Connect with us

Malappuram

അക്രമം ഭയന്ന് വികസനം നിര്‍ത്തിവെക്കാനാകില്ല: മന്ത്രി അലി

Published

|

Last Updated

വണ്ടൂര്‍: അക്രമം ഭയന്ന് വികസനം നിര്‍ത്തിവെക്കാനാവില്ലെന്നും അതുമുടക്കാന്‍ നിറം മങ്ങിയ ചെങ്കൊടിക്ക് കരുത്തില്ലെന്നും തെളിയിക്കുന്നതാണ് സി പി എം നടപടിയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്. 33 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ ആറാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി വന്നത്. 44 ലക്ഷം ജനങ്ങളുള്ള മലപ്പുറം ജില്ലയുടെയും സമീപ ജില്ലകളുടെയും ദീര്‍ഘകാലത്തെ സ്വപ്‌നത്തിന്റെ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ കറുപ്പിച്ചെടുക്കാനാണ് ഇടതുമുന്നണി ശ്രമിച്ചത്. ദരിദ്രരും സാധാരണക്കാരുമായ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിയതിന് എന്താണിത്ര അസഹിഷ്ണുത.
നിലമ്പൂരില്‍ എന്നെ അക്രമിച്ചതുകൊണ്ടും യു ഡി എഫിന്റെ നയം മാറില്ല, വികസന, ക്ഷേമ പദ്ധതികള്‍ മുടങ്ങുകയുമില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്യുന്നതാണ് പ്രതിഷേധമെങ്കില്‍ പിന്നെന്ത് ജനാധിപത്യം.
സെക്രട്ടറിയറ്റിലെ സമരപരാജയത്തിന്റെ നാണക്കേടുമാറ്റാനാണ് പുതിയ സമരമുറയെങ്കില്‍ സമരക്കാര്‍ അനുഭവിക്കുകതന്നെ ചെയ്യും. സംഘം ചേര്‍ന്ന് അക്രമിക്കുന്ന കാടത്തം മാറ്റാതെ സി പി എമ്മിന്റെ വികൃതമുഖം മാറില്ല.
ചെരുപ്പും ചീമുട്ടയും വോട്ടാവില്ലെന്ന് ഇനിയും തിരിച്ചറിഞ്ഞില്ലെ. അതോ അവസാന വഴി ഇതാണെന്ന് നേതാക്കള്‍ കരുതിയതാണോ. എന്തുതന്നെയായാലും പാവങ്ങളുടെ കണ്ണീരൊപ്പി, അശരണര്‍ക്ക് ആശ്വാസമേകി സര്‍ക്കാര്‍ മുന്നോട്ടുപോകുകതന്നെ ചെയ്യും. ജില്ലയുടെ ആഘോഷങ്ങള്‍ക്ക് നേരെ കരിങ്കൊടിയുമായി വന്ന് കലാപം നടത്തിയവര്‍ക്ക് ജനം മറുപടി നല്‍കും. വൈകാതെ അത് സിപിഎമ്മിനും മുന്നണിക്കും ബോധ്യപ്പെടുകയും ചെയ്യുമെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു.

---- facebook comment plugin here -----

Latest