ഉമ്പര്‍നാട് ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

Posted on: August 29, 2013 3:06 pm | Last updated: August 29, 2013 at 3:10 pm

murderമാവേലിക്കര: ഉമ്പര്‍നാട് ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ. ഉമ്പര്‍നാട് വലിയവിളയില്‍ സന്തോഷ്‌കുമാര്‍ (35)നാണ് വധശിക്ഷ ലഭിച്ചത്. മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി എം ആര്‍ അനിതയാണ് കേസില്‍ വിധി പറഞ്ഞത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

2006 ജൂണ്‍ 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഉമ്പര്‍നാട് സുരേഷ്ഭവനില്‍ സുരേഷ് (34), ബന്ധു മുതുകുളം വടക്ക് പ്രസന്ന ഭവനത്തില്‍ പ്രസന്നന്‍ (33) എന്നിവരെ പ്രതി സന്തോഷ്‌കുമാര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

മാവേലിക്കര റെയില്‍വെ സ്‌റ്റേഷന്‍ തെക്ക് വീടിനോട് ചേര്‍ന്ന് സുരേഷ് നടത്തിയിരുന്ന കടയില്‍നിന്ന് പ്രതി സിഗരറ്റ് കടംവാങ്ങിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. അമ്പത് പൈസ കടം ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.