ഒരു ആദരണീയനും രണ്ട് അതൃപ്തരും

Posted on: September 2, 2013 6:00 am | Last updated: September 1, 2013 at 10:57 pm

manmohan singhശാന്തശീലനും മൃദുഭാഷിയുമായ നമ്മുടെ പ്രധാനമന്ത്രി (ശരിയല്ലെന്ന് അറിയാമെങ്കിലും ശീലങ്ങള്‍ മാറ്റുക എളുപ്പമല്ല. അതിനാലാണ്”നമ്മുടെ’ എന്നെഴുതിപ്പോകുന്നത്) പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തോട് കയര്‍ക്കുന്നു. കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമായ നിലപാട് സ്വീകരിക്കാത്ത പ്രതിപക്ഷത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ ഉത്തരവാദിത്വമുണ്ടെന്ന ആരോപണം ഉറച്ച ശബ്ദത്തില്‍ തന്നെ ഉന്നയിച്ചു.
ഡോ. മന്‍മോഹന്‍ സിംഗിന്റെയും ധനമന്ത്രിയായിരുന്ന പ്രണാബ് കുമാര്‍ മുഖര്‍ജിയുടെയും വിശ്വസ്തനായിരുന്നു ദുവ്വുരി സുബ്ബ റാവു. ധന സെക്രട്ടറിയായിരുന്ന സുബ്ബ റാവുവിനെ റിസര്‍വ് ബേങ്ക് ഗവര്‍ണറായി നിയമിച്ചത് അതുകൊണ്ടാണ്. മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ചപ്പോള്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ തിരിച്ചെത്തിയ പളനിയപ്പന്‍ ചിദംബരത്തിനും വിശ്വാസമുണ്ടായിരുന്നു സുബ്ബ റാവുവില്‍. അതുകൊണ്ടാണ് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് 2011ല്‍ വിരമിക്കേണ്ടിയിരുന്ന സുബ്ബ റാവുവിന് കാലാവധി രണ്ട് വര്‍ഷം നീട്ടി നല്‍കിയത്. എന്നിട്ടും സുബ്ബ റാവുവെടുത്ത തീരുമാനങ്ങളില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാന്‍, അതും അദ്ദേഹം വിരമിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ചിദംബരം തയ്യാറായി.
മന്‍മോഹചിദംബരാദികള്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണ നയങ്ങളോട് തെല്ലും വിയോജിപ്പുള്ളയാളല്ല സുബ്ബ റാവു. ഇന്ത്യയുടെ സാമ്പത്തിക മന്ത്രാലയത്തെയോ രാജ്യത്തെ തന്നെയോ നയിക്കുന്ന പദവിയിലേക്കോ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ഉയര്‍ന്ന സ്ഥാനങ്ങളിലേക്കോ ആളുകളെ ക്ഷണിച്ച് പരസ്യം ചെയ്താല്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം അത്യാന്താപേക്ഷിതം എന്ന വ്യവസ്ഥ നിശ്ചയമായുമുണ്ടാകും. ഇതുള്‍പ്പെടെ മന്‍മോഹന്‍ സിംഗും ചിദംബരവും മൊണ്ടേക് സിംഗ് അലുവാലിയയുമൊക്കെ ഇച്ഛിക്കുന്ന സര്‍വയോഗ്യതകളുമുണ്ട് സുബ്ബ റാവുവിന്. എന്നിട്ടും സേവനത്തില്‍ നിന്ന് പിരിയുന്ന ദിനങ്ങളില്‍ ചിദംബരത്തിനെതിരെ സംസാരിക്കുന്നു അദ്ദേഹം. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്റെ ധനനയങ്ങളാണെന്ന് കുറ്റപ്പെടുത്തുന്നു. പ്രതിസന്ധിയില്‍ ഒറ്റക്ക് നടക്കേണ്ടിവരുന്നുവെന്ന് ഇപ്പോള്‍ വിലപിക്കുന്ന ധനമന്ത്രിക്ക്, റിസര്‍വ് ബേങ്ക് എന്ന സ്ഥാപനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ എന്ന് ഒരു നെടുവീര്‍പ്പോടെ പിന്നീട് പറയേണ്ടിവരുമെന്ന് പരിഹസിക്കുന്നു.
