ജനങ്ങളെ വിഡ്ഢികളാക്കുന്ന സര്‍വകക്ഷി യോഗങ്ങള്‍

Posted on: August 30, 2013 12:59 am | Last updated: August 30, 2013 at 12:59 am
SHARE

മുല്ലപ്പെരിയാറില്‍ പുതിയ ഡാം, പുതിയ കരാര്‍ എന്നത് കേരളത്തിലെ സര്‍വകക്ഷിയോഗ തീരുമാനവും കേരള നിയമസഭയില്‍ കക്ഷിഭേദമന്യേ എല്ലാ സമാജികരുടെയും തീരുമാനവുമായിരുന്നു. ഈ തീരുമാനത്തിന് മുമ്പ് ഇന്നത്തെ യു ഡി എഫ് മന്ത്രിസഭയിലെ ജലവിഭവ മന്ത്രി ദൃശ്യമാധ്യമങ്ങളിലൂടെ ജനവികാരം ഇളക്കിവിടുന്ന രീതിയില്‍ ചില ആംഗ്യങ്ങളും മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെയും കുറിച്ച് വിവരിച്ചു. ജനങ്ങള്‍ ഭയവിഹ്വലരായി. നാടുനീളെ മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതികള്‍ മുളച്ചുപൊങ്ങി. ഡാം പൊട്ടിയാല്‍ ഉണ്ടാകുന്ന വെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ച് അറബിക്കടലില്‍ എത്താനിരിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകളെയോര്‍ത്ത് ദുഃഖവും സഹതാപവും ഒഴുക്കിവിട്ട് മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ സമിതികളുടെ നിരാഹാര സത്യഗ്രഹ സമരങ്ങള്‍ കേരളം മുഴുവന്‍ രൂപംകൊണ്ടു. തമിഴ്‌നാട് മുഖ്യമന്ത്രി അതു കണ്ട് ഹിന്ദു പത്രത്തില്‍ മുഴുവന്‍ പേജ് പ്രസ്താവന കൊടുത്തു. ഡാം സുരക്ഷിതമാണെന്നും ആശങ്കക്ക് ഇടയില്ലെന്നും അവര്‍ വ്യക്തമാക്കുകയും കേരളത്തിലെ ചില പ്രാദേശിക പാര്‍ട്ടികളുടെ സ്വാര്‍ഥതാത്പര്യവും ജനവഞ്ചനാപരവുമായ ചില നിലപാടുകള്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ വിഷയത്തിലെ ആശങ്കകള്‍ക്ക് കാരണമെന്നും അവര്‍ വ്യക്തമാക്കി. കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ചെക്ക്‌പോസ്റ്റുകളിലും സംഘര്‍ഷങ്ങള്‍ വരെ ഉണ്ടാകുകയും പരിഹാരവുമായി സര്‍വകക്ഷി യോഗം കൂടുകയും നിലവിലെ മുല്ലപ്പെരിയാര്‍ ഡാമിന് താഴെ പുതിയ അണക്കെട്ട് എന്ന നിര്‍ദേശവും പുതിയ കരാര്‍ എന്നതും തീരുമാനങ്ങളായി. ഒരുപക്ഷേ, ലോകത്ത് പഠനങ്ങളോ വിശകലനങ്ങളോ കൂടാതെ ഒരു നിയമസഭ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രം തീരുമാനിക്കേണ്ട പുതിയ ഡാം എന്ന പരിഹാര നിര്‍ദേശം പാസാക്കുന്നത് ചരിത്രത്തില്‍ ആദ്യമായി കേരളത്തിലായിരിക്കും. പുതിയ ഡാം പണിതീരുവാന്‍ ഒരു പതിറ്റാണ്ടെങ്കിലും കുറഞ്ഞത് എടുക്കും എന്ന തിരിച്ചറിവില്ലാത്തവരാണ് സംസ്ഥാനത്തെ സാമാജികരെന്ന് ആരും