റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തുന്നു; പിന്നില്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബി

Posted on: September 2, 2013 6:00 am | Last updated: September 2, 2013 at 12:50 am

godownകൊല്ലം : സംസ്ഥാനത്ത് റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ വന്‍തോതില്‍ സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തുന്നു. ഓണം ലക്ഷ്യമിട്ട് സ്വകാര്യ ഗോഡൗണുകളില്‍ ഇത്തരത്തില്‍ ടണ്‍ കണക്കിന് അരി അനധികൃതമായി സംഭരിക്കുന്നത് നിര്‍ബാധം തുടരുകയാണ്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ ലോബിയുടെയും മൗനാനുവാദത്തോടെയാണ് അരി കടത്ത് വ്യാപകമായിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ കന്റോണ്‍മെന്റിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് 25 ടണ്‍ റേഷന്‍ സാധനങ്ങള്‍ പിടികൂടിയതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ജില്ലയിലെ ഒരു റേഷന്‍ കടക്ക് അനുവദിച്ച ഇത്രയും സാധനങ്ങള്‍ കൊണ്ടുപോകാതെ സ്വകാര്യ ഗോഡൗണിലേക്ക് കടത്താന്‍ രണ്ട് ദിവസം സൂക്ഷിച്ചതിനും പിന്നീട് മലബാര്‍ മേഖലയിലേക്ക് ലോറിയില്‍ കടത്താന്‍ ശ്രമിച്ചതിനും പിന്നില്‍ ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ജില്ലയില്‍ ഇപ്പോള്‍ അനധികൃത അരി കടത്തല്‍ പിടിക്കുന്നതും സ്വകാര്യ ഗോഡൗണുകളില്‍ റെയ്ഡുകള്‍ നടക്കുന്നതും.
ദിനംപ്രതി നൂറുകണക്കിന് ചാക്ക് അരിയാണ് സംസ്ഥാനത്തെ വിവിധ സ്വകാര്യ ഗോഡൗണുകളിലേക്ക് ഇത്തരത്തില്‍ കടത്തുന്നത്. അനധികൃതമായി അരി കടത്തുന്ന സംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന കുടിപ്പക മറ നീക്കി പുറത്തുവരുമ്പോള്‍ മാത്രമാണ് അരികടത്തുന്ന വിവരം പോലീസിന് അറിയാന്‍ കഴിയുന്നത്. നിരവധി തവണ കടത്തുമ്പോള്‍ പിടിക്കപ്പെടുന്നത് ഒന്നോ രണ്ടോ ലോറി മാത്രമാണ്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കേണ്ട അരി ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങളുടെ കടത്ത് അനസ്യൂതം തുടരുമ്പോഴും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മറ്റും പേരിന് മാത്രമാണ് റെയ്ഡ് നടത്തി അനധികൃത കടത്തും സംഭരണവും പിടിക്കുന്നത്.
നേരത്തെ, റേഷന്‍ കടകള്‍ കേന്ദ്രീകരിച്ചായിരുന്നു സാധനങ്ങള്‍ സ്വകാര്യ ഗോഡൗണുകളിലേക്കും കരിഞ്ചന്തയി ലേക്കും കടത്തിയിരുന്നതെങ്കില്‍ ഇന്ന് ഈ രീതി മാറി. ഇപ്പോള്‍ ഒന്നിലധികം റേഷന്‍ കടയുടമകള്‍ ചേര്‍ന്ന് അവര്‍ക്ക് വിഹിതമായി ലഭിക്കുന്ന റേഷന്‍ സാധനങ്ങളില്‍ കുറച്ചു മാത്രം കടകളിലേക്ക് കൊണ്ടുപോകുകയും ബാക്കി ഗോഡൗണുകളില്‍ തന്നെ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഇത് സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്താനും പണം എത്തിക്കാനും പ്രത്യേക ഏജന്റുമാരുണ്ട്. ഈ സാധനങ്ങള്‍ ചങ്ങനാശ്ശേരി, കോതമംഗലം, പെരുമ്പാവൂര്‍, ചിറ്റൂര്‍ തുടങ്ങിയ മേഖലകളിലെ അരി മില്ലുകളിലാണ് എത്തിക്കുന്നതെന്ന് ഇത് സംബന്ധിച്ച അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അരിക്ക് നിറം പിടിപ്പിക്കുന്ന പ്രവൃത്തി വരെ സമീപകാലത്ത് ചില ഗോഡൗണുകളില്‍ നടന്നിരുന്നു. കൊല്ലം ജില്ലയില്‍ കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂര്‍ താലൂക്കുകളിലാണ് അരിക്കടത്ത് വന്‍തോതില്‍ നടക്കുന്നത്. ഇവിടങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ മൊത്ത വ്യാപാര വിതരണ ഡിപ്പോകളില്‍ നിന്നാണ് റേഷന്‍ സാധനങ്ങള്‍ കടകള്‍ക്ക് നല്‍കുന്നത്. റേഷന്‍ കടകള്‍ക്ക് അനുവദിച്ച അലോട്ട്‌മെന്റില്‍ കുറച്ചുമാത്രം റേഷന്‍ കടകളിലേക്ക് കൊണ്ടുപോയി ബാക്കിയുള്ളവ സ്വകാര്യ ഗോഡൗണുകളിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. ഓരോ മാസവും വന്‍തുകയാണ് ഉദ്യോഗസ്ഥര്‍ക്ക് റേഷന്‍ കടക്കാര്‍ മാസപ്പടിയായി നല്‍കുന്നത്.
സംസ്ഥാനത്ത് എവിടെയൊക്കെ ഇത്തരത്തില്‍ അനധികൃത അരി സംഭരണം നടക്കുന്നുവെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി അറിയാമായിട്ടും നടപടി ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ ഗോഡൗണില്‍ നിന്ന് അടുത്തിടെ വന്‍ തോതില്‍ അരി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴും ഇവിടെ റേഷനരി എത്തിച്ച് നിറം ചേര്‍ത്ത് വിവിധ ബ്രാന്‍ഡുകളിലെ പാക്കറ്റുകളിലും ചാക്കുകളിലും നിറക്കുന്നത് പതിവായിട്ടുണ്ട്. ഓണം അടുത്തതോടെ ഗുണനിലവാരം കുറഞ്ഞ അരി കൂടിയ ബ്രാന്‍ഡുകളില്‍ വിവിധ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ വില്‍പ്പനക്ക് തയാറാക്കി കഴിഞ്ഞു. കൈനിറയെ കോഴ വാങ്ങി ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുകയാണെന്ന ആരോപണം ശക്തമാണ്.