വിളംബരമായി തലസ്ഥാനത്ത് 25ന് സംയുക്ത തൊഴിലാളി റാലി

Posted on: September 3, 2013 5:48 am | Last updated: September 2, 2013 at 11:48 pm

കൊച്ചി: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി 25ന് തിരുവനന്തപുരത്ത് അരലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന റാലി നടത്തും. ഇന്നലെ നടന്നതൊഴിലാളികളുടെ സംസ്ഥാന, സംയുക്ത കണ്‍വെന്‍ഷനാണ് ഈ തീരുമാനം കൈക്കൊണ്ടത്. അടുത്ത മാസം 12ന് നടക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ചിന്റെ മുന്നോടിയായാണ് തലസ്ഥാനത്തെ റാലി.

പാര്‍ലിമെന്റ് മാര്‍ച്ച് നടക്കുന്ന ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും റാലികള്‍ സംഘടിപ്പിക്കും. മൂന്ന് കൊല്ലങ്ങളായി പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങളിലൂടെ തൊഴിലാളി യൂനിയനുകള്‍ മുന്നോട്ടുവെക്കുന്ന ജനങ്ങളുടെ ഉപജീവനവുമായി ബന്ധപ്പെട്ട നിര്‍ണായക ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നിസ്സംഗത പുലര്‍ത്തുന്ന സാഹചര്യത്തിലാണ് വീണ്ടും തൊഴിലാളി സംഘടനകള്‍ ദേശീയപ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 20, 21 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്കിലെ അഭൂതപൂര്‍വമായ ഐക്യവും പങ്കാളിത്തവും പ്രകടമാക്കിയ എല്ലാ ട്രേഡ് യൂനിയനുകളും വീണ്ടും ഒത്തൊരുമിച്ച് ഉയര്‍ത്തുന്ന ചെറുത്തു നില്‍പ്പില്‍ കേരളത്തിലെ എല്ലാ തൊഴിലാളി സംഘടനകളും ഫെഡറേഷനുകളും കൈകോര്‍ക്കുമെന്ന പ്രഖ്യാപനം കൂടിയായി ഇന്നലെ നടന്ന സംസ്ഥാന കണ്‍വെന്‍ഷന്‍. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, ബി എം എസ് സംസ്ഥാന പ്രസിഡന്റ് എം പി ഭാര്‍ഗവന്‍, എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, എച്ച് എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടോം തോമസ്, എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം സംസാരിച്ചു. ജെ ഉദയഭാനു സമര പരിപാടികള്‍ വിശദീകരിച്ചു.
പാര്‍ലിമെന്റ് മാര്‍ച്ചിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം പുനഃസംഘടന, പുറം കരാര്‍ എന്നിവയെ കാര്യക്ഷമമായി എതിര്‍ത്ത് വിവിധ മേഖലകളിലെ പ്രശ്‌നങ്ങളും അവകാശങ്ങളും ഉയര്‍ത്തി മേഖലാധിഷ്ഠിത പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും ഐക്യവേദി നേതൃത്വത്തെ കണ്‍വെന്‍ഷന്‍ ചുമതലപ്പെടുത്തി. 20ന് ചേരുന്ന നേതൃയോഗം വിശദമായ പരിപാടികള്‍ നിശ്ചയിക്കും.
മിനിമം കൂലി 10000 രൂപയാക്കുക, കരാര്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇവക്കായും തുടര്‍ പ്രക്ഷോഭങ്ങള്‍ സംയുക്തമായി ഓരോ മേഖലയിലും ഉയര്‍ത്തിക്കൊണ്ടു വരും.