Connect with us

National

'ഭീമന്‍ വിമാനം' സേനയുടെ ഭാഗമായി

Published

|

Last Updated

ഹിന്ദോണ്‍ (ഉത്തര്‍പ്രദേശ്): വന്‍ ഭാരവാഹകശേഷിയുള്ള സി- 17 ട്രാന്‍സ്‌പോര്‍ട്ട് വിമാനം വ്യോമസേനയുടെ ഭാഗമായി. യുദ്ധമുന്നണിയിലേക്ക് പെട്ടെന്ന് സൈനികരെയും ടാങ്കുകള്‍ അടക്കമുള്ള യുദ്ധസാമഗ്രികളും എത്തിച്ച് ഇന്ത്യന്‍ സായുധ സേനക്ക് ഏറെ മുതല്‍ക്കൂട്ടാകുന്ന വിമാനമാണിത്. പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് സമര്‍പ്പണം ഔപചാരികമായി നിര്‍വഹിച്ചത്. ഹിന്ദോണ്‍ വ്യോമത്താവളത്തിലായിരുന്നു ചടങ്ങ്.
70 ടണ്‍ ഭാരമുള്ള സി-17 ഗ്ലോബ്മാസ്റ്റര്‍ 111 വിമാനം അമേരിക്കയില്‍ നിന്ന് വാങ്ങിയതാണ്. 20,000 കോടി രൂപയുടെ ആയുധ ഇടപാടിന്റെ ഭാഗമാണിത്. പ്രതീകാത്മകമായി പ്രതിരോധമന്ത്രി എ കെ ആന്റണി വിമാനത്തിന്റെ താക്കോല്‍ യൂനിറ്റ് കമാന്‍ഡിംഗ് ഓഫീസര്‍ക്ക് കൈമാറി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അത്യാധുനിക താവളങ്ങളില്‍ നിന്നും വടക്കന്‍ സംസ്ഥാനങ്ങളിലേയും അന്തമാന്‍- നിക്കോബര്‍ ദ്വീപുകളിലേയും സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള താവളങ്ങളില്‍ നിന്നും ഈ ഭീമന്‍ വിമാനം സര്‍വീസ് നടത്തും. 70 ടണ്‍ ചരക്കും സായുധരായ 150 ജവാന്മാരെയും വഹിക്കാന്‍ ശേഷിയുള്ളതാണ് സി-17 വിമാനം. വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും വലിയ വിമാനമായ റഷ്യന്‍ നിര്‍മിത ഐ എല്‍ – 76ന് പകരം വെക്കാനുള്ളതാണ് ഇത്. ഐ എല്‍- 76ന് 40 ടണ്‍ വരെ ഭാരമാണ് വഹിക്കാനാവുക.
2011ല്‍ അമേരിക്കയുമായി ഒപ്പുവെച്ച കരാര്‍ അനുസരിച്ച് പത്ത് സി-17 വിമാനമാണ് ഇന്ത്യ വാങ്ങുന്നത്. ഇതില്‍ മൂന്നെണ്ണം ഇതിനകം കൈമാറിയിട്ടുണ്ട്.

 

Latest