ദുബൈ കോടതി ട്വിറ്റര്‍ വിസിറ്റ് സംഘടിപ്പിച്ചു

Posted on: August 31, 2013 9:28 pm | Last updated: August 31, 2013 at 9:32 pm
SHARE

ദുബൈ: കോടതിക്കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായി ദുബൈ കോര്‍ട്ട് ട്വിറ്റര്‍ വിസിറ്റ് സംഘടിപ്പിച്ചു. കോടതിക്കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള താല്‍പര്യം മുന്‍നിര്‍ത്തിയാണ് ട്വിറ്റര്‍ വിസിറ്റ് സംഘടിപ്പിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ദുബൈ കോര്‍ട്ട്‌സ് ജനറല്‍ മാനേജര്‍ ഡോ. സയീദ് ബിന്‍ ഹസീം വ്യക്തമാക്കി.
ട്വിറ്റര്‍ വിസിറ്റിന്റെ ഭാഗമായി ദുബൈ കോര്‍ട്ടിന്റെ 4,000 ഓളം വരുന്ന ട്വിറ്റര്‍ ഫോളോവേഴ്‌സിനും മറ്റ് കോടതിക്കാര്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കും കോടതി സന്ദര്‍ശിക്കാനും കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശകരെ പ്രത്യേകം സംഘമായി നിശ്ചിത സമയക്രമത്തിലാവും കോടതിക്കാര്യങ്ങള്‍ക്ക് തടസം വരാത്ത രീതിയില്‍ സന്ദര്‍ശനത്തിന് അനുവദിക്കുക. കോടതി ഉപഭോക്താക്കള്‍ക്കും സമൂഹത്തിനും കോടതിയുടെ ലക്ഷ്യവും ഉദ്യമവും എന്താണെന്ന് മനസിലാക്കാന്‍ പദ്ധതി പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. സമൂഹത്തില്‍ സമാധാനം പുലരുന്നതില്‍ കോടതികള്‍ക്ക് മഹത്തായ പങ്കുണ്ട്. കോടതികള്‍ നിലനില്‍ക്കേണ്ടത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്ക് അറിയാനും സന്ദര്‍ശനം ഉപകരിക്കും. ദേശീയവും രാജ്യന്തരവുമായ നിയമ സംവിധാനങ്ങളെക്കുറിച്ച് ഇത് അറിവ് നല്‍കും.
സമൂഹത്തിന് പക്ഷപാതമില്ലാതെ നീതി ഉറപ്പാക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് സമൂഹത്തില്‍ കോടതികള്‍ നിര്‍വഹിക്കുന്നത്. പൗരന്മാരുടേയും രാജ്യത്ത് തൊഴിലെടുക്കുന്നവരുടേയും അര്‍ഹമായ താല്‍പര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കുകയും അത് നടപ്പാക്കുകയും ചെയ്യുകയെന്നത് ചെറിയ കാര്യമല്ല. പരമാവധി വേഗത്തില്‍ ആളുകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള പരിശ്രമമാണ് ദുബൈ കോടര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഇതിനായി ഉയര്‍ന്ന നിയമജ്ഞാനവും സാങ്കേതിക വിവരവുമുള്ള ഒരു കൂട്ടം ജീവനക്കാരെയാണ് കോടതി നിയോഗിച്ചിരിക്കുന്നത്. ദുബൈ കോര്‍ട്ടിന്റെ പബ്ലിക് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ഓഫീസിന്റെ നേതൃത്വത്തിലാവും കോടതി സന്ദര്‍ശനം അനുവദിക്കുക. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ട്വിറ്ററിലൂടെ കോടതിയുമായി സംവദിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.