായും തകര്‍ന്നതോടെ വഴി നടക്കാന്‍ പോലും കഴിയാതെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്.
കൊപ്പം പഞ്ചായത്ത് 10ാം വാര്‍ഡ് ആമയൂര്‍ സൗത്തില്‍ നിന്ന് എരുമത്തടം വഴി ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ പൂവക്കോട്, കരിമ്പുള്ളി ഭാഗങ്ങളിലേക്ക് പോകുന്ന റോഡിന്റെ ടാറിംഗും, മെറ്റലിംഗും നടത്തിയ ആദ്യ ഭാഗമാണ് നവീകരിക്കുന്നതിനായി പൊളിച്ചിട്ടത്. 75 ലക്ഷം രൂപ ചെലവില്‍ അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടിയോടെ ആറ് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനായിരുന്നു അന്നത്തെ കരാര്‍.
പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ കരാറുകാരന്‍ പണിയും തുടങ്ങി. 2010ല്‍ പൊളിച്ചിട്ട റോഡ് പാതിപണി പോലും പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് നിറയെ കുഴികള്‍ രൂപപ്പെട്ടു ഇരുചക്ര വാഹനങ്ങള്‍ സഞ്ചരിക്കാതായി. മണ്ണും, ചെളിയും നിറഞ്ഞു നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാകുമ്പോള്‍ കരാറുകാരന്‍ എത്തി കുഴികളില്‍ പാറപ്പൊടിയിടും. കഴിഞ്ഞ നാല് വര്‍ഷങ്ങളിലും ഇതാണു സ്ഥിതി. ഇത്തവണയും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കുഴികളില്‍ പാറപ്പൊടിയിട്ടു കരാറുകാരന്‍ വീണ്ടും മുങ്ങി. റോഡ് പിന്നെയും പൂര്‍വ സ്ഥിതിയിലായി. പടിഞ്ഞാറേ പൂവ്വക്കോട് ഭാഗത്ത് അരികു ഭിത്തി പൊളിഞ്ഞ് റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിലാണ് റോഡിന്റെ അരികുഭിത്തി തകര്‍ന്നത്. പൂവ്വക്കോട് ഓവുപാലത്തിനായി ഇറക്കിയ കരിങ്കല്‍ക്കൂന റോഡില്‍ തന്നെ കിടക്കുന്നതിനാല്‍ മാസങ്ങളായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
റോഡ് നന്നാക്കുന്നതിന് എത്തിച്ച മണ്ണ് സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ കിടക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കൂട്ടിയിട്ട മണ്ണ് കാരണം തോട്ടത്തില്‍ കൃഷി നടത്താന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് ഉടമ പറയുന്നു.
1982ല്‍ പുലാമന്തോള്‍ – പട്ടാമ്പി പാതയില്‍ ആമയൂരില്‍ നിന്ന്, ചെര്‍പ്പുളശ്ശേരി പാതയുമായി ബന്ധിപ്പിച്ച് കൊപ്പം പഞ്ചായത്താണ് റോഡ് പണിതത്. ചെമ്മണ്‍ പാതയായിരുന്നുവെങ്കിലും നടക്കാനും, വാഹനം ഓടിക്കാനും കഴിഞ്ഞിരുന്നു. നവീകരണത്തിന്റ പേരില്‍ റോഡ് പൊളിച്ചിട്ടതോടെയാണ് നാട്ടുകാര്‍ ദുരിതത്തിലായത്.
റോഡിന്റെ ശോച്യാവസ്ഥ കാരണം എരുമത്തടം, സോപ്പ് കമ്പനി, പൂവ്വക്കോട് പ്രദേശവാസികള്‍ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വീര്‍പ്പുമുട്ടുകയാണ്.