Connect with us

Editorial

ഭൂമിയുടെ അവകാശികള്‍

Published

|

Last Updated

പുതിയ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമത്തിന് ലോക്‌സഭ അംഗീകാരം നല്‍കിയിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലദൗര്‍ലഭ്യം തടസ്സമാകുന്ന സാഹചര്യത്തിലാണ് യു പി എ സര്‍ക്കാര്‍ ഈ ബില്ലിന് രൂപം നല്‍കിയത്. ബ്രിട്ടീഷ് സര്‍ക്കാര്‍ 1894ല്‍ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ് നിലവിലുള്ളത.് കാലഹരണപ്പെട്ടതിനാല്‍ അത് പൊളിച്ചെഴുതണമെന്ന് കര്‍ഷക സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമീണ മേഖലയില്‍ കമ്പോള വിലയുടെ നാലിരട്ടിയും നഗരപ്രദേശങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം പ്രതിമാസ വേതനം കൂടി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമകളില്‍ 80 ശതമാനം പേരുടെയും പൊതു ആവശ്യങ്ങള്‍ക്ക് 70 ശതമാനത്തിന്റെയും സമ്മതം നേടണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു കുടുംബത്തിന് പ്രതിമാസം 3,000 രൂപ വീതം 12 മാസത്തേക്കു താത്കാലിക ജീവിതച്ചെലവും 20 വര്‍ഷത്തേക്ക് പ്രതിമാസം 2,000 രൂപ വീതം വാര്‍ഷിക വേതനവുമാണ് നല്‍കുക. ഭൂമി നഷ്ടപ്പെടുന്ന ഓരോ കുടുംബത്തിനും ജോലിയോ, ജോലി ആവശ്യമില്ലെങ്കില്‍ അഞ്ച് ലക്ഷം രൂപയോ നല്‍കാനും ബില്‍ നിര്‍ദേശിക്കുന്നു. അഞ്ച് വര്‍ഷമായി പദ്ധതി പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പകരം വീട് ലഭിക്കാനുള്ള അവകാശവുമുണ്ടായിരിക്കും.
എന്നാല്‍ ഭൂവുടമകളുടെ സമ്മതം നേടിയിരിക്കണമെന്ന വ്യവസ്ഥയില്‍ നിന്ന് നാവിക വ്യോമ സായുധ സേന, ദേശീയ സുരക്ഷ, രാജ്യരക്ഷ, സംസ്ഥാന പോലീസ്, റെയില്‍വേ, ഹൈവേ, തുറമുഖം, വൈദ്യുതി, ജലസേചനം, കല്‍ക്കരി ഖനികളുള്ള ഭൂമി തുടങ്ങി 16 പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഇത് നിയമത്തിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുമെന്ന് ഇടതുപക്ഷം ആശങ്ക പ്രകടിപ്പിക്കുന്നു. റെയില്‍വേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പ്രത്യേക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം സമര്‍പ്പിച്ച ഭേദഗതി തള്ളിയതിനാല്‍ അവര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. ബി ജെ പി നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ അവര്‍ സമര്‍പ്പിച്ച ചില നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായതിനെ തുടര്‍ന്ന് വോട്ടെടുപ്പില്‍ ബി ജെ പി ബില്ലിനെ അനുകൂലിക്കുകയുണ്ടായി.
ജനവാസം കൂടുതലുള്ള മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സാഹചര്യങ്ങളില്‍ അവിടെ സ്ഥലം കണ്ടെത്തുന്നത് ഭരണകൂട ങ്ങള്‍ക്ക് എപ്പോഴും തലവേദനയാണ്. പിറന്നുവീണ മണ്ണിനോടുള്ള വൈകാരിക ബന്ധമോ, കൃഷിയിടങ്ങള്‍ നഷ്ടപ്പെടുമെന്ന ആശങ്കയോ കാരണം ജനങ്ങള്‍ സ്ഥലം വിട്ടു കൊടുക്കാന്‍ വിസമ്മിതിക്കുന്നു. ഇത് പലപ്പോഴും സംഘര്‍ഷത്തിനും അനിഷ്ട സംഭവങ്ങള്‍ക്കും വഴിവെക്കാറുണ്ട്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ കെമിക്കല്‍ ഫാക്ടറിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധ ദേവ് സര്‍ക്കാര്‍ നടത്തിയ ശ്രമവും കര്‍ഷകരുടെ ചെറുത്തുനില്‍പ്പും തുടര്‍ന്ന് 2006 മാര്‍ച്ച് 14 ന് നടന്ന 15 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പുമെല്ലാം രാജ്യത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളാണ്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി വിട്ടുകിട്ടാതെ തരമില്ല. ഭൂമി നല്‍കുന്ന കര്‍ഷകരുടെയും ഉടമകളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. പലപ്പോഴും വികസനാവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുകയും സമ്പന്നരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണെന്ന് പരാതിയുണ്ട്. ഭൂമി ഏറ്റെടുക്കാന്‍ കാണിക്കുന്ന ഉത്സാഹം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കാണാറുമില്ല. ഭൂമി ഏറ്റെടുത്തു വളച്ചുകെട്ടി പ്രത്യേകാവകാശ മേഖലകളാക്കുമ്പോള്‍ ആ പ്രദേശത്തെ ആവാസ വ്യവസ്ഥക്കും പാരിസ്ഥിതിക ഘടനക്കും വരുത്തുന്ന ആഘാതങ്ങളും ഗൗരവപൂര്‍വം പരിഗണിക്കാറില്ല. പുതിയ ബില്ലില്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുകയും കുടിയൊഴിപ്പക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷണീയമായ പ്രതിഫലവും ബദല്‍ സംവിധാനങ്ങളും നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ടെന്നത് ആശ്വാസകരമാണ്.

Latest