Connect with us

Kasargod

ജയില്‍ ചാടിയ തെക്കന്‍ രാജന്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍നിന്ന് തടവുചാടിയ തെക്കന്‍ രാജന്‍ (62) പോലീസ് പിടിയിലായി. ഇന്നലെയാണ് ആദൂര്‍ പോലീസ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍വെച്ച് ഇയാളെ പിടികൂടിയത്.

കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടയിലാണ് കോട്ടയം മുണ്ടക്കയ്യം സ്വദേശിയും ബോവിക്കാനം എട്ടാം മൈല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ തെക്കന്‍ രാജന്‍ എന്ന രാജന്‍, മഞ്ചേശ്വരം കണ്വതീര്‍ത്ഥ ഹൊസബെട്ടു ജാറം ഹൗസിലെ മുഹമ്മദ് റഷീദ് (32), മഞ്ചേശ്വരം കൊടലനുഗറു ദൈഗോളിയിലെ മുഹമ്മദ് ഇഖ്ബാല്‍(32), കാറഡുക്ക കര്‍മ്മംതൊടി കാവുങ്കാലിലെ രാജേഷ്(34) എന്നിവരാണ് തടവുചാടിയത്. ഇതില്‍ മുഹമ്മദ് ഇഖ്ബാല്‍ തടവുചാടി മണിക്കൂറുകള്‍ക്കകം പിടിലായിരുന്നു. മറ്റുള്ള മൂന്നുപേര്‍ മുളിയാര്‍, കാറഡുക്ക വനംമേഖലയില്‍ ഒരാഴ്ചയോളം ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ രാജേഷ് പോലീസ് പിടിയിലായി. മറ്റുള്ള രണ്ടുപേരും സമര്‍ത്ഥമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ പോയിയെങ്കിലും മുഹമ്മദ് റഷീദിനെ കര്‍ണാടകയില്‍വെച്ച് പോലീസ് പിടികൂടി. എന്നാല്‍, തെക്കന്‍ രാജനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ജയില്‍ വാര്‍ഡനെ അടിച്ചു വീഴ്ത്തി നാലുപേരും തടവുചാടിയത്. തെക്കന്‍ രാജനെ ആദൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കാസര്‍കോട്ടെത്തിച്ച് ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സി ഐ പറഞ്ഞു.