കുന്ദമംഗലത്ത് ഡിവൈഡറുകള്‍ വാഹനമിടിച്ച് തകരുന്നു

Posted on: September 2, 2013 8:04 am | Last updated: September 2, 2013 at 8:04 am

കുന്ദമംഗലം: ഗതാഗത പരിഷ്‌കരണങ്ങളുടെ ഭാഗമായി കുന്ദമംഗലം ടൗണില്‍ ദേശീയപാതയില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ വാഹനങ്ങളിടിച്ച് തകരുന്നത് പതിവായി. യു പി സ്‌കൂള്‍ പരിസരം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കവാട ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ പൂര്‍ണമായും അപത്യക്ഷമായി. അങ്ങാടിയുടെ ഹൃദയഭാഗത്ത് ഏതാനും ബോര്‍ഡ് മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
വാഹനങ്ങള്‍ തട്ടി ഫെയിമുകളും മറ്റും റോഡിന്റെ നടുവിലേക്ക് തൂങ്ങിനില്‍ക്കുന്ന ഡിവൈഡര്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുമ്പോള്‍ നാട്ടുകാര്‍ റോഡരികിലേക്ക് മാറ്റിയിടുകയാണ്. സാംസ്‌കാരിക നിലയത്തിലും യു പി സ്‌കൂളിന് സമീപത്തെ ഫുട്പാത്തിലും ഡിവൈഡര്‍ മാറ്റിയിട്ട നിലയിലാണ്. മാറ്റിവെക്കുന്ന ബോര്‍ഡുകളിലെ ഇരുമ്പ് ഷീറ്റുകള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതായും പരാതിയുണ്ട്.
സ്വകാര്യ കമ്പനികളുടെ പരസ്യങ്ങള്‍ വെച്ച് നിരവധി തവണ ഡിവൈഡര്‍ സ്ഥാപിച്ചെങ്കിലും ഇതിനെല്ലാം ആയുസ്സ് വളരെ കുറവായിരുന്നു. സിഗ്നലുകള്‍ ഇല്ലാത്തതും ദൂരെ നിന്ന് ഡ്രൈവര്‍മാര്‍ക്ക് ബോര്‍ഡ് കാണാത്തതുമാണ് വാഹനങ്ങള്‍ ഇടിച്ച് തകരാന്‍ കാരണമാകുന്നതെന്നാണ് വാഹന ഉടമകളുടെ പരാതി. സ്ഥിരം ഡിവൈഡര്‍ സ്ഥാപിച്ചാല്‍ അങ്ങാടിയിലെ ഗതാഗത ക്കുരുക്കും തിരക്കും ഒഴിവാക്കാനാകുമെന്നും കാല്‍നടക്കാര്‍ക്ക് എളുപ്പത്തില്‍ റോഡ് മുറിച്ചുകടക്കാന്‍ കഴിയുമെന്നും നാട്ടുകാര്‍ പറയുന്നു.