ജില്ലാ ആശുപത്രിയില്‍ ദുരിതം മാത്രം

Posted on: September 1, 2013 8:14 am | Last updated: September 1, 2013 at 8:14 am

മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ, മരുന്നോ ഇവിടെയില്ല. പരാതീനധകള്‍ക്ക് ഒട്ടും കുറവുമില്ല.
ഇപ്പോള്‍ കച്ചവടക്കടത്തിനും. മനസാക്ഷിയെ ഞെട്ടിച്ച് ജില്ലാ ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളെ പോലും കച്ചവടവടമാക്കുകയാണിവിടെ ചെയ്യുന്നത്. പോസ്റ്റു മോര്‍ട്ടം ചെയ്യാനായി ജില്ലാ ആശുപത്രിയില്‍ എത്തുന്ന മൃതദേഹങ്ങളോടാണ് ഈ ക്രൂരതകാണിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന കിറ്റില്‍ പോലും ‘ബിസിനസ് ‘ കാണുന്ന ചില ജിവനക്കാരും ഇവിടെയുണ്ട്. ഈ ജിവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കാന്‍ സദാ സന്നദ്ധമായി ആശുപത്രി പരിസരത്തെ ചില കച്ചവടക്കാരും. ഇവിടെ നടക്കുന്നതിങ്ങനെയാണ്. പോസ്റ്റുമോര്‍ട്ടം കിറ്റില്‍ ആവശ്യമില്ലാത്ത പല സാധനങ്ങളും അമിതവിലയില്‍ രോഗിയുടെ ബന്ധുക്കള്‍ക്ക് കച്ചവടക്കാര്‍ വിതരണം ചെയ്യുന്നു. ഈ കിറ്റ് മോര്‍ച്ചറിയിലെത്തുമ്പോള്‍ ആവശ്യമില്ലാത്ത സാധങ്ങള്‍ ചില ജീവനക്കാര്‍ എടുത്തുമാറ്റുകയും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഈ കടകളില്‍ തന്നെി മറിച്ച് വില്‍ക്കുകയും ചെയ്യും.
പോസ്റ്റ് മോര്‍ട്ടം ചെയ്യാനവശ്യമായ നൈലോണ്‍ നൂല്‍, സൂചി എന്നിവയും പ്ലാസ്റ്റിക് ബോട്ടില്‍, സോപ്പ്, വെള്ളത്തുണി, തോര്‍ത്ത്, പൗഡര്‍, ചന്ദനതിരി തുടങ്ങിയ സാധനങ്ങളുമാണ് ആവശ്യം. എല്ലാത്തിനും കൂടി കച്ചവടക്കാര്‍ കൊള്ള ലാഭം കൊയ്യുകയും ചെയ്യും. മിക്കവാറും ഉപയോഗിച്ച സോപ്പ് , പൗഡര്‍ എന്നിവകൊണ്ട് തന്നെയാണ് അടുത്ത മൃതദേഹവും വൃത്തിയാക്കുന്നത്.
കച്ചവടക്കാര്‍ നലകുന്ന കിറ്റിലുള്ള ഗൗസ് ഉപയോഗിക്കാതെ ആശുപത്രിയിലുള്ളവ ഉപയോഗിക്കുകയും ചെയ്യും ഉപഭോക്താവ് വാങ്ങിയ ഗൗസുകളും ആവശ്യമില്ലാത്ത മറ്റ് സാധനങ്ങളും ജിവനക്കാര്‍ തിരിച്ച് കടകളിലെത്തിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ പണം തിരികെ വാങ്ങുകയും ചെയ്യും. പോസ്റ്റുമോര്‍ട്ടത്തിനാവശ്യമായ 150 മുതല്‍ 175 രൂപവരെയുള്ള സാധനങ്ങള്‍ക്ക് 300 മുതല്‍ 400 രൂപവരെ ഈടാക്കും. ഇതില്‍ ഏറ്റവും വലിയ കൊള്ള നടക്കുന്നത് ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആശുപത്രി അധികൃതര്‍ നല്‍കുന്ന പിഎം കിറ്റിനുള്ള തുകയിലാണ്. 500 രൂപയോളമാണ് ഈ വിഭാഗത്തിലുള്ള വര്‍ കച്ചവടക്കാര്‍ ഈടാക്കുന്നത്. കാലകാലങ്ങളായി ഈ കൊള്ള ഇവിടെ തുടരുകയാണ്. ആശുപത്രി അധികൃതര്‍ക്ക് ഇക്കാര്യങ്ങളൊക്കെ അറിയാമെങ്കിലും ഈ ക്രൂരമായ കച്ചവടം കണ്ടില്ലെന്ന് നടിക്കുകയാണ്. പലപ്പോഴും മൃതദേഹങ്ങളുടെ കൂടെ വരുന്ന രോഗിയുടെ ബന്ധുക്കള്‍ ഈ പകല്‍ കൊള്ളയറിയാതെയാണ് കച്ചവടക്കാര്‍ ആവശ്യപ്പെടുന്ന പണം നല്‍കേണ്ടി വരുന്നത്.