കരുതുന്നില്ല. പുതിയ ഡാം എന്നതും പുതിയ കരാറെന്നതും ഒരു കാരണവശാലും തമിഴ്‌നാട് അംഗീകരിക്കില്ലെന്നും അവര്‍ക്കറിയാമായിരുന്നു. എന്നിട്ടും പുതിയ ഡാം എന്നതും പുതിയ കരാറെന്നതും സര്‍വകക്ഷി തീരുമാനമായി. നിയമസഭാ തീരുമാനമായി. ഡാം പണി തീരുന്നതുവരെ മുല്ലപ്പെരിയാര്‍ ഡാമിന് താഴെ താമസിക്കുന്നവരുടെ ഭയാശങ്കകള്‍ എങ്ങനെ തീര്‍ക്കാമെന്ന് ഒരു സമാജികനും മന്ത്രിയും പറഞ്ഞില്ല. പാര്‍ട്ടി അണികളെയും പൊതുജനത്തെയും വ്യക്തമായി വഞ്ചിക്കുന്ന ഒരു തീരുമാനമായിരുന്നു സര്‍വകക്ഷി യോഗത്തിന്റെത്. ഇപ്പോഴിതാ വീണ്ടും കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, എറണാകുളം ജില്ലകളിലെ ജനങ്ങളെ വിറപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ദിനംപ്രതി ഉയരുന്നു. സര്‍വകക്ഷി യോഗ തീരുമാനത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളൊന്നും അനങ്ങിയില്ല. ജലമില്ലാതെ ഒരു വേനല്‍ കടന്നുപോയി. സര്‍വകക്ഷി യോഗം ചേര്‍ന്നില്ല. മഴക്കാലത്ത് ജലനിരപ്പ് വീണ്ടും ഉയരുമെന്നറിഞ്ഞിട്ടും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉറക്കം നടിച്ചു. ചര്‍ച്ചകളോ പരിഹാരമാര്‍ഗങ്ങളോ ആരും മുന്നോട്ടുവെച്ചില്ല.
മുല്ലപ്പെരിയാറിന്റെ പഴക്കം, തമിഴ്‌നാടിന്റെ സമീപനം, പ്രധാനമന്ത്രി ഇടപെടാതിരിക്കുന്നത് തുടങ്ങി പ്രശ്‌നങ്ങള്‍ ഒട്ടനവധിയാണ്. സര്‍വകക്ഷിയോഗ തീരുമാനം നടപ്പിലാക്കുന്നതിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ വരുത്തിയ കുറ്റകരമായ അനാസ്ഥ ഒരിക്കലും ചര്‍ച്ചയാകില്ല. ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നില്ല. കഴിഞ്ഞുപോയ വേനലില്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താതെ ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയെ ഇടപെടുവിക്കാനോ തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാനോ വേണ്ടത്ര പരിശ്രമവും ഒരു കക്ഷിയും നടത്തിയില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഭയവിഹ്വലരായ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി സര്‍വകക്ഷി യോഗങ്ങള്‍ വീണ്ടും നടക്കും. ജനങ്ങള്‍ വീണ്ടും വഞ്ചിതരാകും. ഇവര്‍ക്കെല്ലാം ജനങ്ങളുടെ വോട്ട് മാത്രം മതി. ജനങ്ങളുടെ യഥാര്‍ര്‍ഥ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് താത്പര്യമില്ലെന്ന് സാരം.
