കോപ്റ്റര്‍ ഇടപാട്: സൈനിക ഉദ്യോഗസ്ഥരെ സി ബി ഐ ചോദ്യം ചെയ്യും

Posted on: September 2, 2013 7:25 am | Last updated: September 2, 2013 at 7:26 am

helicopter_dealന്യൂഡല്‍ഹി: ഹെലികോപ്ടര്‍ ഇടപാടില്‍ സൈനിക ഉദ്യോഗസ്ഥരെ സി ബി ഐ ഉടനെ ചോദ്യം ചെയ്യും. 197 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. വി വി ഐ പി ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് അഗുസ്ത വെസ്റ്റ്‌ലാന്‍ഡിനെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തിലുള്ള അന്വേഷണത്തിനിടയിലാണ് ലൈറ്റ് യൂട്ടിലിറ്റി ഇടപാടും വെളിച്ചത്ത് വന്നത്.
2010ല്‍ ഹെലികോപ്ടറുകളുടെ പരീക്ഷണപ്പറക്കലിന് നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍, കമ്പനിക്ക് അനുകൂലമായ കരാറിന് വേണ്ടി 50 ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. വി വി ഐ പി ഹെലികോപ്ടര്‍ ഇടപാടില്‍ അഗുസ്ത വെസ്റ്റ്‌ലാന്‍ഡിനും ഫിന്‍ മെക്കാനിക്കക്കും എതിരെയുള്ള ആരോപണങ്ങളില്‍ ഇറ്റാലിയന്‍ അധികൃതരുടെ അന്വേഷണത്തില്‍ ഈ ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെട്ടിട്ടുണ്ട്.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സി ബി ഐ, പരീക്ഷണപ്പറക്കലിന് നേതൃത്വം നല്‍കിയ അഞ്ച് സൈനിക ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരെ ചോദ്യം ചെയ്തതിനു ശേഷം അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയും.
കരാര്‍, കമ്പനിക്ക് അനുകൂലമാകുന്നതിന് സൈനിക ഉദ്യോഗസ്ഥര്‍ 50 ലക്ഷം ഡോളര്‍ ആവശ്യപ്പെട്ട രേഖകള്‍ ഇറ്റാലിയന്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മറ്റ് രേഖകളോടൊപ്പം സൈനികരുടെ കത്തും ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2010 ജനുവരിയില്‍ ബംഗളൂരുവില്‍ വെച്ചാണ് കമ്പനിയുമായി സൈനിക ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടത്. കരാര്‍ പുരോഗമിക്കുന്ന കാര്യങ്ങള്‍ ഇയാള്‍ കമ്പനിയെ അറിയിച്ചിരുന്നു. കരാര്‍ ലഭിക്കാന്‍ രംഗത്തുണ്ടായിരുന്ന മൂന്ന് കമ്പനികളുടെ പോരായ്മകള്‍ ഇയാള്‍ ഇറ്റാലിയന്‍ കമ്പനിയെ അറിയിച്ചു. പരീക്ഷണപ്പറക്കല്‍ സമയത്ത് സഹായിക്കാമെന്നും ഏറ്റു.
ക്രമക്കേടുകള്‍ വെളിച്ചത്തായതിനെ തുടര്‍ന്ന് കോപ്ടര്‍ ഇടപാട് മരവിപ്പിച്ചിരിക്കുകയാണ്. ചീറ്റ, ചേതക് കോപ്ടറുകള്‍ക്ക് പകരം ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് 197 ലൈറ്റ് കോപ്ടറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.