സംഗീതക്കച്ചേരിക്ക് ലയവിന്യാസം പ്രധാനമാണ്. വായ്പ്പാട്ടുകാരനും പക്കമേളക്കാരും ശ്രുതിയിലും ഭാവത്തിലും പൂര്‍ണമായും യോജിക്കുമ്പോഴാണ് കച്ചേരി ഏറെ ആസ്വാദ്യമാകുക. ഇവയില്‍ ഏതെങ്കിലുമൊന്ന് അല്‍പ്പം ഇടറിയാല്‍ വിന്യാസമാകെ തകരാറിലാകും. സംഗീതത്തെക്കുറിച്ച് ആഴത്തില്‍ അറിയാത്തവര്‍ക്ക് പോലും അലോസരമുണ്ടാകുകയും ചെയ്യും. ഇത്തരമൊരു അവസ്ഥയില്‍ പക്കമേളക്കാര്‍ പരസ്പരം കുറ്റപ്പെടുത്തും. പക്കമേളക്കാരുടെയൊക്കെ സഹായം ഇനിയും വേണമെന്ന് അറിയാവുന്ന വായ്പ്പാട്ടുകാരന്‍ രംഗ സംവിധാനത്തെയോ പുറത്തെ തെരുവിലുണ്ടായ വലിയ ശബ്ദകോലാഹലങ്ങളെയോ കുറ്റപ്പെടുത്തും. എവിടെയാണ് പാളിയതെന്ന് കണ്ടെത്തി, തിരുത്താന്‍ തയ്യാറാകാത്തവരാണ് ഇത്തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ നടത്തുക. അല്ലെങ്കില്‍ തിരുത്താന്‍ പാകത്തിലല്ല പാളിച്ചയെന്ന് അറിയാവുന്നവര്‍. അതുമല്ലെങ്കില്‍ സംഭവിച്ചത് പാളിച്ചയാണെന്ന് സമ്മതിക്കുന്നത്”കുറവാണെന്ന്’ കരുതുന്നവര്‍. എന്തായാലും കച്ചേരിക്ക് ബുക്കിംഗ് കുറയുക എന്നതാണ് ക്രമേണ സംഭവിക്കുക. കച്ചേരിക്കാരുടെ ജനപ്രീതി കുറയുക എന്നതും.
സാമ്പത്തിക പരിഷ്‌കരണം അതിന്റെ ശ്രുതിയും ലയവും തെറ്റാതെ (ആ ശ്രുതിയും ലയവുമാണോ രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്തുന്നതിനും ജനങ്ങളുടെ ദാരിദ്ര്യമില്ലാതാക്കുന്നതിനും വേണ്ടത് എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്) മുന്നോട്ടുപോയിരുന്ന കാലത്ത്, മൊത്തം ആഭ്യന്തര ഉത്പാദനം രണ്ടക്കത്തെ ലക്ഷ്യമിടുകയാണെന്ന് മന്‍മോഹനും കൂട്ടരും പാടിയിരുന്നു. അംബരചുംബികളായ കെട്ടിട സമുച്ചയങ്ങള്‍, ടോള്‍ പെട്ടിയില്‍ പണം നിക്ഷേപിച്ച് സഞ്ചരിക്കാവുന്ന വിശാലമായ പാതകള്‍, ധാതുക്കളുടെ ചൂഷണം സാധ്യമാക്കാന്‍ സഹസ്ര കോടികള്‍ നിക്ഷേപിക്കാന്‍ തയ്യാറായെത്തുന്ന വിദേശ കമ്പനികള്‍, ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവന് പോലും ഒഴിവാക്കാന്‍ സാധിക്കാത്ത വിധം വ്യാപകമായ മൊബൈല്‍ ഫോണ്‍ ശൃംഖലകള്‍, ഇവയിലൊക്കെക്കൂടി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ എന്നു വേണ്ട പരിഷ്‌കാരങ്ങള്‍ സമ്മാനിച്ച നേട്ടങ്ങള്‍ ഇതിന് ആധാരമായി അവര്‍ ചൂണ്ടിക്കാട്ടി. ഇവയൊക്കെ നിലനിര്‍ത്തുന്നതിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിഷ്‌കരണത്തിന്റെ വേഗം കൂട്ടണമെന്നായിരുന്നു അടുത്ത പാട്ട്.
