Connect with us

Gulf

അബുദാബിയില്‍ മത്സ്യലഭ്യത കൂടി; വിലക്കുറവ്‌

Published

|

Last Updated

അബുദാബി: തലസ്ഥാനത്ത് മത്സ്യലഭ്യതയില്‍ വര്‍ധന. മാര്‍ക്കറ്റുകളില്‍ വിവിധ ഇനം മത്സ്യങ്ങള്‍ യഥേഷ്ടം. മത്സ്യങ്ങളുടെ വിലയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുവെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു.
ദിനേന 40 ട്രിപ്പുകളിലായി 60 ടണ്‍ മത്സ്യമാണ് ശരാശരി അബുദാബിയില്‍ മാത്രം പിടിക്കുന്നത്. ഇക്കാരണത്താല്‍ മാര്‍ക്കറ്റുകളില്‍ ഏതുതരം മത്സ്യവും ഇഷ്ടാനുസരണം വാങ്ങാന്‍ കഴിയും. മുന്‍ മാസത്തെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ കുറവും വിലക്കുറവിനു കാരണമായി.
അബുദാബിയിലെ പ്രമുഖ മത്സ്യമാര്‍ക്കറ്റായ മീനാസായിദില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 20 ശതമാനം വിലക്കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ദിനേന മത്സ്യങ്ങള്‍ എത്തുന്നതിനാല്‍ പുതിയവ ലഭിക്കുന്നു.
നിലവില്‍ മത്സ്യമാര്‍ക്കറ്റുകളില്‍ വിതരണം നടത്തുന്നതിനു പുറമെ, രാജ്യത്തെ യൂനിയന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്കും നേരിട്ട് മത്സ്യങ്ങള്‍ എത്തിക്കാന്‍ തയാറെടുക്കുകയാണ് അബുദാബിയിലെ മത്സ്യബന്ധന സംഘങ്ങള്‍. ഉപഭോക്തൃ സഹകരണ യൂണിയന്റെ അനുമതി കിട്ടിയാല്‍ ഉടനെ നേരിട്ടുള്ള മത്സ്യ വിതരണം ആരംഭിക്കും. കഴിഞ്ഞ വിശുദ്ധ റമസാനില്‍ മാത്രം അബുദാബിയിലെ മത്സ്യബന്ധന സഹകരണ സംഘം 2,400 ടണ്‍ വിവിധ ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങല്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. ശരാശരി ഒരു ദിവസം 80 ടണ്‍.
രാജ്യത്ത് വ്യാപിച്ചു കിടക്കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലൂടെ വില്‍ക്കപ്പെടുന്ന സാധനങ്ങളില്‍, വിശിഷ്യാ മത്സ്യം ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കപ്പെടുന്നവക്ക് മുന്‍ഗണന നല്‍കണമെന്ന് ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിലും സാമ്പത്തിക മന്ത്രാലയത്തിലും നിരന്തരം ആവശ്യമുയര്‍ന്നതാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യബന്ധന സംഘം മത്സ്യം പിടിച്ചു നേരിട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് എത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തൊഴില്‍പരമായ സുരക്ഷ ഉറപ്പാക്കാനും മാര്‍ക്കറ്റുകളിലെ മത്സ്യ വില കൃത്യമായ വര്‍ധനവില്ലാതെ പിടിച്ചു നിര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നാണ് സഹകരണ സംഘത്തിന്റെ പ്രതീക്ഷ.

Latest