നീലഗിരി ജൈവ മേഖലക്ക് ഇന്ന് 27 വയസ്സ്

Posted on: September 1, 2013 8:10 am | Last updated: September 1, 2013 at 8:10 am

മാനന്തവാടി: ഇന്ത്യയിലെ ആദ്യ ജൈവ മേഖലയായ നീലഗിരി ജൈവ മേഖലക്ക് ഇന്ന് 27 വയസ്സ് പൂര്‍ത്തിയാകുന്നു. 1986 സെപ്തംബര്‍ ഒന്നിനാണ് നീലഗിരി ജൈവ മേഖല രൂപികരിച്ചത്. കര്‍ണ്ണാടക, കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 5520 കിലോമീറ്റര്‍ സ്വകയറിലാണ് അതീവ ജൈവവൈവിധ്യ മേഖല സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ 1455 , കര്‍ണ്ണാടകയില്‍ 1527.4, തമിഴ്‌നാട്ടില്‍ 2537 കിലോമീറ്ററുമാണ് മേഖലയുടെ വിസ്തൃതി. 3300 വ്യത്യസ്ത ഇനം സസ്യങ്ങളും മൃഗങ്ങളുമാണ് ഉള്ളത്.ഏപ്രില്‍ 20വരെയുള്ള കണക്കുകള്‍ പ്രകാരം 100 ഇനം സസ്തനികള്‍, 350 ഇനം പക്ഷികള്‍, 80 ഉരഗ ജീവികള്‍, 39 ഇനം മത്സ്യങ്ങള്‍, 31 ഇനം ഉഭയജീവികള്‍, 316 ഇനം പൂമ്പാറ്റകളെയുമാണ് ഈ ,മേഖലയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ കടുവ, ഏഷ്യന്‍ ആന, നീലഗിരി താര്‍, എന്നിവയും ഈ മേഖലയില്‍ ധാരാളമായും ഉണ്ട്. കഴിഞ്ഞ വര്‍ഷം യുനെസ്‌കൊയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ ജൈവ മേഖലയാണ് നീലഗിരി ജൈവ മേഖല. വര്‍ഷത്തില്‍ ശരാശരി 500 മില്ലീമീറ്റര്‍ മുതല്‍ 7000 മില്ലീമീറ്റര്‍ വരെയാണ് മഴയുടെ കണക്ക്. സസ്യ വൈവിധ്യത്തിന്റെ കാര്യത്തിലും ഈ മേഖല ഏറെ സമ്പന്നമാണ്. 132 ഇനം വ്യത്യസ്ത സസ്യങ്ങള്‍ ഇവിടെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. 175 ഇനം ഓര്‍ക്കിഡുകളാണ് ഇവിടെയുള്ളത്. ഇതില്‍ എട്ടിനങ്ങള്‍ നീലഗിരിയില്‍ മാത്രമേ കാണപ്പെടുന്നുള്ളു. വന്ദ, അലിപാരിസ്, ബള്‍ബോപൈത്തിലം, സ്പിരാന്തസ്, ട്രൈസ്‌പോം, ബൈലിപ്പിസ്, എന്നി ഇനങ്ങള്‍ ഈ ജൈവമേഖലയുടെ പ്രധാന്യം വിളിച്ചറിയിക്കുന്ന ഓര്‍ക്കിഡുകളാണ്. മുതുമല, മുക്കുറുത്തി, വയനാട്, ബന്ദിപൂര്‍ എന്നിവയാണ് അതീവ സംരക്ഷിത പ്രദേശങ്ങള്‍. ജൈവ മേഖലയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഊട്ടി ഗവ: ആര്‍ട്‌സ് കോളേജില്‍ നടന്നു.ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 130ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ഇത്രയേറെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ വേണ്ട രീതിയില്‍ ഇവിടേക്ക് പതിയുന്നില്ല.