Connect with us

Gulf

കണ്ണൂര്‍ സ്വദേശി ഒരു മാസത്തോളമായി ആശുപത്രിയില്‍

Published

|

Last Updated

അല്‍ ഐന്‍: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശി ഒരു മാസത്തോളമായി ആശുപത്രിയില്‍. ഇബ്രാഹിം കുട്ടി പൊന്നന്റകത്തിന്റെ മകന്‍ തലന്റകത്ത് പള്ളത്തില്‍ സുബൈര്‍ (36) ആണ് അല്‍ ഐന്‍ ജീമി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ 25നാണ് സുബൈര്‍ അല്‍ ഐനിലെ ശരിക്കാത്തിലെ ബവാദിമാളിനോടുചേര്‍ന്നുള്ള അല്‍ ഖൈല അലങ്കാര പക്ഷി-മൃഗ-മത്സ്യ വ്യാപാര കേന്ദ്രത്തില്‍ ജോലിക്കെത്തിയത്. വിസ സ്‌ക്രീനിംഗിനു വിധേയനായപ്പോള്‍ ക്ഷയരോഗം ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ജീമി ആശുപത്രിയിലെ ക്ഷയരോഗ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ രക്തവും കഫവും പരിശോധിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുന്നതിനാല്‍ ആശുപത്രിവിടാനാകുന്നില്ലെന്ന് സുബൈര്‍ പറഞ്ഞു. യു എ ഇയില്‍ എത്തി പരിസരവും ആളുകളുമായി പരിചയവുമാകുന്നതിനു മുമ്പു തന്നെ ആശുപത്രിക്കിടക്കയിലായതിനാല്‍ പരസഹായത്തിനു ആരുമില്ലാതെ വിഷമിക്കുകയാണ് ഈ യുവാവ്. വിസ ലഭിച്ച ഉടനെ നാട്ടിലെ വിദഗ്ധരായ ഡോക്ടര്‍മാരെ കൊണ്ട് വൈദ്യപരിശോധന നടത്തി, പൂര്‍ണ ആരോഗ്യവാനാണെന്ന രേഖകള്‍ ആശുപത്രി അധികൃതരെ കാണിച്ചതായി സുബൈര്‍ പറയുന്നു.
രോഗം നിയന്ത്രണവിധേയമാകാതെ ആശുപത്രിക്ക് പുറത്ത് പോകാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചതായി സുബൈര്‍. കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വവും പേറി കടല്‍ കടന്ന ഈ യുവാവ് ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇദ്ദേഹം. പരസഹായത്തിനു മലയാളി നഴ്‌സുമാരായ തിരുവനന്തപുരം സ്വദേശികളായ റീനയും ധന്യയും പ്രീതിയുമാണ് ആശ്രയം. ഭാര്യ: സുഹ്‌റ. മക്കള്‍: സുഫൈറ (13), സിനാന്‍ (എട്ട്). മാതാവ്: കുഞ്ഞാമിന. സുബൈറിന്റെ നമ്പര്‍: 055-5027757.

Latest