Connect with us

Ongoing News

നാട്ടുകാര്‍ക്ക് ഇല്ലാത്ത 'ആധാര്‍' നേപ്പാളികള്‍ക്ക്

Published

|

Last Updated

പാനൂര്‍: ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി നല്‍കുന്ന ആധാര്‍ കാര്‍ഡ് നേപ്പാളി പൗരന്മാര്‍ക്കും ലഭിച്ചു. ആധികാരികമായ ഒരു തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കാതെയാണ് ഇവര്‍ ആധാര്‍ കരസ്ഥമാക്കിയത്. കടവത്തൂര്‍ മേഖലയില്‍ ഗൂര്‍ഖയായി ജോലി ചെയ്യുന്ന നേപ്പാളി പൗരന്മാരായ തെണ്ടപറമ്പില്‍ പീടിക മുറിയില്‍ താമസിക്കുന്ന ഹരിപ്രസാദിന്റെ മകന്‍ പ്രകാശ് കുമാര്‍, ചന്ദ്രദേവിന്റെ മകന്‍ കെ ശിവരാജ് എന്നിവര്‍ക്കാണ് യാതൊരു രേഖയും സമര്‍പ്പിക്കാതെ ആധാര്‍ ലഭിച്ചത്. രണ്ട് പേരും ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നതെങ്കിലും ആധാറില്‍ വ്യത്യസ്ത വിലാസമാണ് നല്‍കിയിരിക്കുന്നത്.

സാധാരണ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പിയുള്‍പ്പെടെ നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇവര്‍ക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഐഡന്റിറ്റി കാര്‍ഡോ ഡ്രൈവിംഗ് ലൈസന്‍സോ ഒന്നുമില്ല. പ്രകാശ് കുമാറിന്റെ ആധാര്‍ നമ്പര്‍ 3476 7364 6830 എന്നാണ്. ശിവരാജിന്റെത് 736793 343734ഉം. രണ്ട് പേരുടെയും ആധാര്‍ കാര്‍ഡില്‍ ഒരേ ഫോണ്‍ നമ്പറാണ് കാണിച്ചിട്ടുള്ളത്.
സെന്‍സസ് കണക്കെടുപ്പിന്റെ ഭാഗമായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവര്‍ താമസിക്കുന്ന മുറിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ പി ആര്‍ കാര്‍ഡിന്റെ ഫോട്ടോയെടുക്കാന്‍ കടവത്തൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. ഇവരുടെ കൈവശം സ്വന്തമായി നിര്‍മിച്ച ഒരു ഐഡന്റിറ്റി കാര്‍ഡാണുള്ളത്. ഇതില്‍ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ സീല്‍ പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആധികാരികമായ ഒപ്പ് ഇല്ല. ഈ കാര്‍ഡാണ് ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ എടുക്കുന്ന ദിവസം നേപ്പാളികളായ ഗൂര്‍ഖകള്‍ കാണിച്ചത്.
അതേസമയം, പാനൂര്‍ മേഖലയിലെ പോലീസ് സ്റ്റേഷനില്‍ ഗൂര്‍ഖകളുടെ ഒരു വിവരവും ശേഖരിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. തെണ്ടപ്പറമ്പില്‍ താമസിക്കുന്ന നേപ്പാളികളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ സീല്‍ വെച്ചിട്ടില്ലെന്ന് കൊളവല്ലൂര്‍ പോലീസ് പറയുന്നു. പശ്ചിമ നേപ്പാളിലെ കൈലാലി ജില്ലയില്‍പ്പെട്ട മല്ലകെട്ടി പഞ്ചായത്തിലെ കമൗറാ വില്ലേജിലാണ് രണ്ട് ഗൂര്‍ഖകളുടെ യഥാര്‍ഥ സ്ഥലം. ആരെങ്കിലും ഇവരെ സമീപിച്ചാല്‍ കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സീല്‍ പതിപ്പിച്ച രേഖയാണ് കാണിച്ചുകൊടുക്കുക. തങ്ങളുടെ എല്ലാ വിവരങ്ങളും സ്റ്റേഷനിലുണ്ടെന്നും ഇവര്‍ പറയുന്നു.
വാടക മുറികളില്‍ മാറിമാറി താമസിക്കുന്ന ഇവര്‍ എങ്ങനെയാണ് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. ആധാറിന് അപേക്ഷിച്ച നിരവധി പേര്‍ കാര്‍ഡ് കിട്ടാതെ കാത്തിരിക്കുന്നതിനിടയിലാണ് ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഈ തിരിച്ചറിയല്‍ കാര്‍ഡ് നേപ്പാളികള്‍ക്ക് ലഭിച്ചത്.