പ്രശസ്തമായ മറ്റൊരു സര്‍വകക്ഷിയോഗം ദേശീയ പാത 30 മീറ്റര്‍ വേണോ അതോ 45 മീറ്റര്‍ വേണോ എന്ന് തീരുമാനിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നാഷനല്‍ ഹൈവേ 47നും 17നും ഇരുവശവുമുള്ള യോഗത്തില്‍ പങ്കെടുത്ത സാധാരണ ആളുകളുടെ പ്രതിനിധികളെ ഒന്നാകെ നിരാശപ്പെടുത്തി സര്‍വകക്ഷിയോഗം ദേശീയപാതകള്‍ 45 വേണമെന്ന് ശഠിച്ചു. 45 മീറ്ററല്ലെങ്കില്‍ കേന്ദ്രം പാത വികസിപ്പിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു നിര്‍ബന്ധം. പക്ഷേ, കുടിയൊഴിപ്പിക്കേണ്ടവരെ എങ്ങനെ പുനരധിപ്പിക്കുമെന്നോ, നഷ്ടപരിഹാര തുക എത്രയെന്നോ തീരുമാനിച്ചില്ല. സാധാരണ ജനങ്ങളെ വഞ്ചിച്ച് വഴിയോരത്തുനിന്ന് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് (തട്ടിയെടുത്ത്) വന്‍കിടക്കാര്‍ക്ക് ബി ഒ ടി അടിസ്ഥാനത്തില്‍ റോഡും കച്ചവട സ്ഥാപനങ്ങളും ഉണ്ടാക്കാന്‍ വിട്ടുകൊടുക്കുകയെന്നതായിരുന്നു പദ്ധതി. റോഡ് വീതികൂട്ടുകയെന്നതിന്റെ ശരിയായ അപ്രഖ്യാപിത ലക്ഷ്യം അതായിരുന്നു. ഈ ലക്ഷ്യം നടത്തിക്കൊടുത്താല്‍ സര്‍വകക്ഷികള്‍ക്കും കിട്ടാനുള്ളത് വന്‍ കമ്മീഷനാണ്.
റോഡിന്റെ വീതി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം എന്ന കാര്യം ജനങ്ങളില്‍ നിന്ന് മറച്ചുവെച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് ഒത്താശ ചെയ്തുകൊടുക്കാന്‍ സര്‍വകക്ഷി യോഗം കൂട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെ കേന്ദ്ര പൊതുമരാമത്ത് മന്ത്രി കേരളത്തില്‍ വന്ന് ദേശീയപാതയുടെ വീതി 30 മീറ്ററോ, 45 മീറ്ററോ ആക്കുന്നത് സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാമെന്ന് വെളിപ്പെടുത്തിയപ്പോഴാണ് ദേശീയ പാതയുടെ പേരില്‍ ജനങ്ങളെ തെരുവിലിറക്കി വഴിയാധാരമാക്കി വിലപേശാന്‍ സര്‍വകക്ഷി യോഗം തീരുമാനിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. സാധാരണക്കാരില്‍ നിന്ന് തുച്ഛമായ വിലനല്‍കി റോഡ് വീതികൂട്ടുകയെന്ന ലക്ഷ്യം ധരിപ്പിച്ച് കുത്തകകള്‍ക്ക് പതിറ്റാണ്ടുകളോളം പാട്ടത്തിന് നല്‍കാനായിരുന്നു സര്‍വകക്ഷി യോഗത്തിന്റെ പ്ലാന്‍.
കൊച്ചി നഗരത്തിലെ മാലിന്യനീക്കവും ബ്രഹ്മപുരത്തും കടമ്പ്രയാര്‍, ചിത്രപുഴ എന്നീ നദികളിലും മറ്റുമുള്ള മലിനീകരണവും കണക്കിലെടുത്ത് ഒരു സര്‍വകക്ഷി യോഗം നടന്നു. നഗരമാലിന്യം ഗ്രാമപ്രദേശത്ത് കൊണ്ടുവന്ന് നിക്ഷേപിക്കുന്നതിനെതിരെയാണ് ജനം ശബ്ദം ഉയര്‍ത്തിയത്. സര്‍വകക്ഷി യോഗം പ്രശ്‌നപരിഹാരത്തിന് കമ്മിറ്റി രൂപവത്കരിച്ചു. എല്ലാം ആഴ്ചകള്‍ക്കുള്ളില്‍ ‘പരിഹരിക്കപ്പെട്ടു’. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കും, മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കും എന്നൊക്കെ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഒന്നും സംഭവിച്ചില്ല. കൊച്ചിയിലെ മാലിന്യപ്രശ്‌നം അതേപടി നിലനില്‍ക്കുന്നു. കടമ്പ്രയാറും ചിത്രപുഴയും ബ്രഹ്മപുരവും ചീഞ്ഞുനാറുന്നു. പ്ലാന്റ് നടത്തിപ്പുകാര്‍ കാണേണ്ടവരെ കാണേണ്ട പോലെ കണ്ടുകൊണ്ടിരിക്കുന്നു. വിഡ്ഢികളായ ജനങ്ങളുടെ എണ്ണം മാത്രമേ ഇനി അറിയാനുള്ളൂ.
