മൂല്യച്യുതിയില്‍ നിന്ന് കരകയറണം

Posted on: September 1, 2013 6:00 am | Last updated: August 31, 2013 at 10:53 pm

siraj copyവെള്ളിയാഴ്ച ലോക്‌സഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും മുഖാമുഖം നടത്തിയ വാക്പയറ്റ് ആരേയും ചിന്തിപ്പിക്കാന്‍ പോന്നതാണ്. കാര്യമാത്ര പ്രസക്തമായതിനോട് മാത്രം പ്രതികരിക്കുകയും മറ്റെല്ലാം നിര്‍വികാരനായി കേട്ടിരിക്കുകയും ചെയ്യുന്ന പതിവു പ്രധാനമന്ത്രിയെ അല്ല അന്ന് കണ്ടത്. അദ്ദേഹത്തിന്റെ ക്ഷോഭ വിസ്‌ഫോടനത്തില്‍ സഭ ഞെട്ടിത്തരിച്ചു നിന്നു. ‘സ്വന്തം മന്ത്രിസഭാംഗത്തെ പ്രധാനമന്ത്രി പരിചയപ്പെടുത്തുന്നത് പ്രതിപക്ഷം തടയുന്ന ഏത് രാജ്യമുണ്ട്. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രധാനമന്ത്രി കള്ളനാണെന്ന് പറയുന്ന ഏത് രാജ്യമുണ്ട്?’ -മന്‍മോഹന്‍ സിംഗ് ചോദിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ചയേയും സാമ്പത്തിക പ്രതിസന്ധിയേയും കുറിച്ച് ചര്‍ച്ച നടക്കുമ്പേഴായിരുന്നു നേതാക്കള്‍ തമ്മിലുള്ള അങ്കം, മന്‍മോഹന്‍ എന്ന സാമ്പത്തിക വിശാരദന്‍ അവസാനിപ്പിച്ചു പോകുന്ന ‘ഒസ്യത്തി’നെ കുറിച്ച് പ്രതിപക്ഷ നേതാവ് ജെയ്റ്റ്‌ലി നടത്തിയ പരിഹാസമാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
‘നിക്ഷേപകരില്‍ ഇന്ത്യയെക്കുറിച്ച് വിശ്വാസം വളര്‍ത്തണമെങ്കില്‍ ഉത്തരവാദിത്വമുള്ള പ്രതിപക്ഷം വേണം, സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയല്ല വേണ്ടത്.- പ്രധാനമന്ത്രി തുടര്‍ന്നു. കൊടുത്തും കൊണ്ടും നേതാക്കള്‍ നീങ്ങുന്നതിനിടയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു – ‘സര്‍ക്കാറിനെ നിലനിര്‍ത്താന്‍ ലോകത്ത് ഏത് രാജ്യത്താണ് പ്രധാനമന്ത്രി അംഗങ്ങളെ വിലക്കെടുക്കുന്നത്?.’ അതോടെ സഭാതലം ചൂടുപിടിച്ചു. നിക്ഷേപകരുടെ വിശ്വാസമാര്‍ജിക്കല്‍, വ്യാപകമായ അഴിമതി, വിവരാവകാശ നിയമം, ആക്ടിവിസം, പാര്‍ലിമെന്ററി സമിതികള്‍, കോടതികള്‍, കാണാതായ കല്‍ക്കരി ഫയലുകള്‍ തുടങ്ങിയവയെല്ലാം സഭയില്‍ ഇരുവിഭാഗവും എടുത്തുന്നയിച്ചു. ചര്‍ച്ച തീപ്പൊരി പാറുന്നതായി.
പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രധാനമന്ത്രി കള്ളനാണെന്ന് പറയുന്ന ഏത് രാജ്യമുണ്ടെന്ന മന്‍മോഹന്‍ സിംഗിന്റെ ചോദ്യം രാഷ്ട്രീയ നേതൃനിരയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. സാര്‍വത്രികമായ അഴിമതിയും കുംഭകോണങ്ങളും ദിനംപ്രതിയെന്നോണം പുറത്തു വരുമ്പോള്‍, അതിനെതിരെ സര്‍ക്കാര്‍ എന്ത് ചെയ്യുന്നുവെന്നത് പ്രസക്തമായ ചോദ്യമാണ്. അന്വേഷണവും കോടതി നടപടികളും അനന്തമായി നീളുമ്പോള്‍ കുറ്റവാളികളില്‍ പലരും രക്ഷപ്പെടുന്നു. അവര്‍ രാഷ്ട്രീയ നേതാക്കള്‍ കൂടിയാകുമ്പോള്‍, ഭരണകൂടത്തെയാകെ കുറ്റപ്പെടുത്താന്‍ പ്രജകള്‍ നിര്‍ബന്ധിതരാകുന്നു. ഇതിന് പ്രതിപക്ഷത്തെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സര്‍ക്കാറിന് വിശ്വാസ വോട്ട് നേടാന്‍ പ്രധാനമന്ത്രി അംഗങ്ങളെ വിലക്കെടുത്തത് ഏത് രാജ്യത്താണെന്ന ചോദ്യവും പ്രസക്തമാണ്. ലോക്‌സഭയിലെ മേശപ്പുറത്ത് ഹാജരാക്കപ്പെട്ട കോടികള്‍ വരുന്ന കറന്‍സി നോട്ടുകള്‍, ആര്‍ ആര്‍ക്ക് നല്‍കിയതാണെന്നും, അതിന്റെ പ്രഭവകേന്ദ്രം ഏതെന്നും ഇനിയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇതെല്ലാം വെളിവാക്കുന്ന ഒരു കാര്യമുണ്ട്. രാജ്യത്ത് രാഷ്ട്രീയമായും ധാര്‍മികമായും വന്‍ മൂല്യച്യുതി സംഭവിച്ചിരിക്കുന്നു.
ഏറ്റവും ഒടുവില്‍, ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നടന്ന ഒരു ബലപരീക്ഷണം നമുക്ക് ശ്രദ്ധിക്കാം. പ്രശ്‌നം അഴിമതി തന്നെ. 2 ജി സ്‌പെക്ട്രം ഇടപാടിലെ അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി (ജെ പി സി)യില്‍ നിന്ന് ഒഴിയേണ്ടിവന്ന രണ്ടംഗങ്ങള്‍ക്ക് പകരക്കാരെ നിശ്ചയിക്കലാണ് വിഷയം. രാജ്യസഭയിലെ അംഗത്വ കാലാവധി അവസാനിച്ചതിനാല്‍ ഡി എം കെയിലെ (ഇപ്പോള്‍ പ്രതിപക്ഷത്തിനൊപ്പം) തിരുച്ചി ശിവ, ജെ പി സി അംഗമല്ലാതായി. കേന്ദ്ര മന്ത്രിസഭയില്‍ അംഗമാക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസംഗമായ ഇ എം എസ് നാച്ചിയപ്പനും ജെ പി സി അംഗമല്ലാതായി. രണ്ടൊഴിവുകളിലേക്ക് യു പി എ സര്‍ക്കാറിനോട് കൂറ് പുലര്‍ത്തുന്നവരെ നിയമിക്കുക എന്നതില്‍ കവിഞ്ഞ ചിന്തയൊന്നും കേന്ദ്ര സര്‍ക്കാറിനില്ലായിരുന്നു. ജെ പി സി പോലുള്ള കമ്മിറ്റികളില്‍ സാധാരണ നിലയില്‍ ആളുകളെ നിശ്ചയിക്കുമ്പോള്‍ ആനുപാതിക പ്രാതിനിധ്യമാണ് മാനദണ്ഡമാക്കാറ്. പക്ഷെ അതൊന്നും പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ നിയമനം സ്വന്തക്കാര്‍ക്കാക്കിയപ്പോള്‍ ക്ഷീണം സംഭവിച്ചത് ജനാധിപത്യ മൂല്യങ്ങള്‍ക്കാണ്. പാര്‍ലിമെന്റിനോട് ബാധ്യതപ്പെട്ട ജെ പി സി അന്വേഷണം പോലും ഈ വിധം പ്രഹസനമാക്കുന്നത് ഒരു വിധത്തിലും അംഗീകരിക്കാനാകില്ല. കുംഭകോണത്തിന് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തുന്ന മുന്‍ മന്ത്രി എ രാജക്ക് ജെ പി സി മുമ്പാകെ മൊഴി നല്‍കാന്‍ അവസരം നിഷേധിച്ചത് സാമാന്യ നീതിയുടെ നിഷേധമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ധനമന്ത്രി പി ചിദംബരവും അറിയാതെ 2 ജി സ്‌പെക്ട്രം ഇടപാട് നടന്നിട്ടില്ലെന്നാണ് രേഖകള്‍ മുന്നോട്ട് വെച്ച് രാജ പറയുന്നത്. അഴിമതിക്കാര്‍ ആരായിരുന്നാലും അവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. കാരണം ഇവര്‍ കൊള്ളയടിക്കുന്നത് രാഷ്ട്ര സമ്പത്താണ്. ഭരണം കൈയാളുന്നവര്‍ ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പാലിക്കണം. എങ്കില്‍ പിന്നീട് പരാതിപ്പെടേണ്ടുന്ന അവസ്ഥ ഉണ്ടാകില്ല..