Connect with us

Wayanad

തൊഴിലുറപ്പിലെ കൃത്രിമം ഓബുഡ്‌സ്മാന്‍ കണ്ടെത്തി

Published

|

Last Updated

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ തൊഴിലുറപ്പില്‍ കൃത്രിമം നടന്നതായി ഓബുഡ്‌സ്മാന്‍ കണ്ടെത്തി.
റോഡിനിരുവശവും നീര്‍ചാലുകള്‍ വൃത്തിയാകാനുള്ള എസ്റ്റിമേറ്റ് ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഞ്ച് കുടുംബങ്ങള്‍ക്കാണ് വാര്‍ഡ്‌മെമ്പറുടെ നേതൃത്വത്തില്‍ വഴിവിട്ട സഹായം ചെയ്ത് കൊടുത്തത്. തൊഴിലുറപ്പ് ജോലിയില്‍ പെടാത്ത കാലവര്‍ഷത്തില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കല്‍ പദ്ധതി വാര്‍ഡ് മെമ്പറുടേയും തൊഴിലുറപ്പ് മേറ്റിന്റേയും സ്വന്തക്കാര്‍ക്ക് ചെയ്ത് കൊടുക്കുകയായിരുന്നു. അഞ്ചുവീടുകളില്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ജൂലൈ മാസം ഒന്‍പത് മുതല്‍ 13ാം തിയ്യതി വരെ 78 പ്രവര്‍ത്തി ദിനങ്ങള്‍ ഉപയോഗപ്പെടുത്തി മണ്ണ് നീക്കം ചെയ്യുകയാണ് ഉണ്ടായത്. സ്വന്തക്കാര്‍ക്ക് വേണ്ടി വഴിവിട്ട് തൊഴുലുറപ്പ് പദ്ധതിയെ ദുരുപയോഗം ചെയ്തതായി ഓബുഡ്‌സ്മാന്‍ കണ്ടെത്തി. ഇതുകൊണ്ട് തന്നെ 78 പ്രവര്‍ത്തിദിനങ്ങളുടെ കൂലിയായ 12792 രൂപ പഞ്ചായത്ത് മറ്റ് ഫണ്ട് ഉപയോഗിച്ച് തൊളിലാളികള്‍ക്ക് നല്‍കാനും, തൊഴിലുറപ്പ് മേറ്റിനെ പിരിച്ചു വിടാനും നിര്‍ദ്ദേശിച്ചു.
കൂടാതെ 14ാം വാര്‍ഡ് മെമ്പര്‍ ജോസ് കൈനിക്കുന്നേലിനോട് വിശദീകരണവും ആവശ്യപ്പെട്ടു. എന്നാല്‍ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് തൊഴിലുറപ്പ് കൂലി നല്‍കാന്‍ ആവില്ല എന്ന നിലപാടിലാണ് പഞ്ചായത്ത്. തൊഴിലുറപ്പ് മേറ്റ് ആയിരുന്ന ബബിത വാര്‍ഡ് മെമ്പറുടെ നിര്‍ദ്ദേശ പ്രകാരമാണ് തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ഓബുഡ്‌സ്മാന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു. മുതിരേരി സ്വദേശി എ വി ഷാജിയുടെ പരാതി പ്രകാരമാണ് ഓബുഡ്‌സ്മാന്‍ അന്വേഷണം ആരംഭിച്ചത്.