Connect with us

International

ഈജിപ്തില്‍ വീണ്ടും പ്രകടനങ്ങള്‍; ആറ് മരണം

Published

|

Last Updated

കൈറോ: ഈജിപ്തില്‍ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ തലസ്ഥാനമായ കൈറോയിലും മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മുര്‍സി ഭരണം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് മുഹന്‍ദിസീന്‍ ജില്ലയില്‍ നടന്ന പ്രതിഷേധത്തിലാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്.
മുര്‍സി അനുകൂലികളെ രണ്ടാഴ്ച മുമ്പ് പിന്തിരിപ്പിച്ചതിനു ശേഷം നടക്കുന്ന ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ഈജിപ്തില്‍ അരങ്ങേറുന്നത്. മുര്‍സി അനുകൂലികളെ നാസര്‍ സിറ്റിയില്‍ നിന്നും കൈറോ യൂനിവേഴ്‌സിറ്റിയുടെ അടുത്തുള്ള നഹ്ദാ ചത്വരത്തില്‍ നിന്നും ~ഒഴിപ്പിക്കാന്‍ കഴിഞ്ഞ 14ന് നടന്ന സൈനിക നടപടിയില്‍ 900 പേര്‍ മരിച്ചിരുന്നു. ജൂലൈ മൂന്നിനാണ് ഈജിപ്തിലെ ആദ്യത്തെ സിവിലിയന്‍ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ പുറത്താക്കിയത്. മുര്‍സിക്കെതിരെ പതിനായിരങ്ങളുടെ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സൈന്യം പുറത്താക്കിയത്. ജയിലില്‍ കഴിയുന്ന മുര്‍സിയുടെ പാര്‍ട്ടിയായ ബ്രദര്‍ഹുഡ് അനുയായികള്‍ക്കെതിരെ സൈന്യം ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅക്കു ശേഷം കൈറോയിലെ ശിഹാബ് റൂമി പള്ളിയില്‍ നിന്ന് 500 പേര്‍ പ്രതിഷേധവുമായി പ്രകടനം നടത്തിയിരുന്നു. “സെക്യുലര്‍ രാജ്യമല്ലാ, ഇസ്‌ലാമിക് രാജ്യമാണ് ഈജിപ്ത്” എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രതിഷേധക്കാര്‍ മുര്‍സിക്ക് അധികാരം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നഗരങ്ങളിലും തെരുവുകളിലും ആയുധസജ്ജരായ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
രാജ്യത്തെ രണ്ടാമത്തെ എറ്റവും വലിയ നഗരമായ അലക്‌സാണ്ട്രിയയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി നടന്നിരുന്നു. സമാനമായി മറ്റു പ്രധാന നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കുട്ടികളും മാതാപിതാക്കളും പൊതുജനങ്ങളും നിലവിലെ സൈനിക ഭരണത്തിനെതിരെ രംഗത്ത് വരണമെന്ന് യൂസുഫ് അല്‍ ഖര്‍ളാവി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest