സിം പുനര്‍ രജിസ്‌ട്രേഷന്‍: വിച്ഛേദിച്ചത് 30 ലക്ഷം കണക്ഷനുകള്‍

Posted on: September 2, 2013 7:51 pm | Last updated: September 2, 2013 at 7:51 pm

simദുബൈ: രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി നടപ്പാക്കിയ സിം പുനര്‍ രജിസ്‌ട്രേഷന്‍ പദ്ധതിയില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് അധികൃതര്‍ വിച്ഛേദിച്ചത് 30 ലക്ഷം കണക്ഷനുകള്‍. സിം രജിസ്‌ട്രേഷനുള്ള അഞ്ചാം ഘട്ട സമയപരിധി അവസാനിച്ചപ്പോഴാണ് സമയപരിധിക്കുള്ളില്‍ പുനര്‍ രജിസ്റ്റര്‍ ചെയ്യാത്ത 30 ലക്ഷം കണക്ഷനുകള്‍ ഇത്തിസലാത്തും ഡുവും വിച്ഛേദിച്ചത്.

ഇതുവരെ 1.2 കോടി ഉപഭോക്താക്കളാണ് സിം കാര്‍ഡുകള്‍ പുനര്‍ രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ ആളുകള്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതോടെ ഈ സംഖ്യ വര്‍ധിക്കുമെന്ന് ട്രാ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗനീം പറഞ്ഞു. ഇനിയും 40 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടാവുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. വിവിധ ഘട്ടങ്ങളായുള്ള രജിസ്‌ട്രേഷന്‍ പദ്ധതിയുടെ അവസാന ഘട്ടം അടുത്ത വര്‍ഷമായിരിക്കും.
സിം രജിസറ്റര്‍ ചെയ്യാന്‍ ഇത്തിസലാത്തില്‍ നിന്നും ഡൂവില്‍ നിന്നും സന്ദേശം ലഭിക്കുകയും 90 ദിവസത്തിനകം ഇതിന് ശ്രമിക്കാതിരിക്കുകയും ചെയ്താല്‍ ഇവരുടെ സിംമ്മില്‍ നിന്നും പുറത്തേക്കുള്ള കോളുകളും ടെസ്റ്റ് മെസേജുകളും തടയും. വീണ്ടും 90 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ടെലികോം കമ്പനികള്‍ തടയുമെന്നും അദ്ദേഹം വിശദീകരിച്ചു.
മൊബൈല്‍ സിം ദുരുപയോഗം തടയുകയെന്ന ലക്ഷ്യവുമായി രാജ്യത്തെ പരമോന്നത ടെലികോം അതോറിറ്റിയായ ട്രാ(ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി)യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതാണ് സിം രജിസ്‌ട്രേഷന്‍ പദ്ധതി.
മൊബൈല്‍ ദുരുപയോഗത്തിലൂടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനുമുണ്ടാവുന്ന ഭീഷണി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രായുടെ നേതൃത്വത്തില്‍ മൈ നമ്പര്‍ മൈ ഐഡന്റിറ്റി എന്ന പേരില്‍ സിം രജിസ്‌ട്രേഷന്‍ കാമ്പയില്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തിനും ഡുവിനും ട്രാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പദ്ധതിക്ക് വേഗം കൂട്ടാന്‍ 2012 ഒക്ടോബറില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ട്രായുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു.
അംഗീകൃത കേന്ദ്രങ്ങളില്‍ ചെന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയെന്നത് സമയവും പണവും നഷ്ടപ്പെടുത്തുന്നതായതിനാലാണ് തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യവും കൂടി മുന്‍നിര്‍ത്തി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2012 ജുലൈ മധ്യത്തിലാണ് സിം രജിസ്‌ട്രേഷന്‍ പദ്ധതിക്ക് അധികൃതര്‍ തുടക്കമിട്ടത്. രാജ്യത്തെ ടെലികോം നയങ്ങളും ചട്ടങ്ങളും രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ട്രാ നടത്തിയ പഠനങ്ങളില്‍ പലരും സ്വന്തം സിം കാര്‍ഡുകളല്ല ഉപയോഗിക്കുന്നതെന്നും ഇത് ഇവയുടെ ദുരുപയോഗത്തിന് വഴിവക്കുന്നതായും കണ്ടെത്തിയിരുന്നു.
കാര്‍ഡുകളുടെ ദുരുപയോഗം കുറ്റ കൃത്യങ്ങളിലേക്ക് നയിക്കുന്നതായി ട്രാ ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗാനിമും മുമ്പ് വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തും ഡുവും സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി വിവിധ ഘട്ടങ്ങളിലായി ദീര്‍ഘിപ്പിച്ചിരുന്നു. ട്രായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിയ്യതി ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സിം രജിസ്്റ്റര്‍ ചെയ്യാന്‍ എസ് എം സ് സന്ദേശം ലഭിക്കാത്തവര്‍ ഇപ്പോള്‍ റീ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും സന്ദേശം ലഭിച്ച ശേഷം മാത്രം കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.