അവകാശവാദങ്ങളുടെ അടിസ്ഥാനം തകര്‍ത്തത്, കൂടെ നില്‍ക്കുമെന്ന് പരിഷ്‌കരണക്കച്ചേരിക്കാര്‍ വിശ്വസിച്ചവര്‍ തന്നെയായിരുന്നു. സ്വന്തം പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യാ മഹാരാജ്യമെന്ന വലിയ കമ്പോളത്തെ വേണ്ടുംവണ്ണം ഉപയോഗിച്ചവര്‍, അവരുടെ നില ഭദ്രമായെന്ന് തോന്നിയപ്പോള്‍ നിക്ഷേപമൊക്കെ പിന്‍വലിച്ച് മേധാവിത്വം കുറച്ചുകൂടി ഉറപ്പിച്ചു. നിക്ഷേപം പിന്‍വലിക്കുന്ന പ്രവണത തുടങ്ങിയപ്പോഴാണ് ഇവിടുത്തെ കച്ചേരിയില്‍ താളപ്പിഴയുണ്ടായത്. അത് ജനമറിയാതെ നോക്കാന്‍ ഒരു വര്‍ഷത്തോളം ശ്രമിച്ചു. പ്രശ്‌നങ്ങള്‍ താത്കാലികമാണ്, സാമ്പത്തിക നില ഭദ്രമാണ്, നിക്ഷേപത്തിന് ഏറ്റവും അനുകൂല അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കുകയാണ് എന്ന് തുടങ്ങിയ പ്രസ്താവനകള്‍ ധനമന്ത്രി ആവര്‍ത്തിച്ചത് അതുകൊണ്ടാണ്. അത്തരം പ്രസ്താവനകള്‍ക്ക് ഇനി വിലയുണ്ടാകില്ലെന്ന തിരിച്ചറിവ് ഇപ്പോള്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ക്കും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനുമൊക്കെയുണ്ട്. അതുകൊണ്ടാണ് ധനമന്ത്രിയും ആര്‍ ബി ഐ ഗവര്‍ണറും പരസ്പരം കുറ്റപ്പെടുത്തുന്നത്. ഈ ടീമിനെ അല്‍പ്പകാലം കൂടി നയിക്കേണ്ടതുണ്ടെന്നും ആ കാലം കൊണ്ട് എന്തെങ്കിലും നിവൃത്തിയുണ്ടാകേണ്ടത് തിരഞ്ഞെടുപ്പിലേല്‍ക്കാനിടയുള്ള പരുക്കിന്റെ ആഘാതം കുറക്കാന്‍ അനിവാര്യമാണെന്നും അറിയാവുന്നതുകൊണ്ടാണ് രംഗവേദിയിലെ എതിര്‍പ്പിനെയും തെരുവിലെ ബഹളത്തെയും (സിറിയയെച്ചൊല്ലിയുള്ള പ്രതിസന്ധിയും കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഓര്‍ക്കുക) ഡോ. മന്‍മോഹന്‍ സിംഗ് പഴിക്കുന്നത്. രംഗവേദിയില്‍ ഇപ്പോള്‍ എതിര്‍പ്പുയര്‍ത്തുന്നവരും (ബി ജെ പിയും സഖ്യകക്ഷികളും) പരിഷ്‌കരണ രാഗം ആലപിക്കാന്‍ താത്പര്യമുള്ളവരാണെന്ന് അറിയാവുന്നതു കൊണ്ട് കൂടിയാണ് മന്‍മോഹന്‍ അവരെ കുറ്റപ്പെടുത്തുന്നത്.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം തുടരെ ഇടിയുന്നതും അത് സൃഷ്ടിച്ചേക്കാവുന്ന വിലക്കയറ്റവുമാണ് ജനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നത്. എന്നാല്‍ സാമ്പത്തിക നയവിശാരദന്‍മാര്‍ക്കിടയിലുള്ള തര്‍ക്കത്തിന് കാരണം, രൂപയുടെ മൂല്യശോഷണമെന്ന ലക്ഷണം പുറമേക്ക് കാണിക്കുന്ന രോഗത്തിന്റെ മാരകാവസ്ഥയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനത്തിന് താഴേക്ക് എത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍) വളര്‍ച്ചാ നിരക്ക് 4.4 ശതമാനത്തിലെത്തി. രൂപയുടെ മൂല്യം കൂടുതല്‍ ഇടിഞ്ഞ്, ഉത്പാദന വേഗം ചുരുങ്ങുകയും കയറ്റുമതി ഇടിയുകയും ചെയ്ത കാഴ്ചയാണ് രണ്ടാം പാദത്തില്‍ ഇതുവരെ (ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍) കണ്ടത്. കാലവര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിച്ചുവെന്നതാണ് പ്രതീക്ഷക്കുള്ള വകയായി പ്രധാനമന്ത്രി പോലും കാണുന്നത്. കാര്‍ഷികോത്പാദനം വര്‍ധിക്കുമന്നും അത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നിരക്കിനെ അഞ്ചര ശതമാനമെന്ന, പ്രതീക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കരുതുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അവസ്ഥയറിയാവുന്ന ആരും ഈ പ്രതീക്ഷ പുലരുമെന്ന് കരുതാനിടയില്ല.
2013- 14 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്ന ധനക്കമ്മിയുടെ 63 ശതമാനം ഇപ്പോഴേ ഉണ്ടായിരിക്കുന്നു. പന്ത്രണ്ട് മാസം കൊണ്ടുണ്ടാകുമെന്ന പ്രതീക്ഷിച്ച കമ്മിയുടെ 63 ശമതാനം നാല് മാസം കൊണ്ട് സംഭവിച്ചു. അപ്പോള്‍ ഇനിയുള്ള എട്ട് മാസം സൃഷ്ടിക്കാനിടയുള്ള ധനക്കമ്മി എത്രത്തോളമായിരിക്കും? അത് നിയന്ത്രിക്കണമെങ്കില്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കേണ്ടിവരും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കണമെങ്കില്‍ 90,000 കോടി രൂപ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പറയുന്നത്. യഥാര്‍ഥ ചെലവ് 1.13 ലക്ഷം കോടി രൂപയെങ്കിലുമാകുമെന്നാണ് കണക്ക്. മറ്റ് വിധത്തില്‍ സംഭവിക്കുന്ന കമ്മിയിലേക്ക് ഈ പുതിയ ചെലവ് കൂടി ചേര്‍ക്കുന്നതോടെ രാജ്യത്തിന്റെ സമ്പദ് സ്ഥിതി എവിടെയെത്തുമെന്ന ചോദ്യം ഉയരുന്നുണ്ട്? മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനമായി ധനക്കമ്മി നിജപ്പെടുത്തുമെന്നാണ് ധനമന്ത്രി പി ചിദംബരം ആവര്‍ത്തിക്കുന്നത്. അത് സാധിക്കണമെങ്കില്‍ നേരത്തെ പറഞ്ഞത് പോലെ ചെലവ് ചുരുക്കേണ്ടിവരും. ഭരണച്ചെലവ് മാത്രമല്ല, നിക്ഷേപച്ചെലവും നിയന്ത്രിക്കേണ്ടിവരും. അതിന് തയ്യാറായാല്‍ വിവിധ മേഖലകളിലെ വളര്‍ച്ചയെ കൂടുതല്‍ ദോഷകരമായി ബാധിക്കുക എന്നതാകും ഫലം.