കേരളത്തിലെ നദികളിലെ മണല്‍ വാരലിന് നിയന്ത്രണമേര്‍പ്പെടുത്താനും ആയിരക്കണക്കിന് മെറ്റല്‍ ക്രഷറുകളും പാറമടകളും നിയന്ത്രിക്കാനും വേണ്ടി കേരളമൊട്ടാകെ സര്‍വകക്ഷി യോഗങ്ങള്‍ നടന്നു. പ്രശ്‌നപരിഹാരമായി പരിസ്ഥിതി സൗഹൃദമായി പുഴമണല്‍ വാരാനും പാറ പൊടിക്കാനും തീരുമാനിച്ച് ജനങ്ങളെ വിഡ്ഢികളാക്കി. ജനനിബിഡ സ്ഥലങ്ങളില്‍ മെറ്റല്‍ ക്രഷറുകളും പാറമടകളും യഥേഷ്ടം സര്‍വകക്ഷി യോഗങ്ങളുടെ പിന്‍ബലത്താല്‍ തുടര്‍ന്നുവരുന്നു എന്നത് യാഥാര്‍ഥ്യമാണ്. എഴുപത് ഡിഗ്രി ചരിവിലും റോഡാര്‍ട്ടുകള്‍ നിര്‍മിച്ചും വനഭൂമി തരിശാക്കിയും ആയിരക്കണക്കിന് പാറമടകള്‍ സ്ഥാപിച്ചും കുന്നിടിച്ചും നഗരവത്കരണം നടത്തിയും സംവഹനശേഷിക്ക് മുകളില്‍ അണക്കെട്ടുകള്‍ നിര്‍മിച്ചും പശ്ചിമഘട്ടം നശിക്കുന്നു എന്ന റിപ്പോര്‍ട്ടെഴുതിയ പ്രൊഫ. ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരെയും സര്‍വകക്ഷിയോഗം നടന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് സര്‍വകക്ഷിയോഗം അസന്ദിഗ്ധമായി പ്രഖ്യാപിച്ച് പശ്ചിമഘട്ട നാശത്തിന് കൂട്ടുനിന്നു. ഇന്നിതാ മലവെള്ളപ്പാച്ചിലില്‍, ഉരുള്‍ പൊട്ടലില്‍ ഹൈറേഞ്ച് നടുങ്ങുന്നു. വനം വെട്ടിയുണ്ടാക്കിയ റോഡ് ഉപയോഗശൂന്യമായിരിക്കുന്നു. സംരക്ഷിത വനഭൂമി പോലും സ്വന്തമാക്കിയവര്‍ക്ക് പട്ടയം നേടിക്കൊടുക്കാനുള്ള കുത്സിതശ്രമങ്ങളുടെ ഭാഗമായി സര്‍വകക്ഷിയോഗം തീരുമാനമെടുത്തു. പ്രാദേശിക പാര്‍ട്ടികള്‍ പട്ടയമെന്ന വ്യാമോഹം നല്‍കി ജനങ്ങളെ കൂടെനിര്‍ത്തി. ഗാഡിഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പശ്ചിമഘട്ടം സംരക്ഷിക്കണമന്ന് പറഞ്ഞപ്പോള്‍ സര്‍വകക്ഷിയോഗം അത് അറബിക്കടലിലെറിയുമെന്നായി.
