ക്ഷയ രോഗ ബാധക്ക് ഏഴ് പതിറ്റാണ്ടിന്റെ പഴക്കം

Posted on: September 3, 2013 12:00 am | Last updated: September 3, 2013 at 12:17 am

വാഷിംഗ്ടണ്‍: മനുഷ്യരിലെ ക്ഷയരോഗ (ടി ബി) ബാധക്ക് 70,000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഠനം. ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടതെന്നും ജനിതക പഠനത്തില്‍ വ്യക്തമായി. ക്ഷയരോഗത്തിനുള്ള മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അപകടകരമായ 39 പുതിയ ജീനുകളെയും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷയരോഗത്തെ ചെറുക്കാനുള്ള ആധുനിക ആന്റിബയോട്ടിക്കുകളെ ചെറുക്കാനുള്ള ശേഷിയാണ് മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ക്ഷയരോഗാണു ജനിതക വ്യതിയാനത്തിലൂടെ നേടിയത്. രോഗം ബാധിച്ചാല്‍ ചികിത്സ ഫലിക്കാതെ രോഗി മരിക്കാനിടയാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
നാച്വറല്‍ ജനിറ്റിക്‌സ് എന്ന ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 259 ടി ബി രോഗാണുവിന്റെ ഡി എന്‍ എകളാണ് പഠനത്തിന് വിധേയമാക്കിയത്. മനുഷ്യരിലാണ് ആദ്യമായി രോഗം കണ്ടെത്തിയതെന്നാണ് പുതിയ പഠനം പറയുന്നത്. ആളുകള്‍ ഒന്നിച്ച് ജീവിച്ചത് മൂലവും മറ്റും രോഗം വ്യാപിച്ചെന്നാണ് അനുമാനം. നേരത്തെയുള്ള പഠനങ്ങള്‍ പ്രകാരം 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുകയായിരുന്നുവെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്.