ഒമ്പത് ശതമാനത്തോളം വളര്‍ച്ചാ നിരക്ക് കൈവരിക്കുകയും 2008ല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ മാന്ദ്യം നേരിട്ടപ്പോള്‍ ശക്തമായി നില്‍ക്കുകയും ചെയ്ത ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ എന്തുകൊണ്ട് അത്യാഹിത വിഭാഗത്തിലെത്തി എന്ന ചോദ്യത്തിനാണ് നേരുള്ള ഉത്തരം വേണ്ടത്. ആ ഉത്തരം പറയാന്‍ മടിക്കുന്നതു കൊണ്ടാണ് പരസ്പരം കലഹിക്കുകയോ വേദിയെ കുറ്റംപറയുകയോ ഒക്കെ ചെയ്യുന്നത്. സാധ്യമായ എല്ലാ മേഖലകളും വിദേശ മൂലധനത്തിന്റെ വിളയാട്ടത്തിന് തുറന്നു കൊടുക്കുകയും ആഭ്യന്തര മേഖലകളിലൊക്കെ ഊഹക്കച്ചവടം സാധ്യമാക്കി പണം വിളയിക്കുകയും ചെയ്തതിന്റെ ഫലമാണിതെന്ന് പറയാന്‍ മടിയുണ്ടാകുക സ്വാഭാവികം. അത്തരം കുമിളകള്‍ക്ക് ആയുസ്സുണ്ടാകില്ലെന്ന് ഊതിവീര്‍പ്പിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞിരുന്നവര്‍ക്ക്, ‘ഞങ്ങളിത് അറിഞ്ഞുകൊണ്ട് ചെയ്തതാ’ണെന്ന് പറയാന്‍ സാധിക്കുമോ? ഒരു കുമിള തകരുമ്പോഴുണ്ടാകുന്ന പ്രയാസം പരിഹരിക്കാന്‍ വലിയ മറ്റൊരു കുമിള സൃഷ്ടിക്കലാണെന്നതാണ് ഇവരുടെ സിദ്ധാന്തം. അതു നടക്കാത്തതിലുള്ള നിരാശ മൂലമാണ് പരിഷ്‌കാരങ്ങളുടെ വേഗം കൂട്ടാന്‍ നടത്തിയ ശ്രമങ്ങളെ, പാര്‍ലിമെന്റ് സുഗമമായി നടത്താന്‍ അനുവദിക്കാതെ തടഞ്ഞ പ്രതിപക്ഷത്തെ പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നത്. നിയമങ്ങളില്‍ മാറ്റം വരുത്തി പരിഷ്‌കാരവേഗം കൂട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ബദലുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയെ ധനമന്ത്രി കുറ്റപ്പെടുത്തുന്നത്. പറയുന്നതെല്ലാം ചെയ്തു കൊടുത്ത ശേഷവും പരാജയത്തിന്റെ ഉത്തരവാദിത്വം തലയിലിടുന്നതിലെ നിരാശമൂലം സുബ്ബറാവുവിന് പ്രതികരിക്കേണ്ടിവരുന്നത്.
പൊതുമധ്യത്തില്‍ ലഭ്യമാകുന്ന കണക്കുകള്‍ ആശാഹവമായ അവസ്ഥയല്ല വരഞ്ഞിടുന്നത്. വിലക്കയറ്റം, ഉത്പാദനത്തിലുണ്ടാകുന്ന ഇടിവ,് തൊഴിലവസരങ്ങളുടെ സൃഷ്ടിയിലുണ്ടാകുന്ന കുറവ്, വരുമാന ശോഷണം എന്നു തുടങ്ങി മുണ്ടുമുറുക്കിയുടുക്കേണ്ടത് അനിവാര്യമാക്കുന്ന പലതും പ്രതീക്ഷിക്കാം. ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ച പാളിച്ചകള്‍ തിരുത്താതെ മൂലധന നിക്ഷേപങ്ങളുടെ പുതിയ ഒഴുക്കിന് തോടുകീറാന്‍ പ്രധാനമന്ത്രിയും കൂട്ടരും ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും.

 

[email protected]