തുടര്‍ച്ചയായ മഴയില്‍ ഹൈറേഞ്ച് ഒറ്റപ്പെട്ടപ്പോള്‍, പേമാരിയില്‍ മരണസംഖ്യ കൂടിയപ്പോള്‍, തീഷ്ണമായ ഉരുള്‍പൊട്ടലില്‍ റോഡുകള്‍ തന്നെ ഒലിച്ച് ഇല്ലാതായിട്ടുപോലും സര്‍വകക്ഷി താത്പര്യക്കാര്‍ മാത്രം മാറ്റമില്ലാതെ തുടരുന്നു. നാട് നശിച്ചാലും ജനങ്ങള്‍ക്ക് ദുരിതം ഏറിയാലും പ്രദേശിക പാര്‍ട്ടികളുടെ നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുകയെന്നതാണ് ഗാഡിഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയുള്ള സര്‍വകക്ഷി യോഗത്തിന്റെ വികാരം. പാട്ടക്കരാര്‍ അനുസരിച്ച് കാലാവധി തീര്‍ന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്ത് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടുന്ന കാര്യത്തിലും ഭൂരഹിതരായ ദളിത്-ആദിവാസികളുടെ ഭൂമി അവര്‍ക്ക് നല്‍കുന്ന കാര്യത്തിലും സര്‍വകക്ഷി യോഗങ്ങള്‍ നിഷേധാത്മക നിലപാടാണ് എടുത്തുവരുന്നത്. നിയമവിരുദ്ധമായി ബോള്‍ഗാട്ടിക്ക് സമീപം മുളവുകാട് ദ്വീപില്‍ പോര്‍ട്ട് ട്രസ്റ്റ് നികത്തിയെടുത്ത ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ നടപടിയുടെ കാര്യത്തിലും ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ഭിന്നഭിപ്രായമില്ലെന്നത് കേരള ജനതയുടെ ശാപമായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തി വികസനം കൊണ്ടുവരുന്ന കാര്യത്തിലും കക്ഷിരാഷ്ട്രീയത്തിനതീതമായ സഹകരണമാണ് നടക്കുന്നത്. കായല്‍ കൈയേറ്റങ്ങള്‍, പുഴയോര കൈയേറ്റങ്ങള്‍, കടല്‍തീര കൈയേറ്റങ്ങള്‍, പാടശേഖരങ്ങളുടെ നികത്തല്‍, മണ്ണെടുപ്പ്, മണലെടുപ്പ്, കുന്നിടിക്കല്‍ എന്നിവക്കെല്ലാം കൊടിയുടെ നിറങ്ങള്‍ക്കുമപ്പുറത്ത് നാട് നശീകരണത്തിനായി കൈകോര്‍ക്കുന്ന പാര്‍ട്ടികളെയാണ് കേരളം കാണുന്നത്. ടി പി ചന്ദ്രശേഖരന്‍ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ വന്ന മാന്ദ്യത സോളാര്‍ കേസിന്റെ അന്വേഷണത്തിലും ഭരണം മാറുമ്പോള്‍ സംഭവിക്കുമെന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ തെറ്റുപറയാനാകില്ല. എല്ലാം ഒരു പരസ്പര സഹായ സഹകരണ സംഘം. എല്‍ ഡി എഫിനെതിരെയുള്ള കേസുകളുടെ നടത്തിപ്പില്‍ യു ഡി എഫും യു ഡി എഫിനെതിരെയുള്ള കേസുകള്‍ എല്‍ ഡി എഫും ഒതുക്കിതീര്‍ത്താല്‍ എല്ലാം ശുഭാവസാനിയാകും. ഇവിടെ സര്‍വകക്ഷിയോഗങ്ങള്‍ക്കുമപ്പുറം ഒന്നും സംഭവിക്കില്ലെന്ന് ഉറച്ചുവിശ്വസിക്കാം. യോഗതീരുമാനങ്ങള്‍ രാഷ്ട്രീയ ‘കക്ഷികള്‍’ക്ക് മാത്രം അനുകൂലമാകുമെന്ന് നിശ്ചയിച്ചുറപ്പിക്കാം. കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.