യഡിയൂരപ്പയെ ബി ജെ പിയിലേക്ക് കൊണ്ടുവരാന്‍ തിരക്കിട്ട ശ്രമം

Posted on: September 3, 2013 5:33 am | Last updated: September 2, 2013 at 11:34 pm

ബംഗളുരു: ബി എസ് യഡിയൂരപ്പയെ ബി ജെ പിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കര്‍ണാടകയില്‍ തിരക്കിട്ട ശ്രമങ്ങള്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ തന്നെ യഡിയൂരപ്പക്ക് വേണ്ടി മുന്നോട്ടുവന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തി. മുന്‍ മന്ത്രിമാരായ അരവിന്ദ് ലിംബാവലി, ഉമേഷ് കാട്ടി, ബസവരാജ് ബൊമ്മൈ എന്നിവര്‍ യഡിയൂരപ്പ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച തങ്ങളുടെ നിലപാട് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്.
മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യഡിയൂരപ്പയുടെ കര്‍ണാടക ജനപക്ഷ പാര്‍ട്ടി (കെ ജെ പി) പത്ത് ശതമാനം വോട്ട് നേടിയിരുന്നു. ഇത് അദ്ദേഹത്തിന്റെ ശക്തി തെളിയിക്കുന്നതാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ചില നേതാക്കള്‍ യഡിയൂരപ്പയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗിനെയും മറ്റ് നേതാക്കളെയും ധരിപ്പിക്കുമെന്നും പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള തവാര്‍ ചന്ദ് ഗെഹ്‌ലോട്ട് മുഖേനയായിരിക്കും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക. ജൂണ്‍ 29ന് നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതായിരുന്നു യഡിയൂരപ്പ വിഷയത്തില്‍ നടന്ന ആദ്യ ഔദ്യോഗിക ചര്‍ച്ച. ഇതേ ആവശ്യം മുന്‍നിര്‍ത്തി കഴിഞ്ഞയാഴ്ച നേതാക്കള്‍ പാര്‍ട്ടി എം പി. ഡി ബി ചന്ദ്ര ഗൗഡയുടെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.